കൊച്ചി നഗരം കീഴടക്കാൻ പ്രകൃതി സൗഹൃദ ഓട്ടോകൾ
1515336
Tuesday, February 18, 2025 3:30 AM IST
കാക്കനാട്: കൊച്ചി നഗരത്തിലെ വായു മലിനീകരണം ഗണ്യമായി കുറയ്ക്കാൻ 1000 സിഎൻജി ഓട്ടോകൾക്കും 2000 ഇലക്ട്രിക് ഓട്ടോകൾക്കും മോട്ടോർ വാഹന വകുപ്പ് പുതിയതായി സിറ്റി പെർമിറ്റ് നൽകുന്നു. ഇതിനു മുന്നോടിയായി ഇന്നലെ കളക്ടറേറ്റ് വളപ്പിൽ 300 സിഎൻജി ഓട്ടോകളുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്തി.
1000 സിഎൻജി ഓട്ടോകൾക്കാണ് പുതിയ പെർമിറ്റ് അനുവദിക്കുക. ഓൺലൈനായി 1600 പേർ അപേക്ഷിച്ചിരുന്നു. അപേക്ഷ പ്രകാരമുള്ള മുഴുവൻ ഓട്ടോകളും ഫിറ്റ്നെസ് ടെസ്റ്റിനു വിധേയമാക്കുമെന്നും പാസാവുന്ന 1000 ഓട്ടോകൾക്ക് മാത്രമാവും പെർമിറ്റ് അനുവദിക്കുകയെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
2000 ഇലക്ട്രിക് ഓട്ടോകൾക്ക് സിറ്റി പെർമിറ്റ് അനുവദിക്കാൻ അധികൃതർ അവസരം നൽകിയെങ്കിലും 300 പേർ മാത്രമാണ് സിറ്റി പെർമിറ്റിനായി അപേക്ഷിച്ചത്. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തിയതി കഴിഞ്ഞതിനാൽ ഇനി അപേക്ഷകൾ സ്വീകരിക്കില്ല. സിഎൻജി ഓട്ടോകളുടെ ഫിറ്റ്നെസ് ടെസ്റ്റുകൾ വരും ദിവസങ്ങളിലും തുടരും. ക്രമനമ്പർ പ്രകാരമാണ് ടെസ്റ്റുകൾ നടത്തുന്നത്. ചെക്കു ലിസ്റ്റുകൾ പ്രകാരമുള്ള എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിച്ച ശേഷം പെർമിറ്റിന് യോഗ്യത നേടിയ സിഎൻജി ഓട്ടോകളുടെ പട്ടിക മാർച്ച് 10ന് പ്രസിദ്ധീകരിക്കും.