ADVERTISEMENT
ADVERTISEMENT
16
Tuesday
September 2025
11:39 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
Local News
എറണാകുളം
KL7
select District
എറണാകുളം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
വടംവലിയില്‍ കണ്ണൂരിന്റെ ആധിപത്യം തകര്‍ത്ത് പാലക്കാട്
1478031
Sunday, November 10, 2024 7:20 AM IST
X
കൊച്ചി: സ്കൂൾ ഗെയിംസിൽ വടംവലിയുടെ കുത്തക കൈവശംവച്ചിരുന്ന കണ്ണൂരിന് എറണാകുളത്ത് കാലിടറി. കേരള സ്കൂള്‍ കായികമേളയുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വടംവലിയിൽ അട്ടിമറി വിജയത്തോടെയാണ് പാലക്കാടിന്റെ തേരോട്ടം. അതേസമയം, സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂർ കിരീടം നിലനിർത്തി. മലപ്പുറവുമായി നടന്ന ഫൈനലിൽ ഏകപക്ഷീയമായിട്ടായിരുന്നു കണ്ണൂര്‍ പെൺകൊടികളുടെ ജയം.
കഴിഞ്ഞ രണ്ടുവഷമായി സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ഒന്നാം സ്ഥാനം കണ്ണൂരിനായിരുന്നു. ദേശീയതലത്തില്‍ വടംവലി മത്സരത്തില്‍ മത്സരിച്ചിട്ടുള്ള സനിത്തിന്റെയും ശ്രീരാജിന്റെയും നേതൃത്വത്തിലാണ് കണ്ണൂര്‍ ടീം പരിശീലിക്കുന്നത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയെങ്കിലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന് നാലാം സ്ഥാനമാണ് ലഭിച്ചത്.
പരിക്കുകൾക്ക് ആശ്വാസമായി "സ്പോർട്സ് ആയുർവേദ’
കോലഞ്ചേരി: സ്കൂൾ കായികമേളയുടെ വേദികളിലൊന്നായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിൽ നടന്ന മത്സരങ്ങളിൽ താരങ്ങൾക്കുണ്ടായ പരിക്കുകൾക്ക് ആശ്വാസമായി സ്പോർട്സ് ആയുർവേദ വിഭാഗം. കളിക്കിടയിൽ കായിക താരങ്ങൾക്ക് മാംസ പേശികളിലും സന്ധികളിലും ഉണ്ടാവുന്ന വിവിധ പരിക്കുകൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സ്പോർട്സ് ആയുർവേദ വിഭാഗത്തിന് കഴിഞ്ഞിരുന്നു.
പരിക്കുകൾകൊണ്ട് വിവാദമായ "വുഷു’ മത്സരം ചില മണിക്കൂറുകൾ നിർത്തിവയ്ക്കേണ്ടി വന്നപ്പോഴും ആശ്വാസമായി മാറിയത് പരിശീലനം ലഭിച്ച സ്പോർട്സ് ആയുർവേദ വിഭാഗത്തിലെ ഡോക്ടർമാരുടെയും നഴ്സുമാരുടേയും പരിശ്രമമാണ്.
വുഷു മത്സരത്തിൽ എഴുപതോളം കായിക താരങ്ങൾ തലയ്ക്കും കഴുത്തിനും കൈകൊഴയ്ക്കും കാൽമുട്ട് തെന്നി മാറിയും മൂക്കിൽ ക്ഷതമേറ്റ് രക്തം വാർന്നും മറ്റുമെല്ലാം പരിക്കേറ്റിരുന്നു. ഇവിടെല്ലാം അടിയന്തര ചികിത്സ ലഭ്യമാക്കി പരിക്ക് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിരുന്നു.
ഇത് ബോൾ ബാഡ്മിന്റൺ കുടുംബം
കോലഞ്ചേരി: കുടുംബത്തിലെ നാലു കുട്ടികളും ബോൾ ബാഡ്മിന്റണിൽ. നിലവിൽ മൂന്നുപേർ കളിക്കുന്നത് മലപ്പുറത്തിനു വേണ്ടി. ബോൾ ബാഡ്മിന്റൺ അണ്ടർ-17 വിഭാഗത്തിൽ ചാമ്പ്യൻ പട്ടം നേടിയ മലപ്പുറം ടീമിലെ കളിക്കാരായ മാളവികയും തിങ്കളും ജ്യേഷ്ഠാനുജൻമാരുടെ മക്കളാണ്. മാളവിക ടീം ക്യാപ്റ്റനുമായിരുന്നു.
തിങ്കളിന്റെ കുഞ്ഞുസഹോദരൻ 11 കാരനായ സുദന്ത് അണ്ടർ-14 വിഭാഗത്തിൽ മലപ്പുറത്തിനായി കളിക്കളത്തിലിറങ്ങി. മാളവികയുടെ ചേച്ചി ദേവിക ബോൾബാഡ്മിന്റൺ ദേശീയ താരമായിരുന്നു. ഇന്നലത്തെ കളിയിൽ മാളവികയ്ക്ക് വലതു കാലിനും അർധ സഹോദരനായ സുദന്തിന് വലത്തേ കണ്ണിനു മുകളിലും പരിക്കേറ്റിരുന്നു.
നാല് സ്റ്റിച്ചുകൾ ഇടേണ്ടി വന്നെങ്കിലും സുദന്ത് മലപ്പുറത്തിന് വേണ്ടി കളിക്കളത്തിലെത്തി. വലത് കാലിനേറ്റ പരിക്ക് സാരമാക്കാതെ സെമിയും ഫൈനലും കളിച്ച് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി മാളവികയും പരിക്കിനെ തോൽപ്പിച്ചു.
കരാട്ടെയിൽ രണ്ടാം സ്ഥാനം നേടി ഇരട്ടകൾ
തൃപ്പൂണിത്തുറ: സ്കൂൾ കായികമേളയിൽ കരാട്ടെയിൽ ഒരേ പോലെ മികവ് തെളിയിച്ച് ഇരട്ട സഹോദരികൾ. ഉദയംപേരൂർ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ വി.എസ്.കൃഷ്ണേന്ദുവും വി.എസ്.ഇന്ദുലേഖയുമാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ പെൺകുട്ടികളുടെ കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ഇരട്ടകളിൽ വി.എസ്. കൃഷ്ണേന്ദു 40 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലും വി.എസ്. ഇന്ദുലേഖ 44 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലുമാണ് രണ്ടാം സ്ഥാനം നേടിയത്. കെഎസ്ആർടിസി ജീവനക്കാരനായ ഉദയംപേരൂർ വള്ളാറയിൽ സാജു-ചിത്രാമോൾ (പോപ്പുലർ വെഹിക്കിൾസ്) ദമ്പതികളുടെ മക്കളാണ്. സഹോദരൻ ശ്രീനിത്.
< b>മൊബൈൽ ഫോൺ അഡിക്ട് ആണോയെന്ന് അറിയാം
കേരള സ്കൂൾ കായികമേള
കൊച്ചി: സ്കൂൾ കായികമേളയിൽ മത്സരിക്കാനും കാണാനുമെത്തുന്നവർ കൊച്ചി സിറ്റി സോഷ്യൽ പോലീസ് വിംഗ് ഒരുക്കിയിരിക്കുന്ന പവലിയനിലേക്ക് വന്നാൽ മതി... നിങ്ങൾ മൊബൈൽ ഫോണിന് അടിമയാണോയെന്ന് അറിയാം. അമിതമായി ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനും ഇവിടെ പരിഹാരമുണ്ട്. ഡിജിറ്റൽ ഡി അഡിക്ഷൻ പ്രോജക്ടിന്റെ ഭാഗമായി 18 വയസിന് താഴെയുള്ള കുട്ടികൾക്ക് 10 ചോദ്യാവലി നൽകും. എത്ര സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്, പഠനത്തെ ഇതു ബാധിക്കുന്നുണ്ടോ എന്നു തുടങ്ങി സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇതിലുള്ളത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 200 ലധികം വിദ്യാർഥികളാണ് ഈ ചോദ്യാവലി പൂരിപ്പിച്ച് നൽകിയത്. കുറച്ചു പേരെങ്കിലും മൊബൈൽ ഫോണുകൾ അമിതമായി ഉപയോഗിക്കുന്നവരാണ്. ഈ വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകാൻ മാതാപിതാക്കൾക്ക് സമ്മതമാണെങ്കിൽ അതാത് ജില്ലകളിലെ സോഷ്യൽ പോലീസിംഗിന്റെ കീഴിലുള്ള സെന്ററുകൾ വഴി കൗൺസലിംഗ് നൽകുന്നതിന് സൗകര്യമൊരുക്കുമെന്ന് സോഷ്യൽ പോലീസിംഗ് വിംഗ് അസിസ്റ്റന്റ് നോഡൽ ഓഫീസർ എം.ബി. സൂരജ് കുമാർ പറഞ്ഞു. പവലിയനിൽ സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്.
നിലവിൽ 20 പോലീസ് ജില്ലകളിലും കൗൺസലർമാരുണ്ട്. ‘സേ നോ ടു ഡ്രഗ്, യേസ് ടു സ്പോർട്സ്’ എന്ന സന്ദേശമാണ് ഇവിടെ എത്തുന്നവർക്ക് നൽകുന്നത്. ഫോർത്ത് വേ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്.
