രാമനാഥപുരം രൂപത ഏഴാമത് ബൈബിൾ കണ്വൻഷൻ ഇന്നു തുടങ്ങും
1243078
Friday, November 25, 2022 12:35 AM IST
കോയന്പത്തൂർ : രാമനാഥപുരം രൂപതയുടെ ഏഴാമത് ബൈബിൾ കണ്വൻഷൻ ഇന്നു തുടങ്ങും. രാമനാഥപുരം ട്രിച്ചി റോഡ് അൽവേർണിയ സ്കൂൾ ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചു മണിക്ക് വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്ന ബൈബിൾ കണ്വൻഷൻ രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് വചന പ്രതിഷ്ഠ നടത്തി കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.
മാനന്തവാടി അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടിയും സംഘവുമാണ് ഈ വർഷത്തെ കണ്വൻഷൻ നയിക്കുന്നത്.
കണ്‍വൻഷനോടനുബന്ധിച്ച് കുന്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കും.
ഇന്നും നാളെയും വൈകുന്നേരം അഞ്ചുമണി മുതൽ ഒന്പതുമണി വരെയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയുമാണ് കണ്വൻഷൻ നടക്കുന്നത്.
രാമനാഥപുരം രൂപത വികാർ ജനറാൾ മോണ്‍. ജോർജ് നരിക്കുഴി, ചെയർമാൻ ഫാ. ജോസഫ് പുത്തൂർ, ജനറൽ കണ്‍വീനർ ഫാ. ആന്റണി മേച്ചേരിപ്പടി, ജോ.കണ്‍വീനർമാരായ ഫാ. ചാൾസ് ചിറമേൽ, ഫാ. ആൽബിൻ സ്രാന്പിക്കൽ, മറ്റു ഭാരവാഹികൾ എന്നിവരുടെ ആഭിമുഖ്യത്തിലാണ് കണ്‍വൻഷനായുള്ള ഒരുക്കങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.