വഴിയിൽ കിടന്നുകിട്ടിയ 50,000 രൂപ ഉടമയ്ക്കു നൽകി ലോട്ടറി വ്യാപാരി
1507964
Friday, January 24, 2025 4:41 AM IST
വാഴക്കുളം: വഴിയിൽ കിടന്നുകിട്ടിയ 50,000 രൂപ ഉടമയ്ക്കു തിരികെ നൽകി ലോട്ടറി വ്യാപാരി മാതൃകയായി. വാഴക്കുളം ഫെഡറൽ ബാങ്കിന് സമീപത്തായി വഴിയരികിൽനിന്ന് ലോട്ടറി കച്ചവടം നടത്തിയിരുന്ന പുളിക്കകുന്നേൽ ബിനോയിക്കാണ് ചൊവ്വാഴ്ച ഉച്ചയോടെ ലോട്ടറി വിൽപ്പന നടത്തിയിരുന്ന സ്ഥലത്തുനിന്നും തുക ലഭിച്ചത്.
കിട്ടിയ തുക ഉടമയെ കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉടമയെ തേടി പരസ്യം നൽകിയിരുന്നു.
ഇന്നലെ രാവിലെ തൊടുപുഴ സ്വദേശിയും മത്സ്യ വ്യാപാരിയുമായ ടി.കെ. മുജീബ് പണം തന്റേതാണെന്ന തെളിവു സഹിതം അസോസിയേഷൻ ഓഫീസിൽ എത്തി. അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ടോമി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ തുക ഉടമയ്ക്ക് കൈമാറി.