ADVERTISEMENT
ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഇടക്കൊച്ചി: കണ്ണങ്ങാട്ട് റോഡില്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം താമസിക്കുന്ന വാത്തുവീട്ടില്‍ വി.ജെ. തോമസി(ടോമി - 68)നെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കും. ഭാര്യയുടെ മരണശേഷം ഒറ്റയ്ക്കായിരുന്നു താമസം. ഏക മകൾ കുടുംബമായി വിദേശത്താണ് കഴിയുന്നത്. സംസ്കാരം ഇന്ന് 2.30ന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ മേരി. മകള്‍: ഷാറോണ്‍ ബ്രൈറ്റന്. മരുമകന്: ബ്രൈറ്റന്.
എംസി റോഡ് കൂത്താട്ടുകുളത്തെ ടേക്ക് എ ബ്രേക്ക് പ്രവർത്തനം നിലച്ചു
കൂത്താട്ടുകുളം: എം സി റോഡിൽ കാലിക്കറ്റ് കവലയിലെ നഗരസഭ ടേക്ക് എ ബ്രേക്ക് പ്രവർത്തനം നിലച്ചതായി ആക്ഷേപം. മുൻ ഭരണ സമിതി ഏർപ്പാടാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് ഭരണസമിതി ഒഴിവാക്കിയതാണ് ടേക്ക് എ ബ്രേക്കിന്റെ പ്രവർത്തനം നിലക്കാൻ കാരണമായി പറയുന്നത്. ശുചീകരണ തൊഴിലാളികൾ ഇല്ലാതായതോടെ ടേക്ക് എ ബ്രേക്കിന്റെ പരിപാലനം വേണ്ട രീതിയിൽ നടക്കുന്നില്ല. ഒരാഴ്ചയായി ശുചി മുറികളിൽ വെള്ളം ഇല്ലാതെ ഉപയോഗിച്ചതിനാൽ ദുർഗന്ധം മൂലം പ്രദേശത്ത് ആളുകൾ ചെല്ലാനാകാത്ത അവസ്ഥയാണ്. പൈപ്പുകൾ, ലൈറ്റുകൾ ഇവയെല്ലാം തകർന്ന നിലയിലാണ്. സമീപത്തുള്ള കടകളിൽ വരെ ദുർഗന്ധമെത്തി ആളുകൾ കയറാതെ വന്നതോടെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി 15 ലക്ഷം രൂപ മുടക്കി നിർമിച്ച പദ്ധതി നല്ല രീതിയിൽ പ്രവർത്തിച്ചു വരികയായിരുന്നു. അട്ടിമറിയിലൂടെ അധികാരമേറ്റ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത പദ്ധതിയെ താറുമാറാക്കിയെന്ന് മുൻ ചെയർപേഴ്സൺ വിജയാ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ പറഞ്ഞു. എൽഡിഎഫ് കൗൺസിലർമാർ പ്രദേശം സന്ദർശിച്ച് സൂചനാ സമരം നടത്തി. സമരം കൗൺസിലർ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ അംബിക രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മറ്റ് കൗൺസിലർമാരായ വിജയ ശിവൻ, ജിജി ഷാനവാസ്, സുമ വിശ്വംഭരൻ, പി.ആർ. സന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു.
കാപ്പ ചുമത്തി ജയിലിലടച്ചു
മൂവാറ്റുപുഴ: നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വെള്ളൂര്‍ക്കുന്നം പെരുമറ്റം മില്ലുംപടി ഭാഗത്ത് ചേനക്കരകുന്നേല്‍ നിബുന്‍ (അപ്പു, 38) നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ പോലീസ് സ്റ്റേഷന് പരിധികളില്‍ കവര്‍ച്ച, മോഷണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. 2025 മേയ് പായിപ്ര പോയാലി മില്ലുംപടി ജംഗഷനിലെ ഗോഡൗണിന്റെ തകര ഷീറ്റ് പൊളിച്ച് അകത്തു കടന്നു മൊബൈല്‍ ടവര്‍ നിര്‍മാണ ഉപകരങ്ങള്‍ മോഷ്ടിച്ചതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എസ്.എന്‍. സുമിത, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ എം.കെ. ഗിരിജ, പോള്‍ മാത്യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബസ് ബൈക്കിലിടിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്
കോതമംഗലം: സ്വകാര്യ ബസ് ബൈക്കിന് പിന്നില്‍ ഇടിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്. കീരംപാറ ഊഞ്ഞാപ്പാറ മുരിയന്ചേരി നഗറില്‍ ചെങ്ങമനാട്ട് സി.ജെ. എല്‍ദോസിനെ (68) യാണ് സാരമായി പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുന്നത്. കുട്ടമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന എല്‍ദോസ് കോണ്‍ഗ്രസ് കവളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ്, എന്റെനാട് ഹൈപ്പവര്‍ കമ്മിറ്റിയംഗം, വീക്ഷണം പ്രാദേശിക ലേഖകന്‍, എല്‍ഐസി ഏജന്റ് എന്നീ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മലയിന്‍കീഴ്-കോഴിപ്പിള്ളി ബൈപ്പാസ് റോഡില്‍ ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടം. സി.ജെ. എല്‍ദോസ് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടന്ന എൽദോസിനെ അതുവഴി കാറില്‍ വന്ന കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീറും അംഗങ്ങളും ചേര്‍ന്നാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സ്വകാര്യ ബസിന് അടിയില്‍ കിടന്ന ബൈക്ക് പിന്നീട് പോലീസ് എത്തിയാണ് നീക്കം ചെയ്തത്. തലക്ക് സാരമായി പരിക്കേറ്റ് ആലുവാ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എല്‍ദോസിനെ വൈകിട്ട് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ കഴിയുന്ന എല്‍ദോസ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതരില്‍നിന്നും ലഭിച്ച വിവരം.
ചരിത്ര സ്മരണയിൽ നേർച്ചപ്പണം കൈമാറി
കോതമംഗലം: ചരിത്ര സ്മരണകൾ അനുസ്മരിച്ച് കുട്ടമ്പുഴ കൊച്ചുനാഗപ്പുഴ പള്ളി ഇടവകാംഗങ്ങൾ ഇല്ലിക്കുമ്പത്തിൽ നിക്ഷേപിച്ച നേർച്ചപ്പണം നാഗപ്പുഴ സെന്റ് മേരീസ് പള്ളിക്ക് കൈമാറി. 1957-ൽ കുട്ടമ്പുഴ മേഖലയിൽ കുടിയേറ്റക്കാർ താമസം ആരംഭിച്ചതായാണ് ചരിത്രരേഖകളിൽ വ്യക്തമാകുന്നത്. കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ശല്യങ്ങൾ മാറുന്നതിന് മാതാവിനോട് പ്രാർഥിക്കുന്നതിനുവേണ്ടി അക്കാലത്ത് ഒത്തു ചേർന്ന സ്ഥലമാണ് നാകപ്പുഴ കവല എന്നപേരിൽ അറിയപ്പെടുന്ന അട്ടിക്കളം. ഇല്ലികൊണ്ട് കുരിശുണ്ടാക്കി നാകപ്പുഴ കുരിശ് സ്ഥാപിക്കുകയും ഇല്ലി കുംഭം കൊണ്ട് ഭണ്ഡാരവും സ്ഥാപിച്ചതായാണ് ചരിത്രം. ഇല്ലി കുംഭത്തിലെ നേർച്ച പൈസകൾ അന്ന് നാകപ്പുഴ പള്ളിയിൽ എട്ട് നോമ്പ് തിരുനാളിന് വഴിപാട് ആയി എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആ ചരിത്രം ആവർത്തിച്ച് ഇക്കുറി കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയിൽ ഇടവക ജനങ്ങളും തീർഥാടകരും ഇല്ലിക്കുംഭത്തിൽ നിക്ഷേപിച്ച നേർച്ച പണം കൊച്ചുനാകപ്പുഴ ഇടവകക്കാർ വികാരി ഫാ. അരുൺ വലിയതാഴത്തിന്റെ നേതൃത്വത്തിൽ നാകപ്പുഴ സെന്റ് മേരീസ് പള്ളി വികാരി ഫാ. പോൾ നെടുംപുറത്തിന് കൈമാറി. കൈക്കാരന്മാരായ ജോഷി കാക്കനാട്ട്, ഷാമോൻ കൊരട്ടിക്കുന്നേൽ ജോജി നെല്ലിമല എന്നിവർ പങ്കെടുത്തു.
ലൈഫ് പദ്ധതിയിലെ വീടിന് തറക്കല്ലിട്ടു
ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ നിർമിച്ചു നൽകുന്ന 149-ാമത്തെ വീടിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപും വാർഡംഗം പി.വി.പൗലോസും ചേർന്ന് തറക്കല്ലിട്ടു. പഞ്ചായത്തംഗങ്ങളായ രജനി മനോഷ്, പ്രകാശൻ ശ്രീധരൻ, ലൈജു ജനകൻ, രേഖ പ്രകാശൻ, മിനി പ്രദീപ്, വിഇഒ രാജേശ്വരി എന്നിവർ പങ്കെടുത്തു.
