വിസ്മയ ജലസമൃദ്ധി !
1279841
Wednesday, March 22, 2023 12:49 AM IST
വടക്കഞ്ചേരി: വിസ്തൃതമായ നെൽവയലിൽ തടാകം പോലെ വിശാലമായ ജലസ്രോതസ്. ചുറ്റും പച്ചപ്പും പൂക്കളും നാനാവിധ പറവകളും ജലജീവികളും.
അഞ്ചുമൂർത്തി മംഗലം ക്ഷേത്രത്തിനടുത്താണ് ഈ വിസ്മയ ജല സമൃദ്ധിയുള്ളത്. വേനലിൽ പുഴകളും തോടുകളും വെള്ളം വറ്റി വികൃതമാകുന്നതിനിടക്കുള്ള ഈ കാഴ്ച ഏറെ കുളിർമ പകരുന്നതാണ്.
അഞ്ച് ഏക്കറിലായി പരന്നുകിടക്കുന്നതാണ് കുളം.വടക്കഞ്ചേരി മേഖലയിൽ വിസ്തൃതിയിൽ ഒന്നാം സ്ഥാനത്തുള്ള ഈ കുളത്തിന് അഞ്ച് ഏക്കർ പരപ്പുണ്ട്.
ഏതാനും കിലോമീറ്റർ ദൂരെയുള്ള വീഴുമലയിൽ നിന്നും ഇവിടേക്ക് ശക്തമായ നീരുറവ ഉണ്ടെന്നാണ് പറയുന്നത്. ഇത് സാധൂകരിക്കുന്നതാണ് ഏത് കൊടും വേനലിലും താഴാത്ത കുളത്തിലെ ജലനിരപ്പ്.വീഴുമലയിലെ കിണറിൽ എന്തെങ്കിലും കളഞ്ഞു പോയാൽ അത് പൊങ്ങുന്നത് ഈ കുളത്തിലാണെന്ന ഐതിഹ്യവുമുണ്ട്.
14 വർഷം മുന്പ് കുളത്തിലെ വെള്ളം പൂർണമായും വറ്റിക്കാൻ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. ദിവസങ്ങളോളം ഉയർന്ന എച്ച്പിയുടെ മോട്ടോറുകൾ പ്രവർത്തിപ്പിച്ച് വെള്ളം പന്പ് ചെയ്തു. എന്നാൽ ഒന്നോ രണ്ടോ അടി വെള്ളം കുറഞ്ഞതല്ലാതെ ജലനിരപ്പിൽ മാറ്റമുണ്ടായില്ല.
കുളത്തിന്റെ വടക്ക് പടിഞ്ഞാറ് മൂലയിലായി പാതാളം പോലെ താഴ്ചയുടെ അനന്തതയുള്ള ഭാഗം ഉണ്ടെന്നാണ് പറയുന്നത്.
എന്തായാലും നിരവധി ആളുകളാണ് കുളിക്കാനും തുണി കഴുകാനുമെല്ലാം ഈ കുളത്തെ ആശ്രയിക്കുന്നത്.
കുളത്തിലെ ജലസമൃദ്ധി പ്രദേശത്തെ കിണറുകളേയും നിറക്കുന്നുണ്ട്. ഏതു വേനലിലും ഇവിടുത്തെ കിണറുകളിലെ ജലനിരപ്പ് ഉയർന്നു തന്നെയാകും. ഈ ജലസമൃദ്ധി കൃഷിക്കും ഏറെ ഗുണകരമാണ്.
പഞ്ചായത്തിന്റെ അധീനതയിലുള്ള കുളം വശങ്ങൾ കെട്ടി സംരക്ഷിച്ച് ടൂറിസം ഡെസ്റ്റിനേഷനാക്കാനുള്ള പ്രപ്പോസലുകൾ നൽകിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ലെന്ന് സമീപവാസിയും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ.മുരളീധരൻ പറഞ്ഞു.
കെ ടി ഡി സി യുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാകും. പച്ച തുരുത്തും ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കാനാകും.
ഇതിന് എം എൽ എ ഫണ്ട് ഉൾപ്പെടെ വേണം. ഫ്ളോട്ടിംഗ് സോളാർ പാനൽ വഴി വൈദ്യുതി ഉല്പാദനവും സാധ്യമാക്കാമെന്ന് മെന്പറുടെ പ്രൊജക്ടുകളിൽ പറയുന്നു.
മത്സ്യം വളർത്തലും സന്ദർശകർക്ക് ആകർഷകമാകും. കയർ ഭൂവസ്ത്രം പോലെ ലളിതമായ മാർഗങ്ങളിലൂടെ വശങ്ങൾ സംരക്ഷിച്ച് രാമച്ചവും മറ്റു ആയുർവേദ പുൽപടർപ്പുകളും പൂന്തോട്ടവും ഒരുക്കാം.
സായാഹ്നങ്ങളിൽ വിശ്രമിക്കുന്നതിനും പ്രയോജനപ്പെടുത്താമെന്ന് ചൂണ്ടിക്കാട്ടുന്നു.