പടിഞ്ഞാറൻ മേഖലയിലും ചെമ്മരിയാടുകളെത്തി
1280723
Saturday, March 25, 2023 12:48 AM IST
ഒറ്റപ്പാലം: തീറ്റക്ഷാമത്തെ തുടർന്ന് ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ പതിവിനു വിപരീതമായി പടിഞ്ഞാറൻ മേഖലയിലും വന്നെത്തി. ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് സാധാരണ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ തീറ്റതേടി ചെമ്മരിയാടുകളുടെ കൂട്ടമെത്താറ്. എന്നാൽ ഇത്തവണ ഇതിന്് വിപരീതമായി വള്ളുവനാടൻ പാടശേഖരങ്ങളിലും ചെമ്മരിയാടുകൾ കൂട്ടമായെത്തി.
തമിഴ്നാട്ടിൽ നിന്നും ആയിരത്തോളം ആടുകൾ ഒന്നിച്ചാണ് ഇവിടേക്ക് എത്തിയിരിക്കുന്നത്. വള്ളുവനാടൻ പാടശേഖരങ്ങളിൽ സാധാരണ താറാവുകൂട്ടങ്ങളാണ് എത്താറുള്ളത്. ചെമ്മരിയാടുകൾ ഇവിടെ ആദ്യമാണ്. കോയന്പത്തൂരിൽ നിന്നും 3 കർഷകരാണ് ആടുകളെ മേയ്ക്കാൻ വന്നിരിക്കുന്നത്. ആടുകളെ മേയ്ക്കാനും കൂട്ടം തെറ്റി പോകാതിരിക്കാനും കുറുക്കൻ, തെരുവുനായ്ക്കൾ തുടങ്ങിയ മറ്റു മൃഗങ്ങളിൽ നിന്നും സംരക്ഷിക്കാനുമായി ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളുമുണ്ട.്
തമിഴ്നാട്ടിൽ തീറ്റയുടെ അഭാവമാണ് ഇവയെ കേരളത്തിലെത്തിച്ചത്. കിഴക്കൻ മേഖലയിലും തീറ്റയ്ക്ക് കുറവു വന്നതായി ആട്ടിൻ കൂട്ടങ്ങളുമായെത്തിയവർ പറഞ്ഞു. ചെമ്മരിയാടുകളുടെ രോമത്തിന് നല്ല വില ലഭിക്കുകയും വിപണിയിൽ ആവശ്യക്കാർ കൂടുതലുമാണ്.
അതിർത്തി കടന്ന് നെൽപാടങ്ങൾ തേടി ഇനിയും ഇവയുടെ വരവുണ്ടാവും. മഴക്കാലമായാൽ ആടുകൾക്ക് അസുഖം വരുമെന്നതിനാൽ മഴക്കാലം തുടങ്ങുന്നതോടെ ഇവിടം വിടുമെന്ന് ഇവർ പറയുന്നു. പ്രധാന റോഡുകളിൽ കൂടിപോലും ഓരം ചേർന്ന് അച്ചടക്കത്തോടെയുള്ള ഇവയുടെ സഞ്ചാരം കാഴ്ചക്കാർക്കും കൗതുകമാണ്.