വീടിനു പുറകിൽ ആനക്കൂട്ടം: മരണഭയത്തിൽ അഞ്ചംഗ കുടുംബം
1300702
Wednesday, June 7, 2023 12:35 AM IST
കൊല്ലങ്കോട്: എലവഞ്ചേരിയിൽ വീടിനു പുറകിൽ ആനക്കൂട്ടമെത്തിയതിനാൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ നേരം വെളുപ്പിച്ചത് ജീവഭയത്തിൽ. പനങ്ങാട്ടിരി ചള്ളക്കാട് ദിനേശന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രി 10 നും ഇന്നലെ പുലർച്ചെ രണ്ടിനുമായി രണ്ടുതവണയാണ് ആനക്കൂട്ടമെത്തിയത്. വീടിന്റെ പുറകിലുണ്ടായിരുന്ന ഒരു തെങ്ങും പതിനഞ്ച് വാഴകളും നശിപ്പിച്ചതായി ദിനേശൻ പറഞ്ഞു. ഒരു കുട്ടി ഉൾപ്പെടെ മൂന്നു ആനകൾ സംഘത്തി ലുണ്ടായിരുന്നു.
തെങ്ങുപൊട്ടി വീഴുന്ന ശബ്ദം കേട്ടു ജനലിലൂടെ പിൻവശത്തു നോക്കിയപ്പോഴാണ് ആനക്കൂട്ടത്തെ കണ്ടത്ത്. ദിശേൻ, അമ്മ ശാന്തകുമാരി, ഭാര്യ ജ്യോതിപ്രിയ, ഒന്നരയും അഞ്ചും വയസുള്ള രണ്ടു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. പത്തുമണിക്കെത്തിയ ആനകൾ അരമണിക്കൂറിന് ശേഷമാണ് തിരിച്ചു പോയത്. ഇനി തിരികെ വരില്ലെന്ന വിശ്വാസത്തിൽ ഉറങ്ങാൻ കിടന്നപ്പോൾ രണ്ടു മണിയോടെ വീണ്ടും ആനകൾ തിരിച്ചെത്തി. പിന്നീട് വീടിനു പുറകിൽ ദീർഘനേരം ചുറ്റിനടന്നു. പുലർച്ചെ സമീപവാസികളെ മൊബൈലിൽ അറിയിച്ച് ആനകൾ ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് ദിനേശനും കുടുംബവും പുറത്തു വന്നത്. എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനും കൊല്ലങ്കോട് വനപാലക സംഘവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. രാത്രിയിൽ വീണ്ടും ആനകളെത്തുമെന്ന ഭയത്തിൽ ബന്ധുവീട്ടിലേക്ക് മാറി താമസിക്കാനാണ് ദിനേശൻ തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് ആനക്കൂട്ടമിറങ്ങുന്നതു തടയാൻ തൂക്കുവേലി നിർമിക്കാൻ നടപടികളായിട്ടുണ്ടെന്ന് വനപാലകർ അറിയിച്ചു.