വേനൽമഴ കനത്താൽ... രണ്ടാംവിള കൊയ്ത്തിനെയോര്ത്ത് കർഷകർ..!
1279254
Monday, March 20, 2023 12:41 AM IST
ഷൊർണൂർ: വേനൽ മഴ വരും ദിവസങ്ങളിൽ കനത്താൽ രണ്ടാം വിള കൊയ്ത്തിനെ ബാധിക്കുമെന്ന് ആശങ്ക.
മീനത്തിന്റെ തുടക്കത്തിൽ പെയ്യുന്ന മഴ ഗുണദോഷ സമ്മിശ്രമാ കുമെന്ന പ്രതീക്ഷയുമുണ്ട്. അതേസമയം കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ പൊടി വിതയ്ക്ക് നില മൊരുക്കാൻ നിലവിലെ വേനൽ മഴ ഉപകാരപ്രദമാകുമെന്നാണ് കർഷകർ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ വേനൽമഴ തരക്കേടില്ലാത്ത അളവിൽ വേനൽ മഴ ലഭ്യമായ സാഹചര്യത്തിലാണ് കർഷകർ മനസ് തുറക്കുന്നത്.
ജില്ലയിൽ കൂടുതൽ വേനൽ മഴ ലഭിച്ചത് പട്ടാന്പി മേഖലയിലായിരുന്നു വരുംദിവസങ്ങളിൽ മഴ തുടരുമെന്നാണ് പറയപ്പെടുന്നത് കുംഭം അവസാനത്തിലും മീനത്തിന്റെ തുടക്കത്തിലുമായുള്ള മഴ കൃഷിക്ക് ഗുണദോഷസമ്മിശ്രമാണ്.
മഴ ഇടയ്ക്കിടെ ലഭിക്കുന്നത് വരൾച്ചയ്ക്കുള്ള സാധ്യത ഇല്ലാതാക്കുമെങ്കിലും മറ്റ് പ്രശ്നങ്ങൾക്കിട വരുത്തും.
ഒറ്റമഴകൾ കനത്തു പെയ്താൽ ജില്ലയിൽ രണ്ടാംവിള കൊയ്ത്തിനെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇതിലൊന്ന്. കനത്തചൂടിൽ വിളഞ്ഞുപാകമായ നെല്ല് മഴയിൽപെട്ടെന്ന് അടിയുയെന്നതും.
കൊയ്തെടുത്ത നെല്ല് ഉണക്കിയെടുക്കാനും മറ്റും പ്രയാസമാകുമെന്നുമുറപ്പാണ്. അതേസമയം ചാറ്റൽമഴയാണെങ്കിൽ കൊയ്ത്തിന് കാര്യമായ പ്രയാസം ഉണ്ടാക്കില്ല. കൊയ്ത്തു കഴിഞ്ഞയിടങ്ങളിൽ പൊടിവിതയ്ക്ക് പാടം ഒരുക്കാൻ മഴ സഹായകവുമാണ്. കിഴങ്ങ്, പയറുവർഗങ്ങളുടെതടക്കമുള്ള കൃഷിക്കു മഴ നല്ലതാണ്.ചേന്പ്,ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, മാങ്ങായിഞ്ചി തുടങ്ങിയവ നടാനും മണ്ണൊരുക്കാനും ഇത് നല്ല സമയമാണ്.
എന്നാൽ, ഫലവർഗങ്ങൾക്ക് ശക്തമായ മഴ ദോഷം ചെയ്യാം. മാവുപൂക്കുന്നിടങ്ങളിലും മഴ ഗുണകരമല്ല. അതുവഴി മാങ്ങയുടെ വലിപ്പത്തിലും രുചിയിലും വ്യത്യാസമുണ്ടാകുമെന്നത് വിപണിയെ ബാധിക്കാം.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴ ചൂട് ഇരട്ടിപ്പിച്ചു എന്നാണ് പഴമക്കാരുടെ അഭിപ്രായം ഇനി തുടരെ വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഉള്ള ജലസന്പത്ത് കൂടി ഇല്ലാതാകുമെന്നും ഇവർ പറയുന്നു.