കൊച്ചിൻ കാർണിവലിന് ഞായറാഴ്ച തുടക്കം
1484718
Friday, December 6, 2024 3:32 AM IST
ഫോർട്ട്കൊച്ചി: 41-ാമത് കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ എട്ടര മണിക്ക് സെന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു കൊണ്ടാണ് കാർണിവൽ ആഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്.
ചടങ്ങിൽ മേയർ എം. അനിൽകുമാർ, ഫോർട്ട്കൊച്ചി സബ് കളക്ടർ കെ. മീര, ഇന്ത്യൻ നേവിക്കു വേണ്ടി ഐഎൻഎസ് ദ്രോണാചാര്യ കമാൻഡിംഗ് ഓഫീസർ കൊമഡോർ മാനവ് സേഗാൾ തുടങ്ങിയവർ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും.
15ന് രാവിലെ 9.30 ന് വാസ്കോ ദ ഗാമ സ്ക്വയറിൽ കൊച്ചിൻ കാർണിവലിന്റെ പതാക ഉയർത്തൽ നടക്കും. കെ.ജെ. മാക്സി എംഎൽഎ പതാക ഉയർത്തൽ ഉദ്ഘാടനം ചെയ്യും.
20 മുതൽ ഡീജെ, മെഗാഷോ, മോട്ടോർ ബൈക്ക് റേസ്, നാടൻപാട്ട്, ചവിട്ടുനാടകം, നീന്തൽ, ഗുസ്തി, മ്യൂസിക്കൽ നൈറ്റ്, ചൂണ്ടയിടൽ മത്സരം തുടങ്ങി വിവിധ കലാ - കായിക മത്സരങ്ങൾ നടക്കും. ഫോർട്ട്കൊച്ചി കടപ്പുറം, പള്ളത്ത് രാമൻ ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, മുണ്ടംവേലി കോർപറേഷൻ ഗ്രൗണ്ട്, സാന്തക്രൂസ് മൈതാനം, വാസ്കോഡഗാമ സ്ക്വയർ, നെഹ്റു പാർക്ക് എന്നിവിടങ്ങളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
31 ന് രാത്രി എട്ടു മുതൽ പുതുവർഷ പുലരിയെ വരവേറ്റുകൊണ്ട് കലാപരിപാടികൾ അരങ്ങേറും. രാത്രി 12 ന് പപ്പാഞ്ഞിയെ കത്തിക്കലും തുടർന്ന് കരിമരുന്ന് പ്രയോഗവും നടക്കും. ജനുവരി ഒന്നിനു വൈകിട്ട് 3.30 ന് വെളി മൈതാനിയിൽ നിന്നു കാർണിവൽ റാലി ആരംഭിക്കുമെന്ന് കാർണിവൽ കമ്മിറ്റി ഭാരവാഹികളായ കെ.ജെ. സോഹൻ, എ.എച്ച്. ഹിദായത്ത്, എം. സോമൻ മേനോൻ, അഭിലാഷ് തോപ്പിൽ, അനു ജോസഫ്, പി.ജെ. ജോസി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.