ഒറ്റപ്പാലം നഗരത്തിൽ അനധികൃത കച്ചവടങ്ങൾ വ്യാപകമെന്ന് പരാതി
1336596
Tuesday, September 19, 2023 12:49 AM IST
ഒറ്റപ്പാലം : നഗരസഭ ഒഴിപ്പിച്ച സംസ്ഥാന പാതയോരത്തെ അനധികൃത കച്ചവടങ്ങളെല്ലാം ശക്തമായി തിരിച്ചെത്തി. നേരത്തെ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ മേഖലകളിൽ പരിശോധന നടത്തിയാണ് ഒഴിപ്പിക്കൽ നടപടികൾ അനുവർത്തിച്ചത്.
പാതയോരത്ത് അനധികൃതമായി കച്ചവടം ചെയ്തിരുന്നവരെയെല്ലാം അന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. മത്സ്യവില്‍പ്പന നടത്തിയിരുന്നവരേയും ഇത്തരത്തിൽ ഒഴിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മുക്കിനും മൂലയിലും മീൻ കച്ചവടമാണ്. വണ്ടികൾ നിർത്തിയിട്ടുള്ള കച്ചവടങ്ങളും പൊടിപൊടിക്കുന്നുണ്ട്.ഇത് ഗതാഗത തടസത്തിനും വഴിവക്കുന്നുണ്ട്.
പാലക്കാട്-കുളപ്പുള്ളി പാതയോരത്ത്, വാഹനംനിർത്തി അനുമതിയില്ലാതെ കച്ചവടം ചെയ്തവരെയാണ് ഒഴിപ്പിച്ചതെന്ന വിശദീകരണം നടത്തിയ നഗരസഭാധികൃതർ ഇപ്പോൾ ഇതിന് മൗനാനുവാദം കൊടുത്തിരിക്കുന്ന സ്ഥിതിയാണ്.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ എന്ന പേരിൽ അന്ന് കച്ചവടങ്ങളല്ലാം ഒഴിപ്പിച്ചത്. ഇതിനു പുറമേ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ പാലാട്ട് റോഡ്, ന്യൂ ബസാർ പരിസരം എന്നിവിടങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവർക്കെതിരേയും നടപടികൾ സ്വീകരിച്ചിരുന്നു. മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടത്തി നോട്ടീസ് നൽകുകയും ഇവർ നഗരസഭയിൽ ഹാജരാകുമ്പോൾ കേരള മുൻസിപ്പൽ നിയമം 340 പ്രകാരം നടപടി സ്വീകരിക്കാനുമാണ് ധാരണയുണ്ടായിരുന്നത്. ഇത്തരത്തിൽ
കുറഞ്ഞത് 2000 രൂപ പിഴയീടാക്കാനായിരുന്നു തീരുമാനം.എന്നാൽ മാലിന്യ നിക്ഷേപവും നഗരത്തിൽ അനുസൃതം നടന്നു വരികയാണ് . ഇതും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.