ഒഴുക്കിൽപ്പെട്ട അതിഥിത്തൊഴിലാളിയെ കണ്ടെത്താനായില്ല
1227714
Thursday, October 6, 2022 12:30 AM IST
ഒറ്റപ്പാലം: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട അതിഥിത്തൊഴിലാളിയെ കണ്ടെത്താനായില്ല, ഇന്ന് ദുരന്തനിവാരണ സേനയെത്തും. രണ്ട് ദിവസമായി അഗ്നി രക്ഷാവിഭാഗം നടത്തിയ തെരച്ചിലിൽ ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മായന്നൂർ പാലത്തിനുസമീപം 14 വയസുകാരനെ രക്ഷിക്കാനായി പുഴയിലേക്കുചാടി ഒഴുക്കിൽപ്പെട്ട അതിഥിത്തൊഴിലാളിയെയാണ് കണ്ടെത്താനാവാത്തത്. തമിഴ്നാട് ധർമപുരി ജില്ലയിലെ പാപ്പരപ്പെട്ടി സ്വദേശി ലിംഗത്തെയാണ് (48) ഭാരതപ്പുഴയിലെ നീണ്ട തിരച്ചിലിനുശേഷവും കണ്ടെത്താനാകാതെ വന്നത്. മലന്പുഴ അണക്കെട്ട് തുറന്നതുമൂലമുള്ള വെള്ളത്തിന്റെ വലിയ ഒഴുക്ക് തിരച്ചിലിനു തടസമായി.
ഷൊർണൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നത്. കണ്ണിയംപുറം കൂനന്തുള്ളിക്കടവുവരെയായിരുന്നു തിരച്ചിൽ. ഏറെ വൈകിയിട്ടും ഫലമില്ലാതായതോടെയാണ് തിരച്ചിൽ നിർത്തിയത്. ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുള്ള വിവരം ത്രാങ്ങാലിവരെയുള്ള പ്രദേശങ്ങളിലെ നാട്ടുകാരെ അറിയിച്ചിട്ടുള്ളതായി പോലീസ് പറയുന്നു.
ഭാരതപ്പുഴയിൽ മായന്നൂർ പാലത്തിനുസമീപം കിഴക്കേതോട് പുഴയുമായി ചേരുന്ന ഒഴുക്കുകൂടിയ ഭാഗത്തുവച്ച് കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അയൽവാസിയായ ശിവയ്ക്കൊപ്പം (14) ലിംഗം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ആദ്യം ഒഴുക്കിൽപ്പെട്ട ശിവയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലിംഗം ഒഴുക്കിൽ പെട്ടത്. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ശിവയെ രക്ഷപ്പെടുത്തിയെങ്കിലും ലിംഗത്തെ കണ്ടെത്താനായില്ല. ഒറ്റപ്പാലം തഹസിൽദാർ സി.എം. അബ്ദുൾ മജീദിന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘവും പോലീസും രക്ഷാപ്രവർത്തനങ്ങൾക്കു സ്ഥലത്തെത്തിയിരുന്നു.