100 കാലാവസ്ഥാ പ്രതിരോധ മത്സ്യഗ്രാമങ്ങൾ വികസിപ്പിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
1467632
Saturday, November 9, 2024 5:05 AM IST
കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാൻ രാജ്യത്ത് 100 കാലാവസ്ഥാ പ്രതിരോധ തീരദേശ മത്സ്യഗ്രാമങ്ങൾ വികസിപ്പിക്കുമെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് കേന്ദ്രസർക്കാർ രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യമേഖലയിലെ ഡ്രോൺ ഉപയോഗ സാധ്യതകളെക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശില്പശാലയും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയിൽ ഉൾപ്പെട്ട മത്സ്യഗ്രാമങ്ങളിൽ മത്സ്യം ഉണക്കുന്നതിനുള്ള യാർഡുകൾ, സംസ്കരണ കേന്ദ്രങ്ങൾ, മത്സ്യമാർക്കറ്റുകൾ, എമർജൻസി റെസ്ക്യൂ സൗകര്യങ്ങൾ, കടൽപ്പായൽ കൃഷി, കൃത്രിമ പാരുകൾ, ഹരിത ഇന്ധന സംരംഭങ്ങൾ തുടങ്ങിയവ സ്ഥാപിക്കും. കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൊതു സൗകര്യങ്ങളും ഒരുക്കും. കാലാവസ്ഥാ വ്യതിയാന ഭീഷണിയുടെ പശ്ചാത്തലത്തിൽ, മത്സ്യത്തൊഴിലാളികൾക്ക് സുസ്ഥിരമായ സാമ്പത്തിക-ഉപജീവന അവസരങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഡ്രോണുകളുടെ വരവ് മത്സ്യമേഖലയിൽ വഴിത്തിരിവാകും. കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കി മത്സ്യബന്ധനം, കൃഷി, പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം തുടങ്ങിയവക്ക് വേഗം കൂട്ടാൻ ഡ്രോൺ ഉപകരിക്കും. ഒരു ലക്ഷത്തോളം മത്സ്യബന്ധന യാനങ്ങളിൽ ഈ വർഷം ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ ഉൾപ്പെടെ 700ഓളം പേരാണ് ശില്പശാലയിൽ പങ്കെടുത്തത്. മത്സ്യകൃഷിയിടങ്ങളിൽ മീനുകൾക്ക് തീറ്റ നൽകൽ, വിളവെടുത്ത മത്സ്യം വഹിച്ച് ഉപഭോക്താക്കളിലെത്തിക്കൽ, ലൈഫ് ജാക്കറ്റ് നൽകിയുള്ള ദുരന്തനിവാരണം തുടങ്ങി മത്സ്യമേഖലയിലെ ഡ്രോണിന്റെ ഉപയോഗ സാധ്യതകൾ വിദഗ്ധർ പ്രദർശിപ്പിച്ചു.
കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഡോ. ബി.കെ. ബെഹറ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, ഡോ. വി.വി.ആർ. സുരേഷ്, ഡോ. ശോഭ ജോ കിഴക്കൂടൻ എന്നിവർ പ്രസംഗിച്ചു.