മാലിന്യം തീയിട്ടത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1298755
Wednesday, May 31, 2023 4:13 AM IST
പാലക്കാട്: വീടുകളിൽ നിന്നും 100 രൂപ ഈടാക്കി ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം മലബാർ ഹോസ്പിറ്റൽ മെഡിക്കൽ കോളജ് റോഡിൽ പഴയ ടൈൽ ഫാക്ടറി ഗേറ്റിന് സമീപം കൂട്ടിയിട്ട് നഗരസഭാ ശുചീകരണ വിഭാഗം ഉദ്യോഗസ്ഥർ കത്തിക്കുകയാണെന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ക്യത്യവിലോപം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് പാലക്കാട് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പ്ലാസ്റ്റിക് കത്തിച്ചതിൽ നഗരസഭാ ശുചീകരണ വിഭാഗത്തിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം ആവശ്യമാണ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുഉളിൽ പാലക്കാട് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിക്കണം.
മാർച്ച് 30 വരെ മൂന്നുമാസക്കാലം ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യം തീയിട്ടതായി വെസ്റ്റ് യാക്കര നൈവേദ്യത്തിൽ കെ.ജി.സുധാകരൻ നൽകിയ പരാതിയിലാണ് നടപടി.
ഇക്കാര്യം മാലിന്യ നിയന്ത്രണ ബോർഡിന് അറിയാമെന്നും പരാതിയിൽ പറയുന്നു.എന്നാൽ പാലക്കാട് നഗരസഭാ സെക്രട്ടറി ആരോപണം നിഷേധിച്ചു.തീയിട്ടത് സാമൂഹിക വിരുദ്ധരാണെന്നും സെക്രട്ടറി അറിയിച്ചു.