ശവസംസ്കാരം നടത്താൻപോലും വഴിയില്ലാതെ പട്ടാമ്പി നഗരസഭ!
1336605
Tuesday, September 19, 2023 12:51 AM IST
ഷൊർണൂർ: പട്ടാമ്പി നഗരസഭയുടെ പൊതുശ്മശാനം ഉപയോഗരഹിതം. ശവ സംസ്കാരം നടത്താൻ പട്ടാമ്പിക്കാർ അലയണം. ശ്മശാനം കൊണ്ട് ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ് നാടിന്.
ശ്മശാനം അടുത്തുള്ളത് ജനജീവിതത്തെ ബാധിക്കുന്നെന്ന പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് ഹൈക്കോടതിയിൽ നടന്നിരുന്ന കേസ് ചർച്ചചെയ്ത് തീരുമാനമെടുക്കാൻ കളക്ടർക്ക് വിട്ടിരുന്നു.
ഇതിന്റെ ഭാഗമായി പരാതിക്കാരെയും നഗരസഭാധികൃതരെയും വിളിച്ച് ചർച്ചകളും നടന്നിരുന്നു.
എന്നാൽ, ചർച്ചയിൽ നഗരസഭയുടെയും പരാതിക്കാരുടെയും വാദം കളക്ടർ അംഗീകരിക്കാത്ത സ്ഥിതിയാണ്. ഒരു യോഗംകൂടി ഇനിയും വിളിക്കുമെന്നാണ് സൂചന.
സബ്കളക്ടറുടെ അനുകൂലമായ തീരുമാനം വന്നാൽ ശ്മശാനം തുറക്കാനാണ് തീരുമാനം.
ശ്മശാനത്തിന്റെ 53 മീറ്റർ മാറിയാണ് ഏറ്റവുമടുത്ത താമസക്കെട്ടിടമുള്ളതെന്നും അടുത്തുള്ള റോഡിലൂടെ കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്രചെയ്യുന്നെന്ന പരാതി പരിഗണിക്കേണ്ടതില്ലെന്നുമാണ് ഒറ്റപ്പാലം സബ്കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തിതിട്ടുള്ളത്.
നാട്ടുകാരുടെ ഗതികേട്...
പട്ടാമ്പി: മേഖലയിൽ ശ്മശാനമില്ലാത്തതിനാൽ ഉറ്റവർ മരിച്ചാൽ ദൂരസ്ഥലങ്ങളിലേക്കും അയൽജില്ലകളിലേക്കും ശവസംസ്കാരത്തിന് കൊണ്ടുപോകേണ്ട ഗതികേടാണുള്ളത്.
അവിടങ്ങളിൽ തിരക്കാണെങ്കിൽ മറ്റുവഴികൾ തേടണം. കിഴായൂർ- നമ്പ്രം റോഡിൽ ഭാരതപ്പുഴയോരത്ത് പൊതുശ്മശാനം സ്ഥാപിക്കാനായി കെട്ടിടവും ചുറ്റുമതിലുമടക്കം ഒരുക്കിയിട്ടുണ്ടെങ്കിലും കാടുപിടിച്ചുകിടപ്പാണ്.
1970-ൽ സ്ഥാപിച്ചതാണ് ഇവിടെയുള്ള പൊതുശ്മശാനം. ശ്മശാനം പ്രവർത്തിപ്പിക്കാൻ പട്ടാമ്പി പഞ്ചായത്തായിരിക്കെ ശ്രമം നടത്തിയിരുന്നെങ്കിലും പരിസരവാസികൾ പരാതിയുമായി രംഗത്തെത്തിയതോടെ കോടതി സ്റ്റേചെയ്യുകയായിരുന്നു.
പട്ടാമ്പി നഗരസഭ വലിയ പട്ടണത്തിന്റെ നിലവാരത്തിലേക്ക് ഉയരുമ്പോഴും ശവസംസ്കാരം നടത്താൻ സംവിധാനമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിലേക്കാണ് ഇപ്പോൾ സംസ്കാരചടങ്ങുകൾ നടത്താൻ മൃതദേഹങ്ങൾ എത്തിക്കുന്നത്.