എന്റെ നാട് ജനസമ്പർക്ക യാത്ര
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ഗാന്ധി ദർശൻ പദ്ധതിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിൽ നടത്തിയ ജനസമ്പർക്കയാത്ര യുഡിഎഫ് മണ്ഡലം കൺവീനർ ബിനോയ് സി. പുല്ലൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് തല പ്രസിഡന്റ് കെ.ഡി. വർഗീസ് അധ്യക്ഷത വഹിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഗോപി, ബീന റോജോ, സി.ജെ. എൽദോസ്, ജിൻസ് മറ്റത്തിൽ, മാമച്ചൻ ജോസഫ്, രാജു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. 2024 ൽ ലക്ഷദ്വീപിൽ നടത്തിയ സന്തോഷ് ട്രോഫി മത്സരത്തിൽ അസിസ്റ്റന്റ് കോച്ചും കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ ഫുട്ബോൾ ടീമിന്റെ പരിശീലകനുമായ ബിനു വി. സ്കറിയയെ മൊമെന്റോ നൽകി ആദരിച്ചു. കീരംപാറ പഞ്ചായത്തിലെ മികച്ച കർഷകരെയും യോഗത്തിൽ ആദരിച്ചു. ജനസമ്പർക്ക യാത്രയുടെ ഭാഗമായി ഊഞ്ഞാപ്പാറ മേഖലയിൽ ഭവന സന്ദർശനവും നടത്തി.
മൊട്ട ഗ്ലോബൽ അംഗങ്ങൾ വാഴക്കുളത്ത്
വാഴക്കുളം: വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രചാരണാർഥം മൊട്ട ഗ്ലോബൽ അസോസിയേഷൻ അംഗങ്ങൾ വാഴക്കുളത്ത് എത്തി. മൊട്ട ഗ്ലോബൽ ഫൗണ്ടർ പ്രസിഡന്റ് സനീഷ് കുട്ടനെല്ലൂരിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള അസോസിയേഷൻ അംഗങ്ങളാണ് വാഴക്കുളത്തെത്തിയത്. വാഴക്കുളം സെന്റ് ജോർജ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഡയാലിസിസ് സെന്ററിൽ നടന്ന ചടങ്ങിൽ നിർമാണ പ്രവർത്തനങ്ങൾക്കായി മൊട്ട ഗ്ലോബൽ അസോസിയേഷൻ അംഗങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യന്‍ തുക കൈമാറി. സെന്റ് ജോർജ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജോണി മെതിപ്പാറ, സാജു ടി. ജോസ്, ഡോ. മാത്യൂസ് നമ്പേലി, പ്രഫ. ജോസ് അഗസ്റ്റിൻ, ബിജു കരിയാമ്പുറത്ത്, ജെയിംസ് വർഗീസ്, ജിജി ഏലൂർ, ബിനു മിത്രൻ, കെ.വി. മനോജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബ്ലോക്ക്തല പാലിയേറ്റീവ് രോഗി - ബന്ധു സംഗമം
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല പാലിയേറ്റീവ് രോഗി - ബന്ധു സംഗമം സ്നേഹ സ്പർശം - 2025 സംഘടിപ്പിച്ചു. പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പരിധിയിലെ പല്ലാരിമംഗലം, വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിലുള്ള പത്ത് പഞ്ചായത്തിലെയും പാലിയേറ്റീവ് രോഗികളെയും,അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ച് ഒരു ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ആനിസ് ഫ്രാൻസിസ്, ടി.കെ. കുഞ്ഞുമോൻ, പഞ്ചായത്ത് അംഗങ്ങളായ മാമച്ചൻ ജോസഫ്, സീനത്ത് മൈതീൻ, ലത ഷാജി, മെഡിക്കൽ ഓഫീസർമാരായ ഡോ.അനില ബേബി, ഡോ.അനൂപ് തുളസി എന്നിവർ പങ്കെടുത്തു. സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനം വിതരണം ചെയ്തു.
റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ നല്കി
കോലഞ്ചേരി: പുത്തൻകുരിശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സബർബ്സിന്റെ നേതൃത്വത്തിൽ കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളജിന് (കാസ്ക്) പുസ്തകങ്ങളും അലമാരയും നൽകി. ക്ലബ് പ്രസിഡന്റ് ഗിരിജാ നാരായണനിൽനിന്ന് കോളജ് പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് ഫിലിപ്പും ലൈബ്രറിയിൽ സൗമ്യ രാജേന്ദ്രനും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. റോട്ടറാക്ട് പ്രസിഡന്റ് സ്നേഹ രാജീവ്, റോട്ടറി മുൻ പ്രസിഡന്റ് സാലു മുഹമ്മദ്, സർവീസ് ചെയർ കെ.ഒ. ജോർജ്, വൈസ് പ്രസിഡന്റ് ജിനോ കുര്യൻ, എം.എ. റുബീന, ആതിര രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.
എം.കെ. സാനു അനുസ്മരണം
മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഫ. എം.കെ. സാനു അനുസ്മരണം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം ബോബി പി. കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് സി.എന്‍. കുഞ്ഞുമോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കുമാര്‍ കെ. മുടവൂര്‍, കെ. മോഹനന്, എന്‍.വി. പീറ്റര്‍, കെ.ബി. ചന്ദ്രശേഖരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
റോഡ് തുറന്നു നൽകിയതിന് സസ്പെന്ഷൻ: ആരോടും പരാതിയും പരിഭവവും ഇല്ലെന്ന് ട്രാഫിക് എസ്ഐ
മൂവാറ്റുപുഴ: സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ ആരോടും പരാതിയും പരിഭവവും ഇല്ലെന്നും സസ്പെന്ഷന് ചോദ്യം ചെയ്ത് നിയമ നടപടി സ്വീകരിക്കും എന്നത് അടിസ്ഥാന രഹിതമാണെന്നും സസ്പെന്‍ഷനിലായ ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖ്. പോലീസ് വകുപ്പിന്റെ അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥനാണെന്നും അദേഹം വ്യക്തമാക്കി. നഗരത്തിലെ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് കഴിഞ്ഞ ദിവസം മാത്യു കുഴല്നാടന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖ് തുറന്നു നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. എംഎല്‍എയുടെ രാഷ്ട്രീയ നാടകത്തിനു എസ്ഐ കൂട്ടുനിന്നുവെന്നാരോപിച്ച് സിപിഎം ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സബ്മിഷന് അവതരിപ്പിക്കുന്നതിന് മാത്യു കുഴല്നാടന് എംഎല്‍എ അനുമതി തേടിയിട്ടുണ്ട്. എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്നു നല്കിയ ഉദ്യോഗസ്ഥന് എതിരേ സസ്പെന്ഷന് നടപടി ഉണ്ടായത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ ആരോപിച്ചു.
തേവര-പേരണ്ടൂർ കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു
ഫോർട്ടുകൊച്ചി: കോടതി നിരീക്ഷണത്തിലുള്ള തേവര പേരണ്ടൂർ കനാലിൽ ശുചിമുറി മാലിന്യം തള്ളുന്നതായി ആക്ഷേപം. നിരവധി തവണ കോർപറേഷനു പരാതി നല്‍കിയിട്ടും അധികൃതർ നോക്കുകുത്തിയായി മാറുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജലസ്രോതസുകൾ മലിനമാക്കുന്നവർക്ക് മൂന്നുവർഷം തടവോ, രണ്ടു ലക്ഷം പിഴയോ, ഇവ ഒരുമിച്ചോ ശിക്ഷ ലഭിക്കുമെന്ന നിയമപരമായ മുന്നറിയിപ്പ് ഇവിടെ പ്രദർശിപ്പിച്ചിട്ടും ഇതൊന്നും വിലമതിക്കാതെയാണ് കനാലിൽ മാലിന്യനിക്ഷേപം പതിവായിരിക്കുന്നത്. നഗരത്തിൽ നൂറുകണക്കിനു കാമറകൾ സ്ഥാപിച്ചിട്ടും കനാലിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ കഴിയാതെപോകുന്നത് പരിശോധിക്കണമെന്നും കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് നിവാരണത്തിന് ബ്രേക്ക് ത്രൂ പദ്ധതി, ചെളി നീക്കംചെയ്യൽ എന്നിങ്ങനെ കോടിക്കണക്കിന് രൂപ കനാൽ നവീകരണ പ്രവർത്തനങ്ങൾക്കു ചെലവഴിക്കുമ്പോഴുമാണ് പേരണ്ടൂർ കനാലിലേക്ക് ശുചിമുറി മാലിന്യം തള്ളൽ തുടരുന്നത്. കോടതി നേരിട്ട് പരിസ്ഥിതി മലിനീകരണ നിയന്ത്രണ വകുപ്പിനും എൻജിനീയറിംഗ് വിഭാഗത്തിനും നഗരസഭാ ഹെൽത്ത് വിഭാഗത്തിനും നിർദേശങ്ങൾ നൽകിയിട്ടും തേവര പേരണ്ടൂർ കനാലിന്റെ സ്ഥിതി പരിതാപകരമായി തുടരുന്നത് ഭരണപരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
ഫോർട്ടുകൊച്ചി: കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ കൊടി ആശീർവദിച്ചു. ഫാ. പീറ്റർ ചടയങ്ങാട്, ഫാ. ക്ലിഫിൻ ആലത്തറ. ഫാ.സനീഷ് പുളിക്കപറമ്പിൽ. ഫാ. റോയി സേവ്യർ, ഫാ. ആർതർ അറയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം 6.30ന് ജപമാല നൊവേന, സമൂഹ ദിവ്യബലി, പ്രസംഗം, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരികും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10ന് സമൂഹബലിക്കു മോൺ. ഷൈജു പരിയാത്തിശേരി മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് തിരുനാൾ പ്രദക്ഷിണവും നടക്കും.
