കരാർ പണികളിൽ കാലതാമസം; അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു
1299915
Sunday, June 4, 2023 7:04 AM IST
നെന്മാറ: കരാർ നടപടികൾ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും പണി നടത്താത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയറെ ഓഫീസിൽ ഉപരോധിച്ചു.
അയിലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പൊതുമരാമത്ത് പ്രവർത്തികൾ കരാറെടുത്ത കരാറുകാർ പണിപൂർത്തിയാക്കാത്തതിൽ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെയാണ് പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ ഉപരോധിച്ചത്.
കഴിഞ്ഞ മാർച്ച് 31ന് മുന്പ് പണിപൂർത്തിയാക്കാൻ നിശ്ചയിച്ച് കരാർ നൽകിയ പ്രവർത്തികളാണ് കരാറുകാരൻ വൈകിച്ച് സ്പിൽ ഓവർ വർക്കായി മാറ്റി പഞ്ചായത്തിന് സാന്പത്തിക നഷ്ടവും പൊതുജനത്തിന് ബുദ്ധിമുട്ടും ഉണ്ടാക്കിയത്.
കൂടാതെ പ്രതിപക്ഷ വാർഡുകളിൽ 15 ലക്ഷം രൂപ അനുവദിക്കുന്പോൾ ഭരണകക്ഷി വാർഡുകളിൽ 35-40 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
ടെൻഡർ കഴിഞ്ഞതിൽ ഭൂരിഭാഗം വർക്കുകളും ചെയ്യാതെ കിടക്കുകയാണെന്നും പണി പൂർത്തിയാക്കാത്ത കരാറുകാരനെ കരിന്പട്ടികയിൽ ഉൾപ്പെടുത്താൻ പഞ്ചായത്ത് തയ്യാറാവുന്നില്ലെന്നും പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു. അസിസ്റ്റന്റ് എൻജിനീറുമായുള്ള ചർച്ചയ്ക്കൊടുവിൽ കരാറുകാരനെ വിളിച്ചുവരുത്തി നാലു ദിവസത്തിനകം പണി തുടരാം എന്ന വ്യവസ്ഥയിൽ ഉപരോധസമരം അവസാനിപ്പിച്ചു. ഡിസിസി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ എം.പത്മ ഗിരീശൻ ഉപരോധം ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ വിനോദ് ചക്രായി, മുഹമ്മദ് കുട്ടി, മിസ്രിയ ഹാരിസ് സോന്പി ബെന്നി എന്നിവർ സംബന്ധിച്ചു.