4.11 കോടി കവർന്ന രണ്ട് പേർ പിടിയിൽ
1483683
Monday, December 2, 2024 3:52 AM IST
കാക്കനാട്: ഡൽഹി പോലീസിൽ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് 4.11 കോടി രൂപ തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ. കാക്കനാട് വാഴക്കാല സ്വദേശിനി ബെറ്റി ജോസഫിനെ കബളിപ്പിച്ച് ഓൺലൈനിലൂടെ പണം തട്ടിയതിനാണ് മലപ്പുറം എൻഡ്രാത്ത് കുനിയിൽ മുഹമ്മദ് മുഹസിൽ (22), കോഴിക്കോട് മാവൂർ കണ്ണമ്പറമ്പിൽ മിഷാബ് (21) എന്നിവരെ അറസ്റ്റ് ചെയ്തത്. ബെറ്റി ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡൽഹിയിലെ ഐസിഐസിഐ ബാങ്കിൽ വീട്ടമ്മയുടെ പേരിൽ സന്ദീപ്കുമാർ എന്നയാൾ അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും ഈ അക്കൗണ്ടിലൂടെ ഇയാൾ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും ലഹരിക്കടത്തും നടത്തിയിട്ടുള്ളതായി അറിയിച്ച സംഘം ഇവരുടെ പേരിലുള്ള മറ്റ് അക്കൗണ്ടുകൾ കൂടി പരിശോധിക്കണമെന്ന വ്യാജേന പണം കൈവശപ്പെടുത്തുകയായിരുന്നു.
അക്കൗണ്ടുകൾ പരിശോധിച്ച് നിയമപ്രകാരമുള്ള പണമാണെന്ന് ബോധ്യപ്പെട്ടാൽ തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി കോടികൾ കവർന്നത്. പണം കൈമാറാത്ത പക്ഷം ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. 2024 ഒക്ടോബർ 16 മുതൽ 21 വരെയുള്ള തീയതികളിലായിട്ടാണ് ഇത്രയും തുകയുടെ കൈമാറ്റം നടന്നത്.
പണം കൈക്കലാക്കാൻ
450 അക്കൗണ്ടുകൾ
വീട്ടമ്മയുടെ പക്കൽനിന്ന് പണം കൈവശപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ചത് 450 അക്കൗണ്ടുകളെന്ന് അന്വേഷണ സംഘം. 600 ഇടപാടുകളാണ് ഇതിനായി നടത്തിയത്. പല പേരുകളിലുള്ള അക്കൗണ്ടുകൾ ഉപയോഗിക്കുന്ന സംഘം അക്കൗണ്ട് ഉടമ പണം പിൻവലിച്ച് ഇവരെ ഏൽപ്പിക്കുന്പോഴാണ് പ്രതിഫലം നൽകുന്നത്. ഒരു ലക്ഷം രൂപക്ക് 5,000 രൂപ വരെയാണ് കമ്മീഷൻ. ഇത്തരത്തിൽ സ്വരൂപിക്കുന്ന പണം ഹവാല ഇടപാടുകൾക്കും സ്വർണക്കടത്തിനും ഉപയോഗിക്കുന്നതായ സംശയവും ബലപ്പെടുന്നുണ്ട്.
പ്രതികൾ നൽകിയ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ച പരാതിക്കാരി താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതോടെ ഒക്ടോബർ 22ന് ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.
40-ാം ദിവസം പ്രതികളെ വലയിലാക്കി സൈബർ പോലീസ്
കാര്യമായ തുമ്പുകൾ ഒന്നും ഇല്ലാതെയുള്ള അന്വേഷണത്തിനൊടുവിൽ 40-ാം നാൾ പ്രതികളെ വലയിലാക്കിയ കൊച്ചി സൈബർ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇത്തരം തട്ടിപ്പു നടത്തുന്ന സംഘങ്ങളിൽ 18 മുതൽ പ്രായമുള്ള യുവാക്കൾ കണ്ണികളാണ്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങളുടെ പ്രായത്തിലുള്ള ഒട്ടേറെപേർ ഓൺലൈൻ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് വെളിപ്പെടുത്തിയത്.
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുസംഘങ്ങൾ ഏറ്റവും സജീവമായി പ്രവർത്തിക്കുന്നതെന്നും സൈബർ പോലീസ് പറഞ്ഞു. സൈബർ ക്രൈം കേസുകളുടെ ചുമതലയുള്ള എസിപി എം.കെ. മുരളിയുടെ നേതൃത്വത്തിൽ എസ്ഐ പി.ആർ. സന്തോഷ്, എഎസ്ഐ വി. ശ്യാംകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി.ആർ. അരുൺ, അജിത് രാജ്, നിഖിൽ ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.