ഞാറക്കൽ എൽഎഫ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
വൈപ്പിൻ: ഞാറക്കൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിക്ക് തുടക്കമായി. സ്കൂൾ ലീഡർ ശ്രീപൂർണ ദിനേന്ദ്രന്‍ പത്രം നൽകി ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി നിർവഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക സിസ്റ്റർ ജിനി ജോൺ, സമിതി നേതാക്കളായ ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി, ജോസഫ് നരികുളം, ഫ്രാൻസിസ് അറക്കൽ എന്നിവർ സംബന്ധിച്ചു. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
മാറമ്പിള്ളി സഹ. ബാങ്ക് ക്രമക്കേട്: എൽഡിഎഫ് മാർച്ചും ധർണയും നടത്തി
പെരുമ്പാവൂർ: മാറമ്പിള്ളി സർവീസ് സഹ. ബാങ്കിൽ ക്രമക്കേട് ആരോപിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി. ബാങ്ക് പുതിയതായി നടത്തിയ നിയമനം സംബന്ധിച്ച പരാതിയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന സഹകരണ വകുപ്പ് രജിസ്ട്രാർക്ക് വിജിലൻസ് ശിപാർശ നൽകിയിരുന്നു.ഇത് നടപ്പിലാക്കാത്ത ബാങ്ക് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറമ്പിള്ളി സഹകരണ ബാങ്ക് ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്. പഞ്ചായത്ത് ഓഫീസിനു മുന്നിൽനിന്നും ആരംഭിച്ച മാർച്ച് സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം രാജീവ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ നടന്ന ധർണ സമരം സിപിഎം ഏരിയ സെക്രട്ടറി സി.എം. അബദുൾ കരിം ഉദ്ഘാടനം ചെയ്തു. എന്നാൽ സർവീസ് സഹകരണ ബാങ്കിനു നേരെയുള്ളത് കുപ്രചരണങ്ങളാണെന്ന് മാറമ്പിള്ളി സർവീസ് സഹ. ബാങ്ക് ഡയറക്ടർ ബോർഡ് പറഞ്ഞു. രാഷ്ട്രീയവും വ്യക്തിപരവുമായ വൈരാഗ്യത്തിന്റെ പേരിൽ കള്ളക്കേസുകൾ നൽകി ബാങ്കിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ബോർഡ് കുറ്റപ്പെടുത്തി.
പോസ്റ്റിൽ കാറിടിച്ചു ; മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു
തിരുവാങ്കുളം: ഹിൽപാലസ് റോഡിൽ നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുത പോസ്റ്റ് രണ്ടായി ഒടിഞ്ഞു. തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറോളം തടസപ്പെട്ടു. ഗതാഗതക്കുരുക്കും രൂക്ഷമായി. ഇന്നലെ വൈകുന്നേരം 4.45ഓടെ തിരുവാങ്കുളം കേശവൻപടി മോർ സൂപ്പർ മാർക്കറ്റിനടുത്തായിരുന്നു സംഭവം. വനിതാ ഡോക്ടറാണ് കാർ ഓടിച്ചിരുന്നത്. കാർ നിയന്ത്രണംവിട്ട് കടയ്ക്കുനേരെ വരുന്നതിനിടെ പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ അപ്പുറത്ത് നിന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുത കമ്പികളിൽ റോഡിലേക്ക് തൂങ്ങിയ നിലയിലായിരുന്നു. കെഎസ്ഇബി ജീവനക്കാരെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.
സ്കൂൾ രത്ന ദേശീയ പുരസ്കാരം മാർഗരറ്റ് സോണിക്ക്
ഫോർട്ടുകൊച്ചി: സ്കൂൾ രത്ന ദേശീയ അധ്യാപക പുരസ്കാരം കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് എൽപി സ്കൂൾ പ്രധാനാധ്യാപിക മാർഗരറ്റ് സോണിക്ക്. വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ സ്കൂൾ അക്കാദമി ഓഫ് കേരള വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകരുടെയും പ്രധാനാധ്യാപകരുടെയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി അധ്യാപക ദിനത്തിൽ പ്രഖ്യാപിക്കുന്ന പുരസ്കാരമാണ് സ്കൂൾ രത്ന ദേശീയ പ്രധാനാധ്യാപക പുരസ്കാരം. കെഎൽസിസി മികച്ച പ്രധാനാധ്യാപികയ്ക്കുള്ള അവാർഡ്, മികച്ച കാർഷിക വിദ്യാലയ അവാർഡ് എന്നിവ മാർഗരറ്റ് സോണിക്ക് ലഭിച്ചിട്ടുണ്ട്.
ധാരണാപത്രത്തിൽ ഒപ്പുവച്ചു
ആലുവ: സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വുമൺ(ഓട്ടോണമസ്) ആലുവയും ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുടയും അക്കാദമിക ഗവേഷണ സഹകരണ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സെന്റ് സേവ്യേഴ്സ് കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. കെ. സ്റ്റെല്ല, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് എന്നിവരുടെ നേതൃത്വത്തിലാണ് ഒപ്പുവച്ചത്.
അലിവിന്റെ പൂക്കളം തീർത്ത് അമല ഫെല്ലോഷിപ്പ്
അങ്കമാലി: അനാഥത്വത്തിൽ കഴിയുന്ന ഏകസ്ഥർക്കും നിർധന രോഗികൾക്കുമെല്ലാം അഭയമായ അമല ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ അമല ഭവൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. അമല ഫെല്ലോഷിപ്പ് പ്രസിഡന്റ് സി.എ. ജോർജ് കുര്യൻ പാറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുഴുവൻ അന്തേവാസികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും ഓണക്കോടി വിതരണം ചെയ്തു. വിപുലമായ ഓണസദ്യയും ഒരുക്കി. ഓണാഘോഷ പരിപാടികൾക്ക് ജനറൽ സെക്രട്ടറി ജോർജ് പടയാട്ടിൽ, അഡ്മിനിസ്ട്രേറ്റർ ആന്റു പെരുമായൻ, വൈസ് പ്രസിഡന്റ് ഡാന്റി കാച്ചപ്പിള്ളി, സെക്രട്ടറി ലാൽ പോൾ പൈനാടത്ത്, ട്രഷറർ കെ.ഒ. ജോസ്, കോർകമ്മറ്റി അംഗങ്ങളായ ,ജോർജ്ജ് കോട്ടയ്ക്കൽ, എം.ടി കുരിയച്ചൻ, പ്രിൻസ് കാച്ചപിള്ളി, മത്തായി ചെമ്പിശേരി, ഡെന്നി പോൾ, ജോഷി പാറയ്ക്കൽ, രാജു കോട്ടയ്ക്കൽ, വി.സി. ദേവസി, വർഗീസ് കാച്ചപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി. വാർധക്യ സഹജമായ അസുഖ ബാധിതർക്കും ഏകസ്ഥർക്കും ഗാർഹിക മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തു.
