മംഗലംഡാം കുടിവെള്ള പദ്ധതി: റോഡുകൾ വെട്ടിപ്പൊളിച്ചുള്ള പൈപ്പിടൽ ജനത്തിന് ദുരിതം
1337380
Friday, September 22, 2023 1:40 AM IST
വടക്കഞ്ചേരി: മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാനായി റോഡുകൾ വെട്ടിപൊളിച്ചത് പഞ്ചായത്തുകൾക്കും പൊതുമരാമത്ത് വകുപ്പിനും വലിയ ബാധ്യതയായതിനൊപ്പം വഴി നടക്കാനാകാതെ ജനങ്ങളും ദുരിതത്തിൽ. ഈയടുത്ത കാലത്തായി ടാറിംഗ് നടത്തിയവ ഉൾപ്പെടെ മിക്കവാറും റോഡുകളും വെട്ടിപൊളിച്ചാണ് പൈപ്പിടൽ നടത്തിയത്.
നന്നേ വീതികുറഞ്ഞ ഗ്രാമീണ റോഡുകളുടെ സ്ഥിതിയാണ് ഏറെ ശോചനീയമായത്. ജെസിബിയുടെ സഹായത്തോടെ ചാല് എടുത്തപ്പോൾ ബലകുറവുള്ള ടാറിംഗിൽ വിള്ളൽ രൂപപ്പെട്ട് അടർന്ന് നീങ്ങി തകർന്നു.
പാതയോരത്ത് ആഴത്തിലുള്ള ചാൽ നിർമിച്ചതിനാൽ പലയിടത്തും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലാണിപ്പോൾ. വാഹനങ്ങൾ ചാലിൽ കുടുങ്ങി അപകടങ്ങളും പെരുകി. മഴമാറിയാൽ ഇനി പൊടിനിറഞ്ഞ് റോഡ് സൈഡിലെ വീട്ടുകാർക്കൊന്നും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാകും.
തകർന്നു കിടക്കുന്ന റോഡുകളുടെ മെയിന്റനൻസ് വർക്കുകൾക്ക് ഫണ്ട് കണ്ടെത്തേണ്ട സ്ഥിതിയാണ് പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകൾക്കുള്ളത്. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാലു പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കുന്നതാണ് മംഗലംഡാം കുടിവെള്ള പദ്ധതി.
ഒന്നര ലക്ഷത്തിലധികം ആളുകൾക്ക് പ്രതിദിനം ആളോഹരി 100 ലിറ്റർ ശുദ്ധജലമാണ് പദ്ധതി വഴി വിഭാവനം ചെയ്യുന്നത്. പദ്ധതിക്കായുള്ള മെയിൻ ടാങ്കുകളുടെ പണികൾ മംഗലംഡാം ബംഗ്ലാകുന്നിൽ അന്തിമഘട്ടത്തിലാണ്.എന്നാൽ ഇതിനൊക്കെയുള്ള വെള്ളം ഡാമിൽ ഉണ്ടാകുമോ എന്ന ആശങ്കക്ക് ഇനിയും ഉത്തരമില്ല. ഡാമിലെ മണ്ണ് നീക്കുന്ന പ്രവൃത്തികൾ രണ്ട് വർഷത്തോളമായി മുടങ്ങിയിരിക്കുകയാണ്.
യഥാസമയം മണ്ണ് നീക്കം ചെയ്ത് പദ്ധതി നടപ്പിലാക്കാനുള്ള വേഗതയൊന്നും എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
മണ്ണ് നീക്കം ചെയ്ത് വെള്ളം സംഭരിക്കാനായാൽ മാത്രമെ കുടിവെള്ള പദ്ധതിക്കും വെള്ളമുണ്ടാകൂ. അതല്ലെങ്കിൽ മഴക്കാല മാസങ്ങളിൽ മാത്രം ജല വിതരണം നടത്തി വെള്ളത്തിന് കൂടുതൽ ആവശ്യം വരുന്ന വേനൽ മാസങ്ങളിൽ മറ്റു വഴികൾ തേടേണ്ട ഗതികേട് വരും.
ജൂൺ മാസം ഒടുവിലോ ജൂലൈയിലോ വെള്ളം നിറഞ്ഞ് തുറക്കാറുള്ള മംഗലംഡാം സെപ്റ്റംബർ ഒടുവിലും ജലനിരപ്പ് പരമാവധി എത്തുന്നതേയുള്ളു. ഇനി രണ്ടാംവിള നെൽകൃഷിക്കായി കൂടുതൽ വെള്ളം വിടേണ്ടി വന്നാൽ ഡാം വറ്റുന്ന സ്ഥിതിയിലാകും. ജലലഭ്യത ഉറപ്പുവരുത്താനായില്ലെങ്കിൽ 130 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മംഗലംഡാം കുടിവെള്ള പദ്ധതിയും പൈപ്പിടലിൽ ചുരുങ്ങും.വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാതെ വീടുകളിൽ ടാപ്പ് സ്ഥാപിക്കൽ വരെ നടത്തിയിരിക്കുകയാണ്.