വാൽകുളന്പിൽ മദ്യപന്മാരുടെ വിളയാട്ടം: 24 മണിക്കൂറും മദ്യ വില്പന
1264445
Friday, February 3, 2023 12:29 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽകുളന്പിൽ മദ്യപസംഘങ്ങളുടെ വിളയാട്ടം. സെന്ററിനടുത്ത് ഒഴിഞ്ഞ പറന്പുകളിലാണ് മദ്യപ സംഘങ്ങൾ ഒത്തുകൂടുന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗം പോലെ ഏത് സമയവും ഇവിടെ മദ്യ വില്പനയുമുണ്ട്. എല്ലാം സഞ്ചരിക്കുന്ന മദ്യശാലകളാണ്. കാൽനടയായും ഇരു ചക്ര വാഹനങ്ങളിലും മറ്റും മദ്യ വില്പന നടക്കും. മടിക്കുത്തുകളിലും ചെറിയ സഞ്ചികളിലുമാണ് മദ്യ വിൽപ്പനക്കാർ ജംഗ്ഷനിൽ കറങ്ങുക.
ഇവരുടെ ബുദ്ധിമുട്ടിയുള്ള നടത്തം കണ്ടാൽ തന്നെ മദ്യപന്മാർക്ക് അറിയാം സാധനം കൈയിലുണ്ടെന്ന്. പണം ഷെയർ ചെയ്ത് മദ്യം വാങ്ങി പിന്നെ തൊഴിലിന് പോകും പോലെയാണ് സമീപത്തെ കാടുപിടിച്ച പറന്പിലേക്ക് കൂട്ടമായി നീങ്ങുക. പോകുന്പോൾ കെട്ടിപ്പിടിച്ചു പോകുന്നവർ പിന്നെ തിരിച്ചുവരിക വലിയ ശബ്ദത്തോടെയാകും. അടിപിടിയും തെറിവിളികളും അകന്പടിയായുണ്ടാകും. സ്ത്രീകൾ തൊഴിലെടുക്കുന്ന കടകളാണ് സെന്ററിൽ കൂടുതലും.
സ്ത്രീകളെ കാണുന്നതോടെ അകത്തു പോയ മദ്യം വർധിത വീര്യത്തോടെയാണ് പിന്നീട് ആഞ്ഞടിക്കുക. പിന്നെ പുറത്തുവരുന്ന വാക്കുകളൊന്നും കേട്ടിരിക്കാൻ സ്ത്രീകൾക്ക് ശക്തിയുണ്ടാകില്ല.
നേരത്തെ ഇവിടെയുള്ള വാഴത്തോപ്പുകളിലായിരുന്നു മദ്യ വില്പനയും മദ്യപാനവുമെല്ലാം. എന്നാൽ അവിടെ നിന്നും സംഘങ്ങളെ ഓടിച്ചു വിട്ടതോടെ ഇപ്പോൾ കൂട്ടത്തോടെയാണ് പറന്പുകളിലേക്ക് ചേക്കേറിയിട്ടുള്ളത്. പണിക്കു പോകാതെ കടം വാങ്ങിയും വീട്ടിലെ വിൽക്കാവുന്ന സാധനങ്ങളെല്ലാം വിറ്റാണ് മദ്യത്തിന് പണം കണ്ടെത്തുന്നത്. ഇക്കൂട്ടർ ഇനി ചെറിയ മോഷണങ്ങളിലേക്കും തിരിയുമെന്ന ആശങ്കയും നാട്ടിലുണ്ട്. അര ഡസനോളം വിൽപ്പനക്കാർ ഈ സെന്ററിൽ മാത്രം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സെന്ററിൽ തന്നെ ഇവർക്കെല്ലാം നിശ്ചിത ഏരിയയുണ്ട്. അതിർത്തി ലംഘിച്ചുള്ള മദ്യ വില്പന നടന്നാൽ പിന്നെ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. പോലീസോ എക്സൈസോ മദ്യവില്പനക്കാരെ പിടികൂടാൻ എത്തിയാൽ മുന്നിൽ കാഴ്ചക്കാരായി ഇവരുമുണ്ടാകും.
ദേഹപരിശോധനയിലൂടെ മാത്രമെ ഇവരെ പിടികൂടാനാകു എന്നാണ് ഈ നാടകങ്ങളെല്ലാം സ്ഥിരമായി കാണുന്നവർ പറയുന്നത്.