സിപിഐ ജില്ലാ സെക്രട്ടറി സ്ഥലം സന്ദർശിച്ചു
വൈപ്പിൻ: മാലിപ്പുറത്ത് അനധികൃതമായി നിലം നികത്തുന്നയിടം സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ സന്ദർശിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്തോശയോടെ തെറ്റായ രേഖകൾ സമർപ്പിച്ചാണ് ഉടമ പാടം നികത്താൻ കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചതെന്നാണ് സിപിഐയുടെ ആരോപണം. ഇതേത്തുടർന്ന് ഇപ്പോൾ പോലീസ് കാവലിലാണ് പൊക്കാളിപ്പാടം നികത്തുന്നത്. എന്നാൽ ഏറെ താമസിയാതെ ഒന്നര ഏക്കർ വരുന്ന ഈ പാടം ഉടമ തന്നെ പൂർവസ്ഥിതിയിലാക്കേണ്ടിവരുമെന്ന് ജില്ലാ സെക്രട്ടറി എൻ. അരുൺ ഓർമപ്പെടുത്തി. വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ്കുമാർ, സിപിഐ ജില്ലാ കൗൺസിലംഗം എൻ.കെ. ബാബു, കിസാൻ സഭ വൈപ്പിൻ മണ്ഡലം സെക്രട്ടറി പി.എസ്. ഷാജി, എഐടിയുസി വൈപ്പിൻ മണ്ഡലം പ്രസിഡന്റ് എം.ബി. അയൂബ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
ജനകീയ കൂട്ടായ്മയുടെ തെരുവുനായ വിമോചന സമരം
നെടുമ്പാശേരി: തെരുവുനായ വിമുക്ത കേരളത്തിനായുള്ള വിമോചന സമരത്തിൽ നെടുമ്പാശ്ശേരി ജനകീയ കൂട്ടായ്മ പങ്കാളികളായി. തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയ നെടുമ്പാശേരി പൗരാവലി പലതവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് തെരുവുനായ വിമോചന സമരം സംഘടിപ്പിച്ചത്. അത്താണി ഒയാസിസ് സംഘടനയുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്. ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് വഴിനടക്കാൻ സാധിക്കാത്ത വിധത്തിൽ തെരുവുനായകൾ പെരുകിയിട്ടും ഭരണാധികാരികളും ഉദ്യോഗസ്ഥരും കൈയുംകെട്ടി നോക്കിയിരിക്കുകയാണെന്ന് ജോസ് മാവേലി കുറ്റപ്പെടുത്തി. എസ്. സുകുമാർ, കെ.പി. വർഗീസ്, ജോണി ജേക്കബ്, സി.വൈ. മാത്യു, ക്യാപ്റ്റൻ എസ്.കെ. നായർ, വി.പി. മാത്യു, പി.എ. പോൾ, പി.എ. കുട്ടൻ, കമലം ടീച്ചർ, ജയിനി ടീച്ചർ, മീനാക്ഷി ടീച്ചർ, ലീല ടീച്ചർ, പി.വൈ. പൗലോസ്, എ.പി.ജി. നായർ, പ്രഫ. കേശവൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി .
ഡോ. എസ്. സോമനാഥ് പ്രഭാഷണം
തിരുവല്ല: ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻമുൻ ചെയർമാൻ ഡോ.എസ്. സോമനാഥ് നാളെ തിരുവല്ലയിൽ എത്തും. മാർത്തോമ്മാ സഭയുടെ ശാസ്ത്ര അവാർഡ് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് സ്വീകരിക്കുന്നതിനാണ് എത്തുന്നത്. തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്തെ സഭാ കൗൺസിൽ ചേംബറിൽ വൈകുന്നേരം അഞ്ചിനു നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും യുവജനങ്ങൾക്കുള്ള സാധ്യതകളും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ റവ. മാത്യു ജോൺ, വൈദിക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയേൽ, അല്മായ ട്രസ്റ്റി ആൻസിൽ സഖറിയ കോമാട്ട് , കേണൽ ഡോ.ജോൺ ജേക്കബ് ആറ്റു മാലിൽ എന്നിവർ നേതൃത്വം നൽകും.
എലിപ്പനി ബാധിച്ച് മരിച്ചു
അരൂർ: അരൂർ എട്ടാം വാർഡിൽ വലിയതറ ഹരിയുടെ ഭാര്യ ലീന (46) എലിപ്പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ ശനിയാഴ്ച പനി ബാധിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മരണം സംഭവിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.
കായലിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
വൈപ്പിൻ: ഞായറാഴ്ച രാത്രി പൊന്നാരിമംഗലം ബോട്ട് ജെട്ടിയിൽനിന്ന് കായലിൽ ചാടിയ മുളവുകാട് കടവിൽ പറമ്പിൽ ബിജു റഷീദി(55)ന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ബോൾഗാട്ടി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംസ്കാരം നടത്തി.
മധ്യവയസ്കന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി
മഞ്ഞപ്ര: മഞ്ഞപ്ര മേരിഗിരി പള്ളിക്ക് സമീപം മധ്യവയസ്കനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ഞപ്ര മരിയപുരം മാടൻ പാപ്പച്ചന്റെ മകൻ ബിജു (51) ആണ് മരിച്ചത്. തോടിനു സമീപത്ത് ഇയാൾ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയിലാണ് മരിച്ചതെന്ന് കരുതുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കി. കാലടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ. ഭാര്യ: ഷൈജി. മക്കൾ: അൽമ (നഴ്സിംഗ് വിദ്യാർഥിനി), ബ്ലസന്റോ, ആൻ മരിയ (ഇരുവരും വിദ്യാർഥികൾ).
വൈഎംസിഎ ലഹരിവിരുദ്ധ പരിപാടി
പാലക്കുഴ: പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ വൈഎംസിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഫാ. ബിനു യോഹന്നാൻ ഉദ്ഘാടനം ചെയ്തു. മിനു സണ്ണി ക്ലാസെടുത്തു. വൈഎംസിഎ പ്രസിഡനന്റ് സണ്ണി മംഗലശേരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, ബ്ലോക്ക് മെന്പർ സിബി ജോർജ്, സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസ്, വൈഎംസിഎ ഭാരവാഹികളായ ടി.സി. തോമസ്, ഡോ. ജോസ് ചെരിയപ്പുറത്ത്, കെ.പി. സാജു, ജോസ് പട്ടരുമഠത്തിൽ, സാജൻ ഫിലിപ്പോസ്, ബാബു ഓലിക്കൽ, സഖറിയ തോമസ്, സജി ജോർജ് എന്നിവർ പ്രസംഗിച്ചു.
മ്യൂസിക് കോമഡി നൈറ്റ് 17ന്
കോതമംഗലം: മാർതോമ ചെറിയ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം ചെറിയപള്ളി ചാരിറ്റിബിൾ ഫൗണ്ടേഷന്റെ ധന ശേഖരണാർത്ഥം 17ന് വൈകിട്ട് 5.30ന് മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ മ്യുസിക് കോമഡി ഷോ 2025 നടത്തും. പ്രവേശന പാസിന്റെ പ്രകാശനം ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടതിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, ഫൗണ്ടേഷൻ ഭാരവാഹികളായ ജോർജ് മാത്യു, എബി ഞാളിയത്ത്, ഐസക് കോര, ഷാജൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. പിന്നണിഗായകൻ മധു ബാലകൃഷ്ണൻ, സിനിമാ- മിമിക്രി താരം ഹരീഷ് കണാരൻ, നിർമൽ പാലാഴി, രാജേഷ് അടിമാലി ഉൾപ്പെടെയുള്ളവർ മ്യൂസിക് കോമഡി നൈറ്റിൽ പങ്കെടുക്കും.
കുരിമ്പനപാറയിൽ സി.എച്ച്. മുഹമ്മദ് കോയ ഗ്രൗണ്ട്
കോതമംഗലം: നെല്ലിക്കുഴി കുരിമ്പനപാറയിൽ സി.എച്ച്.മുഹമ്മദ് കോയ ഗ്രൗണ്ട് ഉദ്ഘാടനം ഹാരീസ് ബീരാൻ എംപി നിർവഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 സെന്റ് സ്ഥലം വാങ്ങി മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരിലാണ് ഗ്രൗണ്ട് നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസമോൾ ഇസ്മയിൽ, ആനിസ് ഫ്രാൻസിസ്, ടി.കെ. കുഞ്ഞുമോൻ, പഞ്ചായത്ത് അംഗങ്ങളായ ഷെറഫിയ ഷിഹാബ് , നാസർ വട്ടേക്കാടൻ, വൃന്ദ മനോജ്, നേതാക്കളായ ബാബു ഏലിയാസ്, പി.കെ. മൊയ്തു, ഇബ്രാഹിം കവലയിൽ, മുഹമ്മദ് ഇക്ബാൽ, എ.റ്റി. പൗലോസ്, അലി പടിഞ്ഞാറേച്ചാലിൽ, കെ.എം. കുഞ്ഞുബാവ, എൻ.എം. ഷംസുദ്ദീൻ, ഷിഹാബ്, സി.ബി. സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.
