പാലത്തിന്റെ ഉയരം കൂട്ടാൻ നാട്ടുകാരുടെ മുറവിളി തുടങ്ങിയിട്ട് 25 വർഷം പിന്നിട്ടു
1226173
Friday, September 30, 2022 12:31 AM IST
ചിറ്റൂർ : ചിറ്റൂർപുഴ പാറക്കളം നിലന്പതിപ്പാലത്തിന്റെ ഉയരം കുട്ടണമെന്ന് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമാവുന്നു. പെരുമാട്ടി, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലുൾപ്പെട്ട അണപ്പാടം, കോട്ടപ്പാടം, അത്തിക്കടവ്, വഴുക്കത്തോട്, മണിയാട്ടുകുളന്പ്, കാരികുളം, തെക്കേക്കാട്, അറ്റാംചേരി, പെരുമേട്, കുമൻകാട് ഉൾപ്പെടെ സ്ഥലങ്ങളിലെ 2500 കുടുംബങ്ങൾ ദൈനംദിന ആവശ്യങ്ങൾ താലുക്ക് ആസ്ഥാനത്ത് എത്താൻ പാറക്കളം നിലന്പതിയാണ് ഏക സഞ്ചാരമാർഗം.
ജനസംഖ്യ നിരക്കു വളരെ കുറവുമാത്രമായിരുന്ന അന്പതു വർഷം മുൻപാണ് പാലം നിർമ്മിച്ചത്. ജനസംഖ്യ നിരക്ക് നാനൂറ് ശതമാനത്തിൽ കൂടുതലായി വർധിച്ചതോടെ നിരവധി വാഹനങ്ങൾ പതിവായി സഞ്ചരിക്കുന്നത് പാറക്കളം നിലന്പതിത്തിലൂടെയാണ്.
താലൂക്ക് ആശുപത്രി, കോടതി, കച്ചേരിമേട്ടിലുള്ള സർക്കാർ സ്ഥാപനങ്ങളിലേക്ക് പോവണമെങ്കിൽ നിലന്പതിപ്പാലം തന്നെയാണ് ഏക സഞ്ചാരമാർഗം. ചിറ്റൂർപ്പുഴയിൽ ആലാംകടവ്, മൂലത്തറ, ഷണ്മുഖം കോസ്വേ നിലന്പതിപ്പാലങ്ങളേക്കാൾ ഉയരം കുറവാണ് പാറക്കളം പാലം. ജൂണിൽ കാലവർഷം ആരംഭിച്ചാൽ പുഴയിൽ ജലനിരപ്പ് കൂടുന്നതോടെ പാറക്കളം പാലത്തിലൂടെ സഞ്ചാരം പൂർണമായും നിലയ്ക്കും. പാലം കവിഞ്ഞൊഴുകുന്പോൾ മറുവശം കടക്കാൻ ശ്രമിച്ച നാല് പേർ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച സംഭവം നടന്നു കഴിഞ്ഞു. ഒരുമാസം മുൻപ് സൈക്കിളുമായി പാലം കടക്കാൻ ശ്രമിച്ച നാലുവിദ്യാർത്ഥിനികൾ അപകടത്തിൽപ്പെട്ടിരുന്നു. പുഴയ്ക്കരയിൽ നിന്നവരുടെ അവസരോചിതമായ ഇടപെടലാണ് വിദ്യാർത്ഥിനികൾ രക്ഷപെടാൻ കാരണമായത്.
കൂമൻകാട് ഭാഗത്തു നിന്നും ഒന്നര കിലോമീറ്റർ ദൂരമുള്ള ചിറ്റൂർ ഗവ കോളജിലേക്കും ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലേക്കും വിദ്യാർത്ഥികൾ പാലത്തിലൂടെ സഞ്ചരിക്കുന്നത് അപക ഭീഷണിയിലാണ്.
കാലത്ത് വിദ്യാലയത്തിലേക്ക് പോയി വിദ്യാർത്ഥികൾ വൈകുന്നേരം വീട്ടിൽ തിരിച്ചു എത്തുന്നതുവരെയും രക്ഷിതാക്കളുടെ ചങ്കിടിപ്പ് കുടുകയാണ്. കാലവർഷം ആരംഭിച്ചാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മേട്ടുപാളയം വഴി ആറു കിലോമീറ്റർ അധിക ദൂരം ചുറ്റി സഞ്ചരിച്ചു വേണം ചിറ്റൂരിലെത്താൻ.
ജനസംഖ്യ നിരക്ക് കൂടിയതും വാഹനങ്ങളുടെ എണ്ണം വർധിച്ചതിനാൽ പാലത്തിന്റെ ഉയരം കൂട്ടി വർഷകാല സഞ്ചാരം ഏർപ്പെടുത്തണമെന്നതാണ് യാത്രക്കാരുടേയും തദ്ദേശവാസികളുടേയും അടിയന്തര ആവശ്യമായിരിക്കുകയാണ്.