അച്ചടക്കത്തിന്റെ വടിയെടുത്ത് സിപിഎം സംസ്ഥാന നേതൃത്വം
1508236
Saturday, January 25, 2025 4:00 AM IST
കൊച്ചി: ജില്ലാ സമ്മേളനങ്ങളില്‍ കലഹവും അഭിപ്രായഭിന്നതകളും അകറ്റിനിര്‍ത്താനും ഏകോപനം ഉറപ്പാക്കാനും കര്‍ശന നിര്‍ദേശങ്ങളുമായി സിപിഎം സംസ്ഥാന നേതൃത്വം. സമ്മേളനകാലത്ത് വിവിധ ജില്ലകളില്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത വിവാദങ്ങളുടെ ക്ഷീണം കൊല്ലം സംസ്ഥാന സമ്മേളനത്തിനു മുമ്പു പരിഹരിക്കാനുറച്ചാണു നേതൃത്വത്തിന്റെ സൂക്ഷ്മമായ നീക്കങ്ങള്‍. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ കമ്മിറ്റികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇന്നാരംഭിക്കുന്ന എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സെക്രട്ടേറിയേറ്റ് യോഗം കൊച്ചിയിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പങ്കെടുത്ത യോഗം, ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളിലുണ്ടായ പരസ്യപോരുകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. തൃപ്പൂണിത്തുറയിലുള്പ്പടെ ഏരിയ കമ്മിറ്റികളിലുണ്ടായ ഭിന്നതകള്‍ ജില്ലയില്‍ പാര്‍ട്ടിയ്ക്കു പേരുദോഷമുണ്ടാക്കിയിരുന്നു. ഗ്രൂപ്പ് പോരിനെത്തുടര്ന്നു വിവിധ ബ്രാഞ്ച് സമ്മേളനങ്ങള്‍ നിര്ത്തിവയ്ക്കേണ്ടിവന്നതിലും സംസ്ഥാന നേതൃത്വം അമര്‍ഷത്തിലാണ്.
കൂത്താട്ടുകുളത്തെ കൗണ്‍സിലറുടെ തട്ടിക്കൊണ്ടുപോകലും അനുബന്ധ സംഭവവികാസങ്ങളും സമ്മേളനകാലത്തു സിപിഎമ്മിനുണ്ടാക്കിയ പരിക്ക് ചെറുതല്ല. പ്രശ്നത്തില്‍ ഏരിയ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ നടത്തിയ വിശദീകരണം പാര്‍ട്ടി ഘടകങ്ങളില്‍പ്പോലും തൃപ്തികരമായിട്ടില്ല.
പ്രതിനിധി സമ്മേളനങ്ങളില്‍ അഭിപ്രായ പ്രകടനത്തിന് അവസരമുണ്ടെങ്കിലും വിവാദങ്ങളിലേക്കു ചര്‍ച്ചകള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിക്കു വൈകില്ല. തെരഞ്ഞെടുപ്പില്‍ അഭിപ്രായ സമന്വയം ഉറപ്പാക്കും.
എറണാകുളത്തു ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ കസേരയ്ക്ക് ഈ സമ്മേളനത്തിലും ഇളക്കം തട്ടാനിടയില്ല. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വവുമായും പിണറായി വിജയനുമായും നല്ല ബന്ധം തുടരുന്ന ജില്ലാ സെക്രട്ടറി തുടരുന്നതാണ് ഉചിതമെന്ന തീരുമാനത്തിലാണ് ഔദ്യോഗിക വിഭാഗം.
ഒഴിവുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും മത്സരമൊഴിവാക്കാനുള്ള നിര്‍ദേശങ്ങളാണ് സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചിട്ടുള്ളത്. വനിതകള്‍ക്കു മതിയായ പരിഗണന ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
പ്രായാധിക്യം; ജില്ലാ കമ്മിറ്റിയിലെ ആറോളം പേര് സ്ഥാനമൊഴിയും
കൊച്ചി: 47 അംഗ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ആറോളം പേര് ഇത്തവണ സ്ഥാനമൊഴിയും. പ്രായാധിക്യം മൂലമാണ് ഇവര്‍ സ്ഥാനമൊഴിയുന്നത്. പി.എന്‍. സീനുലാല്‍ (എറണാകുളം), കെ.വി. ഏലിയാസ്, സി.കെ. വര്‍ഗീസ് (കോലഞ്ചേരി), ഇ.പി. സെബാസ്റ്റ്യന്‍ (അങ്കമാലി), കെ.എ. ചാക്കോച്ചന് (കാലടി), എം.ബി. ചന്ദ്രശേഖരന് (തൃപ്പൂണിത്തുറ) എന്നിവരാണ് സ്ഥാനമൊഴിയുന്നതെന്നാണ് അറിയുന്നത്.
ഇവരെ കൂടാതെ മരണപ്പെട്ട കെ.ജെ. ജേക്കബ് (എറണാകുളം), എം.കെ.ശിവരാജന് (വൈപ്പിന്‍) എന്നിവരുടെ ഒഴിവിലേക്കും പുതിയ ആളുകള്‍ എത്തും. കൊല്ലം സംസ്ഥാന സമ്മേളനത്തിനു ശേഷം സി.എന്‍.മോഹനന് ഉന്നത പദവിയിലേക്ക് പ്രമോഷനോടെ എത്താനും സാധ്യതയുണ്ട്. കോതമംഗലത്ത് നിന്നുള്ള പാര്‍ട്ടിയിലും പോഷകസംഘടനയിലും പെട്ട രണ്ട് നേതാക്കള്‍ ജില്ലാ നേതൃസ്ഥാനത്തേക്ക് വന്നേക്കും.