ഗ്രന്ഥശാലാ ദിനം ആചരിച്ച് ലൈബ്രറികൾ
മൂവാറ്റുപുഴ: ഗ്രന്ഥശാലദിനത്തിൽ മൂവാറ്റുപുഴ താലൂക്കിലെ ലൈബ്രറികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഈസ്റ്റ് വാഴപ്പിള്ളി പീപ്പൾസ് ലൈബ്രറിയിൽ പ്രസിഡന്റ് കെ.കെ. സുമേഷ് പതാക ഉയർത്തി. യോഗം ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. രാജി കെ. പോൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. രമേശ് കണ്ടവത്ത്, പഞ്ചായത്ത് അംഗം ഇ.എം. ഷാജി, ഇ.എ. ഹരിദാസ്, ഗാന്ധിയൻ എം. മുഹമ്മദ് വാരിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയിലെ ദിനാചരണം ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലൈബ്രറി അങ്കണത്തിൽ പതാകയുയർത്തി. കെ.കെ. ജയേഷ് ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്, ലൈബ്രേറിയൻ തോമസ് എന്നിവർ പ്രസംഗിച്ചു. മേക്കടമ്പ് പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി പ്രസിഡന്റ് ജയൻ പതാക ഉയർത്തി. താലൂക്ക് എക്സിക്യുട്ടീവ് അംഗം എം.എ. എൽദോസ് സന്ദേശം നൽകി. പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയിൽ പ്രസിഡന്റ് എം.ജി. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി ഗ്രന്ധശാല ദിന സന്ദേശം നൽകി. വാളകം പബ്ലിക് ലൈബ്രറിയിൽ പഞ്ചായത്ത് അംഗം പി.പി. മത്തായി പതാക ഉയർത്തി. സജി.സി. കർത്താ സന്ദേശം നൽകി. രണ്ടാർകര ഇം.എം.എസ്. ലൈബ്രറിയിൽ പ്രസിഡന്റ് രാഘവൻ പതാക ഉയർത്തി. കെ. മോഹനൻ സന്ദേശം നൽകി. കോഴിപ്പിള്ളി ശ്രീനാരായണ ലൈബ്രറിയിൽ ലൈബ്രറി സെക്രട്ടറി അരുൺ പതാക ഉയർത്തി സന്ദേശം നൽകി, കരിങ്കൽ ചിറ ശ്രീനാരായണ ലൈബ്രറിയിൽ സെക്രട്ടറി രമണൻ പതാക ഉയർത്തി തുടർന്ന് സന്ദേശം നൽകി . മണ്ണത്തൂർ പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് എ.സി. ജോൺസൺ പതാക ഉയർത്തി. മഹാത്മജി ലൈബ്രറിയിൽ പ്രസിഡന്റ് കെ.കെ. ബാലകൃഷ്ണൻ പതാക ഉയർത്തി. താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ സന്ദേശം നൽകി.പെരുമ്പടവം പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി ശ്രീനാഥ് പതാക ഉയർത്തി. മുത്തോലപുരം പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി കെ.കെ. ശശി പതാക ഉയർത്തി സന്ദേശം നൽകി. പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയിൽ പ്രസിഡന്റ് ടോമി വള്ളമറ്റം പതാക ഉയർത്തി. വാഴപ്പിള്ളി വി.ആർ. എ പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് കെ.എസ്. രവീന്ദ്രനാഥ് പതാക ഉയർത്തി. ആർ. രാജീവ് സന്ദേം നൽകി. പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം പതാക ഉയർത്തി. പുളിന്താനം കൈരളിയിൽ പോൾ സി. ജേക്കബും, കാലാമ്പൂർ വിജയലൈബ്രറിയിൽ ഇ.എസ്. അഷറഫും, ആയവന എസ്എച്ചിൽ രാജേഷ് ജെയിംസും, മണപ്പുഴമാസിൽ ബില്ലി വർഗീസും പതാക ഉയർത്തി.
എംഒഎസ്സി മെഡിക്കൽ മിഷൻ സ്ഥാപക ദിനാഘോഷം നടത്തി
കോലഞ്ചേരി: എംഒഎസ്സി മെഡിക്കൽ മിഷന്റെ 55-ാ൦ സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സണ്ണി കെ. പീറ്റർ പതാക ഉയർത്തി. സെക്രട്ടറിയും സിഇഒയുമായ ജോയ് പി. ജേക്കബ് ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ കോളജ് കോൺഫറൻസ് ഹാളിൽ നടത്തിയ പൊതുസമ്മേളനത്തിൽ ആശുപത്രി വൈസ് പ്രസിഡന്റും മലങ്കര ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപനുമായ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കേരള ആയുർവേദ വിദ്യാഭ്യാസ മുൻ ഡയറക്ടർ ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രിയിൽ 50 വർഷ സേവനം പൂർത്തിയാക്കിയ ആദ്യത്തെ സ്റ്റാഫ്അംഗവും കാന്റീൻ സർവീസസ് മാനേജറുമായ വി.എം. ട്രീസയെ ആദരിച്ചു. കൂടാതെ 35 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെയും പൊന്നാടയണിയിച്ചുു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആശുപതി ജീവനക്കാരുടെ മക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വിവിധ കലാകായിക മേളയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് ആശുപത്രി ജീവനക്കാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
വീട് വാസയോഗ്യമാക്കി നല്കി നിർമല അലുമ്നി അസോസിയേഷൻ
മൂവാറ്റുപുഴ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭിച്ചെങ്കിലും വാസയോഗ്യമല്ലാത്തതിനാൽ ഐരാപുരത്ത് വാടകവീട്ടില്‍ കഴിയേണ്ടി വന്ന വിധവയും, വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് താങ്ങായി നിര്‍മല അലുമിനി അസോസിയേഷന്(നാം). ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചാണ് വീടിന്റെ എല്ലാ പണികളും പൂര്‍ത്തീകരിച്ച് നിർമല അലുമിനി അസോസിയേഷൻ വാസയോഗ്യമാക്കി നല്‍കിയത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭിച്ചിട്ട് വര്‍ഷങ്ങളേറെ ആയെങ്കിലും വാതിലുകളും, ജനലുകളും ഇല്ലാതിരുന്നതിനാല്‍ താമസയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് എല്ലാ പണികളും പൂര്‍ത്തീകരിച്ച് നാം കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറിയത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വാതി രമ്യദേവ് താക്കോല്‍ കൈമാറി. നാം പ്രസിഡന്റ് ഒ.വി. അനീഷ്, സെക്രട്ടറി മൃദുല്‍ ജോര്‍ജ്, ട്രഷറര്‍ അരുണ്‍ ചന്ദ്രന്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സോണി മാത്യു മാരിക്കാലയില്, ബിജു നാരായണന്, ബബിത നെല്ലിക്കല്‍, അഖില്‍ ചന്ദ്രന്, രാജേഷ് മാത്യു, സല്മാന്, പ്രദീപ്, അമ്പിളി സോണി തുടങ്ങയവർ പങ്കെടുത്തു.
കന്നി 20 പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു
പന്തലിന് കാൽനാട്ടി
കോതമംഗലം: കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു. തീർഥാടകർക്ക് എല്ലാവർഷവും നൽകുന്ന നേർച്ച ഭക്ഷണത്തിനുള്ള പന്തലിന്റെ കാൽനാട്ട് കർമം കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവഹിച്ചു. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങാമനാട്ട്, ഫാ. അമൽ കുഴികണ്ടതിൽ, ഫാ. നിയോൺ പൗലോസ് തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വർക്കിംഗ് കമ്മറ്റിയംഗങ്ങളായ സലിം ചെറിയാൻ, ബിനോയ് തോമസ്, ബേബി തോമസ്, പി.ഐ. ബേബി, ഡോ. റോയി എം. ജോർജ്, കമ്മറ്റി അഗംങ്ങൾ ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
നാടും നഗരവും അമ്പാടികളാക്കി ശോഭായാത്ര
മൂവാറ്റുപുഴ: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന വർണാഭമായ ശോഭായാത്ര നഗരവീഥികളെ അമ്പാടിയാക്കി. വെള്ളൂർക്കുന്നം, ഉന്നക്കുപ്പ, തെക്കൻക്കോട്, നന്ദനാർപുരം, ശിവപുരം, തൃക്ക, മുടവൂർ, മുറിക്കല്ല്, കാവുംപടി, വാഴപ്പിള്ളി, കൃഷ്ണപുരം, കിഴക്കേക്കര, ഹോസ്റ്റൽപടി, എസ്എൻഡിപി ജംഗ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ഉപശോഭായാത്രകൾ വൈകുന്നേരം ആറിന് പിഒ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി നഗരംചുറ്റി വെളളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് രാത്രി 9ന് അവതാര ദീപാരാധനനയും മേൽശാന്തി പുളിക്കാപ്പറമ്പ് ഇല്ലത്ത് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൃഷ്ണാഭിഷേകവും നടന്നു. സമീപ പഞ്ചായത്തുകളിൽ 23ശോഭായാത്രകൾ നടന്നു വാളകം വെട്ടിക്കാവ്, കുന്നയ്ക്കാൽ, ആവണംകോട് ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ വൈദ്യശാലപ്പടിയിൽ സംഗമിച്ച് നെടുങ്ങാൽ ക്ഷേത്രത്തിൽ സമാപിച്ചു. റാക്കാട് കാരണാട്ട്ക്കാവിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കോയക്കാട്ട് സമാപിച്ചു. ആയവന, അഞ്ചൽപ്പെട്ടി തൃപ്പൂരത്ത് ക്ഷേത്രം, തോട്ടഞ്ചേരി, പറമ്പഞ്ചേരി ഇഞ്ചക്രാന്തി, ഏനാനെല്ലൂർ, മാറാടി, വടക്കൻ മാറാടി, മുളവൂർ, തൃക്കളത്തൂർ, പേഴയ്ക്കാപ്പിള്ളി, പള്ളിച്ചിറങ്ങര, കല്ലൂർക്കാട്, മഞ്ഞള്ളൂർ, വള്ളിക്കുന്ന്, മണലിപ്പീടിക, വടവുകോട്, വേങ്ങാച്ചുവട്, പാലക്കുഴ, പായിപ്ര മാനാറി എന്നിവിടങ്ങളിലും ശോഭായാത്ര നടന്നു. പായിപ്ര ഭണ്ടാര കവലയിൽ നിന്ന് ആരംഭിച്ച ശോഭായാത്ര സൊസൈറ്റിപ്പടി, കിണറുപടി, സമഷ്ടിപ്പടി, കാവുംപടി, സ്ക്കൂൾപ്പടി, മാനാറി മില്ലുംപടി ചുറ്റി കാഞ്ഞിരക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് സാംസ്കാരിക സമ്മേളനവും ഉറിയടിയും നടന്നു.
