സിപിഎം ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പം: വി.ഡി. സതീശന്
1478030
Sunday, November 10, 2024 7:20 AM IST
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയാണ് പി.പി. ദിവ്യയെ സ്വീകരിക്കാന്‍ ജയിലില്‍ പോയത്. പാര്‍ട്ടി നേതാവായ ഭര്‍ത്താവ് പറയുന്നത് ഇരയുടെ കുടുംബത്തിനൊപ്പമെന്ന്, വേട്ടക്കാരിയെ ജയിലില്‍ നിന്നും സ്വീകരിക്കുന്നത് പാര്‍ട്ടി നേതാവായ ഭാര്യ- ഇതാണ് കേരളത്തിലെ സിപിഎമ്മിന്റെ മുഖം.
കൈക്കൂലി നല്‍കിയെന്ന് പറഞ്ഞിട്ടും വ്യാജരേഖ ചമച്ചെന്നു ബോധ്യമായിട്ടും എന്തുകൊണ്ടാണ് പ്രശാന്തനെതിരെ കേസെടുക്കാത്തത്. ഒരുപാട് ദുരൂഹതകള്‍ ഉണ്ടാക്കുന്ന പങ്കാണ് പി.പി ദിവ്യയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സിപിഎമ്മിനുള്ളത്. ആരുടെ ബിനാമിയാണ് പ്രശാന്തന് എന്ന് അന്വേഷിച്ചാല്‍ ഒരുപാട് രഹസ്യങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി കേടായതു സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷ്യസാധനവും വിതരണം ചെയ്തിട്ടില്ല. റവന്യൂ അഥോറിട്ടികള് നല്കിയ ഭക്ഷ്യസാധനങ്ങളാണ് പഞ്ചായത്ത് വിതരണം ചെയ്തത്.കളക്ടറേറ്റില്‍ നിന്നും എത്തിക്കുന്ന സാധനങ്ങള്‍ ഉദ്യോഗസ്ഥരാണ് വിതരണം ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നതെന്നും സതീശൻ ചോദിച്ചു.