പോത്ത് വിരണ്ടോടി; രണ്ടു പേർക്ക് കുത്തേറ്റു
1484451
Thursday, December 5, 2024 3:27 AM IST
പറവൂർ: പറവൂരിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. രണ്ട് പേർക്ക് കുത്തേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വഴിക്കുളങ്ങരയിലായിരുന്നു സംഭവം. നാട്ടുകാരെ പരിഭ്രാന്തരാക്കി വാണിയക്കാട്, നന്തികുളങ്ങര ഭാഗങ്ങളിലൂടെ ഓടിയ പോത്ത് രണ്ടു പേരെ കുത്തിയെങ്കിലും കൊമ്പ് അകത്തേക്ക് വളഞ്ഞിരുന്നതിനാൽ ഇവർക്ക് കാര്യമായ പരിക്കില്ല.
പെരുവാരത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിന് പിന്നിലെ ചതുപ്പുനിലത്തിലെത്തിയാണ് പോത്ത് നിന്നത്. അസി. സ്റ്റേഷൻ ഓഫീസർ കെ.എൻ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പോത്തിന്റെ ഉടമയും കൂടെയുള്ളവരും ചേർന്ന് പോത്തിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പോത്ത് ഇവരെ തുരത്തിയോടിച്ചു.
അപകടകാരിയായ പോത്തിന്റെ കഴുത്തിൽ കയറിടുന്നത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞ് സേനാംഗങ്ങൾ നിലത്ത് റണ്ണിംഗ് ബോലൈന്റെ അഞ്ച് കെട്ടുകൾ നിരത്തിവച്ച് അതിലൂടെ പോത്തിനെ ഓടിക്കാൻ ശ്രമിച്ചു. ഒരു കുരുക്കിൽ കാൽകുടുങ്ങി പോത്ത് വീണതോടെ കഴുത്തിൽ മൂന്ന് കയറിട്ട് കാലുമായും കൊമ്പുമായും കെട്ടി ബന്ധിക്കുകയായിരുന്നു. തുടർന്ന് ഉടമ പോത്തിനെ കൊണ്ടുപോയി.