പണമടച്ചിട്ടും കുടിവെള്ള കണക്ഷൻ പുനസ്ഥാപിച്ചില്ല; പോലീസിൽ പരാതി
1478020
Sunday, November 10, 2024 7:20 AM IST
പറവൂർ : വടക്കേക്കര സെക്ഷനിലെ ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പണമടച്ചിട്ടും കുടിശിക വരുത്തിയെന്ന് ആരോപിച്ച് കട്ടു ചെയ്ത കുടിവെള്ള കണക്ഷൻ പുനസ്ഥാപിച്ചില്ല. ഇതേത്തുടർന്ന് ഉപയോക്താവ് പോലീസിൽ പരാതി നൽകി.
മടപ്ലാതുരുത്ത് പുത്തൻവീട്ടിൽ സാജുവിന്റെ കണക്ഷൻ ബുധനാഴ്ച രാവിലെ മുന്നറിയിപ്പ് നൽകാതെ വിച്ഛേദിച്ചിരുന്നു പിറ്റേന്ന് രാവിലെ കുടിശിക അടച്ചിട്ടും ഉദ്യോഗസ്ഥർ കണക്ഷൻ പുനസ്ഥാപിച്ചു നൽകിയിരുന്നില്ല.
വിച്ഛേദിച്ച കണക്ഷൻ പുനസ്ഥാപിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തം അല്ലെന്നും വേണമെങ്കിൽ ലൈസൻസ് ഉള്ള പ്ലംബറെ കൊണ്ട് നിങ്ങളുടെ ചെലവിൽ ചെയ്യിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ സാജു വടക്കേക്കര പോലീസിൽ പരാതി നൽകി. ഇതോടെ ഒറവൻതുരുത്തിൽ കാഴ്ച പരിമിതിയുള്ള സ്ത്രീയുടെ വീട്ടിലെ ഗാർഹിക കുടിവെള്ള കണക്ഷൻ കുടിശിക അടച്ച് മൂന്നുദിവസമായിട്ടും പുനസ്ഥാപിച്ചിട്ടില്ലെന്ന വാർത്തയും വെളിയിൽ വന്നു. കാഴ്ച പരിമിതിയുള്ളസ്ത്രീയുടെ ഭർത്താവ് ലോട്ടറി വിൽപനയ്ക്കായി പുറത്തു പോയ സമയത്താണ് ഉദ്യോഗസ്ഥരെത്തി കണക്ഷൻ വിഛേദിച്ചത്. മൂന്നു ദിവസമായി ശുദ്ധജലം ലഭിച്ചിരുന്നില്ല. എന്നാൽ സംഭവം വിവാദമാകുന്നുവെന്നു കണ്ട് ഉദ്യോഗസ്ഥർ ഇവിടെ കണക്ഷൻ നൽകിയിരുന്നു. പരാതി വിവാദമായതോടെ മന്ത്രി റോഷി അഗസ്റ്റിനും ഇടപെട്ടു.
രാവിലെ തന്നെ ഉദ്യോഗസ്ഥർ സാജുവിന്റെ വീട്ടിലെത്തി ഗാർഹിക കുടിവെള്ള കണക്ഷൻ പുനസ്ഥാപിച്ചു നൽകി. ഗാർഹിക കണക്ഷൻ വിഛേദിക്കാൻ മാത്രമേ വരൂ പുനഃസ്ഥാപിക്കാൻ വരില്ലെന്ന വിചിത്രമായ നിലപാട് ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണെന്നും ഇതിനെതിരെ കാര്യക്ഷമമായ അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.