കനാലിൽ ബൈക്ക് വീണ് യുവതി മരിച്ച കേസ്; ബൈക്കോടിച്ച സുഹൃത്ത് അറസ്റ്റിൽ
1483943
Tuesday, December 3, 2024 3:38 AM IST
ചോറ്റാനിക്കര: കനാലിൽ ബൈക്ക് വീണ് യുവതി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് എംഎൽഎ റോഡ് അംബിക നിവാസിൽ ആർ.വി. വിജിൽ കുമാറാ(48)ണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനഃപൂർവമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുരീക്കാട് എരുവേലി റോഡിന് സമീപം കനാൽ ബണ്ട് റോഡിലെ കനാലിൽ നെട്ടൂർ തെക്കേവീട്ടിൽ പറമ്പിൽ ഷാനി എന്നു വിളിക്കുന്ന ഷാഹിൻ ബീ(45) യെ മരിച്ച നിലയിൽ കണ്ടത്.
വെള്ളിയാഴ്ച വൈകിട്ട് അമിതമായി മദ്യപിച്ച് മദ്യലഹരിയിലായിരുന്ന വിജിൽ കുമാർ, യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു. മദ്യലഹരിയിൽ അബോധാവസ്ഥയിലായ ഇയാൾക്ക് രാവിലെ ബോധം വന്ന സമയമാണ് ആളുകൾ അറിഞ്ഞത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇൻസ്പെക്ടർ മനോജ് കെ.എൻ, പ്രിൻസിപ്പൽ എസ്ഐ എം.വി. റോയി, എസ്ഐമാരായ അനിൽകുമാർ, ഷാജി, എഎസ്ഐ രാജലക്ഷ്മി, കെ.വി. സിന്ധു, സിപിഒ പി.പി. അഭിജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.