എഐ കാമറ: നിയമലംഘനങ്ങൾ രണ്ടാംദിനം വർധിച്ചു
1300705
Wednesday, June 7, 2023 12:35 AM IST
പാലക്കാട്: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ ജില്ലയിൽ പിഴയീടാക്കാൻ തുടങ്ങിയതോടെ അമിത വേഗതക്ക് കടിഞ്ഞാണായെങ്കിലും പിൻസീറ്റിൽ ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും ഉള്ള യാത്രക്ക് കുറവില്ല. ആദ്യ ദിവസം 1007 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അത് ഇന്നലെ വൈകുന്നേരം വരെ 2942 ആയി ഉയർന്നു. നിയമലംഘനം കണ്ടെത്തിയവർക്ക് ഇന്നുമുതൽ നോട്ടീസ് അയച്ചുതുടങ്ങും. ഇതിന് പുറമെ മൊബൈൽ ഫോണിലും സന്ദേശം വരും. ജില്ലയിൽ 48 ഇടങ്ങളിലാണ് കാമറകൾ പ്രവർത്തിക്കുന്നത്. ദേശീയപാതയിലും സംസ്ഥാനപാതയിലും കാമറ പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഇതിലൂടെ സഞ്ചരിക്കുന്നവരുടെ അമിത വേഗതക്ക് കുറവുള്ളതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. എഐ കാമറയുടെ പ്രവർത്തനം മൂലം കൂടുതൽ ബുദ്ധിമുട്ടിലായത് ബൈക്കിൽ ലിഫ്റ്റ് വാങ്ങി സഞ്ചരിക്കുന്നവരാണ്.
യാത്രക്കിടെ ലക്ഷ്യസ്ഥാനത്തിലെത്താൻ പരിചയമുള്ളവരുടെ ബൈക്കുകളിൽ കയറുക പതിവാണ്. പുറകെ ഇരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന് നിർബന്ധമാക്കിയതോടെ പലർക്കും ബൈക്ക് യാത്ര ഒഴിവാക്കേണ്ടിവന്നു. ഹെൽമറ്റില്ലാ യാത്രക്ക് പിഴ 500 രൂപയാണ്. മരുതറോഡ് കൂട്ടുപാതയിലുള്ള ആർടിഒ എൻഫോഴ്സ്മെന്റിന്റെ കണ്ട്രോൾ റൂമിലാണ് ജില്ലയിൽ കാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുക.
എട്ട് ജീവനക്കാർ വേണ്ടിടത്ത് അഞ്ചു പേരാണുള്ളത്. തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്ട്രോൾ റൂമിലാണ് പാലക്കാട്ടെ കാമറകളിലെ ദൃശ്യങ്ങൾ ലഭിക്കുക. ഇവ പാലക്കാട്ട് അയച്ച് പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിക്കുക. പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് ആർടിഒക്ക് അപ്പീൽ നൽകാം.