ബസിൽ മാല പൊട്ടിക്കാൻ ശ്രമം: രണ്ട് തമിഴ് യുവതികൾ പിടിയിൽ
1515333
Tuesday, February 18, 2025 3:30 AM IST
ആലുവ: സ്വകാര്യ ബസിൽ യാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ സഹയാത്രികർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കോയമ്പത്തൂർ മുക്കോണം സ്വദേശിനികളായ ലിയ അറുമുഖം (25), കീർത്തന ഉണ്ണി (26) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയോടെ പെരുമ്പാവൂരിൽ നിന്നും ആലുവയിലേക്കുവന്ന യാത്രാബസ് രാജഗിരി ആശുപത്രി കവലയിലെത്തിയപ്പോഴാണ് സംഭവം. ചെമ്പറക്കി സ്വദേശിനിയുടെ മാലയാണ് ഇവർ തിരക്കുണ്ടാക്കി പൊട്ടിക്കാൻ ശ്രമിച്ചത്. ബസിലുണ്ടായിരുന്നവർ കൈയോടെ പിടികൂടിയ പ്രതികളെ എടത്തല പോലീസിനു കൈമാറി.
മൊബൈൽ ഫോൺ, ആധാർ കാർഡ് എന്നിവയൊന്നും കൈവശം സൂക്ഷിക്കാത്ത പ്രതികൾക്കെതിരെ കേരളത്തിൽ നിരവധി മാല മോഷണക്കേസുകളുണ്ട്. ശാസ്താംകോട്ട, എറണാകുളം സെൻട്രൽ, ഹിൽപ്പാലസ്, മലപ്പുറം, താമരശേരി, എഴുകോൺ, കൊടുവള്ളി സ്റ്റേഷനുകളിലാണ് കേസുകളുള്ളത്.
മധുര സ്വദേശിനി മീനാക്ഷി, തൂത്തുകുടി സ്വദേശി കൗസല്യ, പ്രിയ എന്നീ പേരുകളും വിലാസങ്ങളുമാണ് പല സ്റ്റേഷനുകളിലും പ്രതികൾ നൽകുന്നത്. ബന്ധുക്കളെല്ലാം മരണപ്പെട്ടെന്നും ഇപ്പോൾ അനാഥരാണെന്നുമാണ് പറയുന്നത്. മോഷണക്കേസുകളിൽ പിടിയിലായ ഇവരെ അതത് കോടതികളിൽ ഹാജരാക്കുമ്പോൾ ജാമ്യത്തിനായി അഭിഭാഷകരെത്തി കൊണ്ടു പോകുകയാണെന്ന് പോലീസ് പറഞ്ഞു.