സ്വീകരണം നൽകി ലീഗ്
മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭയാത്രയ്ക്ക് മുസ്ലിംലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റി സ്വികരണം നൽകി. ക്ഷേത്രത്തിൻ നിന്ന് ആരംഭിച്ച ശോഭയാത്ര അടൂപ്പറമ്പ് ജംഗ്ഷനിൽ എത്തിയപ്പോൾ ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശീതളപാനിയവും മധുരവും നൽകി സ്വികരിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അലിയാർ, മുസ്ലിം ലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി ജമാൽ ചാലിൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം.എ. ഫാറുഖ്, വാർഡ് അംഗം അഷറഫ് മൈതീൻ, എം.കെ. മുഹമ്മദ്,നിജാസ് ജമാൽ, എ.കെ. ബഷീർ, ബഷീർ ചിരട്ടികാട്ടിൽ തുടങ്ങിവർ നേതൃത്വം നൽകി.
ഐഎൻടിയുസി മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം
വാഴക്കുളം: ഐഎൻടിയുസി മഞ്ഞള്ളൂർ മണ്ഡലം കമ്മറ്റിയ്ക്ക് രണ്ടു പ്രസിഡന്റുമാർ. പി.വി. തങ്കച്ചൻ, സാജു കണ്ണാറമ്പേൽ എന്നിവരാണ് പ്രസിഡന്റെന്ന അവകാശവാദം ഉയർത്തിയിട്ടുള്ളത്. തൊഴിലാളി വിരുദ്ധ നയങ്ങൾ പുലർത്തുന്ന തങ്കച്ചനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ടിമ്പർ യൂണിയൻ തൊഴിലാളികൾ ഏതാനും മാസങ്ങൾക്കു മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ തൊഴിലാളികളിൽ ഭൂരിഭാഗം പേരെ അറിയിക്കാതെ തങ്കച്ചന്റെ നേതൃത്വത്തിൽ പുതിയ മണ്ഡലം കമ്മറ്റി ഏകപക്ഷീയമായി രൂപീകരിക്കുകയായിരുന്നു. തൊഴിലെടുക്കുന്നവരെ ഒഴിവാക്കിയ പുതിയ മണ്ഡലം കമ്മിറ്റി ഇരു യൂണിയനുകളും അംഗീകരിച്ചില്ല. പ്രശ്നം രൂക്ഷമായതോടെ ഐഎൻടിയുസി മുവാറ്റുപുഴ നേതൃത്വത്തിലും കോൺഗ്രസ് മഞ്ഞള്ളൂർ നേതൃത്വത്തിലും തൊഴിലാളികൾ അതൃപ്തി അറിയിച്ച് പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഐഎൻടിയുസി മുവാറ്റുപുഴ ജില്ല വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, സെക്രട്ടറി പങ്കജാക്ഷൻ നായർ എന്നിവർ മഞ്ഞള്ളൂരിലെ കോൺഗ്രസ് നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്തു. തങ്കച്ചനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് തൊഴിലാളികൾ നിലപാട് സ്വീകരിച്ചെങ്കിലും മൂന്നു മാസം തങ്കച്ചൻ തുടരട്ടെയെന്നായിരുന്നു നേതൃയോഗത്തിന്റെ തീരുമാനം. എന്നാൽ നാലു മാസം കഴിഞ്ഞിട്ടും നേതൃത്വം തീരുമാനമെടുക്കാതെ വന്നതോടെ തൊഴിലാളികൾ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചു.തുടർന്ന് കഴിഞ്ഞ മാസം ഒടുവിൽ കോൺഗ്രസ് മഞ്ഞള്ളൂർ നേതൃത്വവും തൊഴിലാളികളും ചേർന്ന് സാജു കണ്ണാറമ്പേലിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.
മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നവതി ആരംഭവും ചികിത്സാനിധി ഉദ്ഘാടനവും
കോതമംഗലം: കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ നവതിക്ക് ആരംഭം കുറിച്ച് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ സമൂഹബലി നടന്നു. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികനായ സമൂഹബലിയില്‍ രൂപത വികാരി ജനറാള്‍മാരായ മോണ്‍. പയസ് മലേക്കണ്ടത്തില്‍, മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട്, ചാന്‍സലര്‍ ഫാ.ജോസ് കുളത്തൂര്‍, പ്രൊക്യുറേറ്റര്‍ ഫാ.ജോസ് പുല്‍പ്പറമ്പില്‍, ബിഷപ്സ് ഹൗസിലെ മറ്റ് വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി. നവതി സ്മാരകമായി സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ആരംഭിച്ച ചികിത്സാ സഹായനിധി ഇവിഎം ഗ്രൂപ്പ് ചെയര്മാന് ഇ.എം. ജോണി ഉദ്ഘാടനം ചെയ്തു. വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍, ഫാ.ജോണ്‍ മറ്റപ്പിള്ളില്‍, അസി.വികാരിമാരായ ഫാ.ജസ്റ്റിന് ചേറ്റൂര്‍, ഫാ.മാത്യു എടാട്ട്, ട്രസ്റ്റിമാരായ ജോയ്സ് മുണ്ടയ്ക്കല്‍, ബെന്നി ചിറ്റൂപ്പറമ്പില്‍, ജോബി പാറങ്കിമാലില്‍, പിതൃവേദി പ്രസിഡന്റ് സോണി പാമ്പയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഒന്നേകാൽ കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കോഴിപ്പിള്ളിയിൽ കാർ മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതര പരിക്ക്
കോതമംഗലം: കോഴിപ്പിള്ളി പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിൽ ആഴത്തിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ കളിയാർ കിഴക്കേടത്തിൽ സനീഷ് ദാസ്, കാളിയാർ വട്ടംകണ്ടത്തിൽ ഗിരീഷ് ഗോപി എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് നിസാന പരിക്കാണുള്ളത്. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിലെ ചെറിയ കോൺക്രീറ്റ് തൂണുകളിൽ ഇടിച്ചിട്ട് താഴേക്ക് മറിയുകയായിരുന്നു.
റോബിനെ ആദരിച്ചു
ചെറായി: മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയം വഹിച്ച ആബുലൻസ് ബോൾഗാട്ടി ലുലു ഹയത്തിൽ നാലു മിനിറ്റുകൾക്കുള്ളിൽ ലിസി ഹോസ്പിറ്റലിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ പള്ളിപ്പുറം സ്വദേശി പി.ആർ. റോബിനെ പള്ളിപ്പുറം മഞ്ഞു മാത ബസിലിക്ക വിശ്വാസപരിശീലന യൂണിറ്റ് ആദരിച്ചു. ഫാ. ജോമിറ്റ് ജോർജ് നടുവില വീട്ടിൽ പൊന്നാട അണിയിക്കുകയു മൊമന്റോ നൽകുകയും ചെയ്തു. സനൽ,അലക്സ് താളുപ്പാടത്ത്. സിസ്റ്റർ അതുല്യ, അസിൻ ആന്റണി,റീന സ്റ്റാൻലി എന്നിവർ സംസാരിച്ചു.
എസിബിഐ പെന്‍ഷനേഴ്സ് അസോസിയേഷന് കുടുംബസംഗമം നടത്തി
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് ആന്‍ഡ് റിട്ടയറീസ് അസോസിയേഷന് ജില്ലാ കുടുംബസംഗമവും ഓണാഘോഷവും എറണാകുളം ടൗണ്‍ ഹാളില്‍ നടന്നു. എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ഫെഡറേഷന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് പാലക്കലിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി കനകരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫിലിപ്പ് കോശി, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സി.ജി. രാജഗോപാല്‍, അരുണാചലം, പി.പി. ഫ്രാന്‍സിസ്, ബീന കെ. രവി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. ജെ. പാപ്പച്ചന്, ഷാജു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവാതിര, ഓണപ്പാട്ട്, സംഘഗാനം, നാടന്‍പാട്ട്, ശാസ്ത്രീയ നൃത്തം എന്നിവയുണ്ടായിരുന്നു.
