കക്കുകളി നാടകത്തിനെതിരേ പ്രതിഷേധം ഇരന്പി
1279548
Tuesday, March 21, 2023 12:17 AM IST
അധികാരികൾക്ക് താക്കീതായി
പ്രതിഷേധ മാർച്ച്
പാലക്കാട്: ക്രൈസ്തവരെയും സന്യസ്തരെയും അവഹേളിക്കുന്ന കക്കുകളി എന്ന നാടകം സർക്കാരിന്റെ മൗനാനുവാദത്തോടെ കേരളത്തിന്റെ വേദികളിൽ അവതരിപ്പിച്ചതിനെതിരേ പാലക്കാട്ടും പ്രതിഷേധം ഇരന്പി.
നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു പാലക്കാട് സുൽത്താൻപേട്ട രൂപതയിലെ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണയിൽ ആയിരങ്ങൾ അണിനിരന്നു.
കോട്ട മൈതാനത്തു നിന്നും കളക്ടറേറ്റിലേക്ക് സന്യസ്തരും വൈദികരും സംഘടനകളും വിശ്വാസികളും നടത്തിയ മാർച്ച് അക്ഷരാർഥത്തിൽ അധികാരികൾക്ക് താക്കീതായി മാറി.
രൂപതയുടെ വിവിധ ഭഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനാളുകൾ പ്ലക്കാർഡുകളും കൊടികളും പിടിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
പാലക്കാട് കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ഡോമിനിക്കൻ സിസ്റ്റേഴ്സ് ജനറൽ സിസ്റ്റർ ടെസ്സി കാച്ചപ്പിള്ളി ഫ്ലാഗ് ഓഫ് ചെയ്തു. കളക്റ്ററേറ്റിന്റ മുന്നിൽ എത്തിയ ധർണക്ക് പാലക്കാട് രൂപത വികാരി ജനറൽ ഫാ. ജീജോ ചാലക്കൽ നേതൃത്വം നൽകി.
പാലക്കാട് രൂപത സി. ആർ. ഐ പ്രസിഡന്റ് ഫാ. ജോസ് പോൾ സിഎംഐ പ്രതിഷേധ സദസിനു സ്വാഗതം പറഞ്ഞു.
ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ സദസിനെ അഭിസംബോനധന ചെയ്തുകൊണ്ട് സമർപ്പിതരുടെ പ്രതിനിധിയായി സിസ്റ്റർ ജിസ സിഎംസി പാലക്കാട്, സിസ്റ്റർ ലിഗോറിയ എഫ്എസ്പിഎം സുൽത്താൻപേട്ട്, എന്നിവർ പ്രസംഗിച്ചു.
കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. സി എം മാത്യു, കെ സി വൈ എം പാലക്കാട് രൂപതാ സെക്രട്ടറി ആശ കെ സേവ്യർ, സി ആർ ഐ സുൽത്താൻപേട്ട രൂപതാ പ്രസിഡന്റ് ഫാ. ജോർജ് വേലിക്കകത്ത് എംഎഫ്, പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി സണ്ണി നെടുന്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
പാലക്കാട് രൂപതാ വികാരി ജനറാൾ ഫാ. ജീജോ ചാലക്കൽ, രൂപതാ പിആർഒ ഫാ. ജോബി കാച്ചപ്പിള്ളി, രൂപതാ കെസിവൈഎം ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ, മാതൃവേദി രൂപതാ ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, കത്തോലിക്കാ കോണ്ഗ്രസ് രൂപതാ ഡയറക്ട ർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. ജയ്മോൻ പള്ളിനീരായ്ക്കൽ നേതൃത്വം നൽകി.
സന്യാസത്തിന്റെ മൂല്യമറിയാത്തവർക്ക്
ലക്ഷ്യം സാന്പത്തിക നേട്ടം:
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
പാലക്കാട്: ക്രൈസ്തവ സഭയിലെ സന്യാസമെന്താണെന്നും അതിന്റെ മൂല്യം എന്താണെന്നും അറിയാത്തവർ സാന്പത്തിക നേട്ടമുണ്ടാക്കാനായി രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
കൈയടി വാങ്ങാൻ വേണ്ടി സാഹിത്യ, സാംസ്ക്കാരിക ലോകത്തെ ഉപയോഗിക്കാമെന്ന് ആരും കരുതരുതെന്നും കപട ഭാവനാ സൃഷ്ടികളിലൂടെ വായനക്കാരേയും കാഴ്ച്ചക്കാരേയും സൃഷ്ടിക്കാമെന്നും ആരും വ്യാമോഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കളക്ടറേറ്റിനു മുന്നിൽ കക്കുകളി നാടകത്തിനെതിരേ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സർക്കാരിന്റെ കേട്ടെഴുത്ത് തൊഴിലാളികളുടെ വികലമായ ആവിഷ്ക്കാരങ്ങൾ ധാർമ്മിക അധപതനത്തിന്റെ ലക്ഷണമാണ്.സന്യസ്തരെ അവഹേളിക്കുന്ന കക്കുകളി എന്ന നാടകം നിരോധിക്കാൻ സർക്കാർ തയാറാകണമെന്നും ബിഷപ് ആവശ്യപ്പെട്ടു.