എന്റെ കേരളം പ്രദർശന വിപണന മേള ഏപ്രിൽ 9 മുതൽ 15 വരെ
1282789
Friday, March 31, 2023 12:27 AM IST
പാലക്കാട് : സേവനങ്ങളുടെ, കാഴ്ചകളുടെ, വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി ഇൻഫർമേൻപബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ’എന്റെ കേരളം പ്രദർശന വിപണന മേള2023’ ന് ഏപ്രിൽ ഒൻപതിന് വൈകിട്ട് ആറിന് ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തിരിതെളിക്കും. തദ്ദേശ സ്വയംഭരണഎക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കുന്ന മേളയിൽ ഏഴ് ദിവസവും ആകർഷകമായ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.
’യുവതയുടെ സന്തോഷം’ എന്ന വിഷയം അടിസ്ഥാനമാക്കി സജ്ജമാക്കുന്ന മേളയിൽ യുവാക്കളെ കേന്ദ്രീകരിച്ച് ജോബ് ഡ്രൈവ്, സ്റ്റാർട്ടപ്പ് മിഷൻ സേവനങ്ങൾ, നവസംരംഭകർക്കായി ലോണ്‍ അപേക്ഷ സ്വീകരിക്കൽ, പ്രോജക്ട് റിപ്പോർട്ട് തയാറാക്കൽ തുടങ്ങിയവയുണ്ടാകും. പ്രവേശനം സൗജന്യമാണ്. ശീതീകരിച്ച 200 സ്റ്റാളുകളിൽ സർക്കാർ വകുപ്പുകളുടെ വിവിധ സേവനങ്ങളും പ്രദർശനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും.
പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി സൈക്കിൾ റാലിയും ഘോഷയാത്രയും നടക്കും. ഏപ്രിൽ 15ന് മേള സമാപിക്കും.