സംസ്ഥാന അംഗൻ ജ്യോതി പദ്ധതി നടത്തിപ്പിന് സർക്കാർ ശ്രമം: മന്ത്രി കെ. കൃഷ്ണൻ കുട്ടി
1278794
Sunday, March 19, 2023 12:07 AM IST
ചിറ്റൂർ: സംസ്ഥാനത്തെ 33,115 അങ്കണവാടികളിൽ ഉൗർജ സ്വയംപര്യാപ്തത കൊണ്ടുവരുന്നതിനായും ഉൗർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ’അംഗൻ ജ്യോതി’ പദ്ധതിക്ക് ലക്ഷ്യമിടുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഉച്ചഭക്ഷണ പരിപാടിയുടെയും പോഷകാഹാര വിതരണത്തിന്റെയും ഭാഗമായി വിറകാണ് ഇന്ധനമായി മിക്ക അങ്കണവാടികളിലെയും പാചകപ്പുരകളിൽ ഉപയോഗിക്കുന്നത്.
ഇതിന് ബദലായി കാർബണ്‍ ബഹിർഗമനമില്ലാത്തതും പൂർണസുരക്ഷിതത്വമുള്ളതും വേഗത്തിലുള്ള പാചകം ഉറപ്പു വരുത്തുന്നതുമായ വൈദ്യുത ഉൗർജം വഴി പ്രവർത്തിക്കുന്ന ഇൻഡക്ഷൻ അടുപ്പുകളും, അനുബന്ധ പാത്രങ്ങൾ, ഫാനുകൾ, ഉൗർജക്ഷമത കൂടിയ അനുബന്ധ ലൈറ്റുകൾ, ഇരുചക്ര മുച്ചക്ര വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ സ്ഥാപിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടമായി അഞ്ചു അങ്കണവാടികളിൽ 2 കിലോവാട്ടിന്റെ ഇൻഡക്ഷൻ കുക്കർ, ഇഡലി കുക്കർ, പ്രഷർ കുക്കർ, റൈസ് പോട്ട്, ഉരുളി, ടീ പോട്ട് എന്നിവ നൽകി. ഈ പദ്ധതി എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും 10 അങ്കണവാടികളിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ വ്യാപിപ്പിക്കും.
അനർട്ടിന്റെ നേതൃത്വത്തിൽ 100 അങ്കണവാടികളിൽ 2 കിലോവാട്ട് ഓണ്‍ഗ്രിഡ് സൗരോർജ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.