മെട്രോപോളിറ്റൻ കൊച്ചി സിറ്റി ചെയർമാനെ കൊച്ചി രൂപത ആദരിച്ചു
ഫോർട്ടുകൊച്ചി: മെട്രോ സിറ്റി കൊച്ചിയുടെ പ്രഥമ ചെയർമാനായി തെരഞ്ഞെടുത്ത ബെനഡിക്ട് ഫെർണാണ്ടസിനെ കൊച്ചി രൂപത ബിസിസി ആദരിച്ചു. ഇടക്കൊച്ചി ആൽഫാപാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ കൊച്ചി ഡലഗേറ്റ് അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിസിസി രൂപത ഡയറക്ടർ ഫാ. ബെന്നി തോപ്പിപറമ്പിൽ അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ ലിസി ചാലാവീട്ടിൽ, ചെയർമാൻ ബെനഡിക്ട് ഫെർണാണ്ടസ്, രൂപത ഭാരവാഹികളായ പോൾ ബെന്നി പുളിക്കൽ, പീറ്റർ പി. ജോർജ്,മാർഗരേറ്റ് ക്ലാപ്പിത്തറ, ജോ അമ്പലത്തുങ്കൽ, ആൽബി ഗൊൺസാൽവൂസ് എന്നിവർ പ്രസംഗിച്ചു. രൂപതയിലെ 51 ഇടവക ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് ജീപ്പ് ദുരുപയോഗം ശരിവച്ച് റിപ്പോർട്ട്
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം വ്യക്തിപരമായി ഉപയാഗിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് വിഭാഗം കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പഞ്ചായത്ത് ജീപ്പ് അന്നത്തെ സെക്രട്ടറി, ജീവനക്കാരി എന്നിവർ ഉപയോഗിച്ചതായാണ് പരാതി ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം ദുരുപയോഗം ചെയ്തതായി തെളിയുകയായിരുന്നു. പഞ്ചായത്തിന്റെ മൂവ്മെൻ്റ് രജിസ്റ്ററിൽ വാഹനം ഉപയോഗിക്കുന്ന വിവരം അതാത് ദിവസം രേഖപ്പെടുത്തുന്നില്ലെന്നും ആരും പരിശോധിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെെത്തിയിട്ടുണ്ട് . വാഹനത്തിൻെറ ഇന്ധനക്ഷമത, ഇന്ധന ചെലവ് എന്നിവയും പരിശോധിക്കപ്പെടുന്നില്ല എന്നും ഇടയ്ക്കിടെ ഫൈൻ ലഭിക്കുന്നതായും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
മരട്: ഗൃഹനാഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോഷ്ണാശേരിൽ ടി.വി.ഫ്രാൻസിസിനെ(66) യാണ് പാതയോരത്തെ പുൽപ്പടർപ്പുകൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയിനി നടയ്ക്കു സമീപം ഞായറാഴ്ച വൈകിട്ട് ശോഭായാത്ര നടക്കവേയാണ് മൃതദേഹം കണ്ടത്. പോലീസെത്തി മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: സാലി.മക്കൾ: സിനൻ ഫ്രാൻസിസ് (കോപ്പി ടെക്, കൊച്ചി), ബ്ലസി. മരുമക്കൾ: നവേലി, ജോമോൻ.
അന്പാടിയായി രാജവീഥി വർണാഭമായി ശോഭായാത്ര
തൃപ്പൂണിത്തുറ: പീലിത്തിരുമുടിയും ഓടക്കുഴലുമായി ഉണ്ണിക്കണ്ണന്മാർ നിരന്നപ്പോൾ രാജവീഥി അമ്പാടിയായി. .ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തൃപ്പൂണിത്തുറ നഗർ സംഘടിപ്പിച്ച ശോഭായാത്രകൾ നഗരത്തെ വർണാഭമാക്കി. തൃപ്പൂണിത്തുറ താമരംകുളങ്ങര ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ചക്കംകുളങ്ങരയിലൂടെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ,പള്ളിപ്പറമ്പ്കാവ് ചന്ദനമാരിയമ്മൻ കോവിൽ എന്നിവിടങ്ങളിലെ ശോഭായാത്രകളുമായി സംഗമിച്ച് സ്റ്റാച്യൂ ജംഗ്ഷനിലെത്തി. ശ്രീനിവാസകോവിൽ, കണ്ണൻകുളങ്ങര ക്ഷേത്രം, പനയ്ക്കൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകളും സ്റ്റാച്യൂ ജംഗ്ഷനിലെത്തിൽ സംഗമിച്ചശേഷം വിവിധ ശോഭായാത്രകൾ സംഗമിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാശോഭായാത്രയായി ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെത്തി. കൂടാതെ എരൂർ, ഇരുമ്പനം, പെരുന്നിനാകുളം, തിരുവാങ്കുളം, ഉദയംപേരൂർ, അമ്പലമേട് മണ്ഡലങ്ങളിലായി നടന്ന 63 ശോഭായാത്രകൾ വീഥികളെ മനോഹരമാക്കി.
പിതാവിനെ കാണാനില്ലെന്ന് പരാതി
ചെറായി: പിതാവിനെ കാണാനില്ലെന്ന് പറഞ്ഞു മകൻ പോലീസിൽ പരാതി നൽകി. പള്ളിപ്പുറം ജനത മേപ്പറമ്പിൽ സുകുമാരനെ(62)യാണ് കാണാതായത്. ഈ മാസം 11ന് വൈകുന്നേരം നാലിന് വീട് വിട്ട് ഇറങ്ങിയതാണ്. ഇതുവരെ തിരിച്ച് ചെല്ലാതെ വന്നപ്പോഴാണ് മകൻ പോലീസിൽ പരാതി നൽകിയത്.
അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് സമരം ഒത്തുതീർപ്പായി
അങ്കമാലി : സ്വകാര്യ ബസ് ജീവനക്കാർ അങ്കമാലി- കാലടി- അത്താണി- കൊരട്ടി മേഖലയിൽ നടത്തിയിരുന്ന സമരം ഒത്തുതീർപ്പായി. സമരം ഒത്തുതീർപ്പായതിനെത്തുടർന്ന് ഈ മഖലയിൽ ഇന്നലെ മുതൽ തന്നെ ബസുകൾ ഓടിത്തുടങ്ങി. പ്രശ്ന പരിഹാര തീരുമാനപ്രകാരം രണ്ട് വർഷത്തെ കരാറാണ് നിശ്ചയിച്ചിട്ടുള്ളത്. പുതുക്കിയ കരാർ പ്രകാരം തൊഴിലാളികൾക്ക് ആദ്യവർഷം നിലവിലുള്ള വേതനം കൂടാതെ മൂന്ന് ജീവനക്കാർക്കുംകൂടി 250 രൂപ ദിവസേന കൂടുതൽ നൽകും. അടുത്ത വർഷം 100 രൂപ കൂടി വർധിപ്പിച്ച് 350 രൂപ മൂന്നു പേർക്കും കൂടി ദിവസേന കൂടുതലായി ലഭിക്കും. പണിമുടക്കിനെ തുടർന്ന് ഈ മേഖലയിലുണ്ടായ അനിഷ്ട സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിക്കാൻ അങ്കമാലി പോലിസ് എസ്എച്ച്ഒ എ. രമേഷിന്റെ മധ്യസ്ഥയിൽ കൂടിയ യോഗത്തിലാണ് ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടായത്. നിലവിലുള്ള അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം അങ്കമാലി- കാലടി മേഖലയിലെ ബസ് സർവീസുകൾ വൻ പ്രതിസന്ധിയിലാണ്. ഇതേ ദുരവസ്ഥ തുടരുമ്പോഴും യാത്രക്കാരായ ജനങ്ങളോടും വിദ്യാർഥികളോടുമുള്ള പ്രതിബദ്ധത കണക്കിലെടുത്ത് വളരെയേറെ നഷ്ടം സഹിച്ചാണ് ഈ ഒത്തുതീർപ്പിന് തയാറായിട്ടുള്ളതെന്ന് ബസുടമളുടെ സംഘടനാ ഭാരവാഹികൾ അറിയിച്ചു. ബസുടമകളെ പ്രതിനിധീകരിച്ച് എ.പി. ജിബി, ജോളി തോമസ്, നവീൻ ജോൺ, ജിജോ ജോണി, സിജി കുമാർ, കെ.സി. വിക്ട്ടർ ജെർമിയാസ് വിക്ടർ എന്നിവരും. യൂണിയനുകളെ പ്രതിനിധീകരിച്ച് പി.വി ടോമി, സി.കെ. സലിം , കെ.പി. പോളി, പി.കെ. പൗലോസ്, പി.ജെ. ടോണി, ഡേവിഡ് പി.ജെ. പ്രദീപ്, സുധീഷ് എന്നിവരും പങ്കെടുത്തു. ഒത്തുതീർപ്പിനെ തുടർന്ന് ഈ മേഖല ലയിലെ സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിച്ചു
മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നവതി ആരംഭവും ചികിത്സാനിധി ഉദ്ഘാടനവും
കോതമംഗലം: കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ നവതിക്ക് ആരംഭം കുറിച്ച് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ സമൂഹബലി നടന്നു. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികനായ സമൂഹബലിയില്‍ രൂപത വികാരി ജനറാള്‍മാരായ മോണ്‍. പയസ് മലേക്കണ്ടത്തില്‍, മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട്, ചാന്‍സലര്‍ ഫാ.ജോസ് കുളത്തൂര്‍, പ്രൊക്യുറേറ്റര്‍ ഫാ.ജോസ് പുല്‍പ്പറമ്പില്‍, ബിഷപ്സ് ഹൗസിലെ മറ്റ് വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി. നവതി സ്മാരകമായി സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ആരംഭിച്ച ചികിത്സാ സഹായനിധി ഇവിഎം ഗ്രൂപ്പ് ചെയര്മാന് ഇ.എം. ജോണി ഉദ്ഘാടനം ചെയ്തു. വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍, ഫാ.ജോണ്‍ മറ്റപ്പിള്ളില്‍, അസി.വികാരിമാരായ ഫാ.ജസ്റ്റിന് ചേറ്റൂര്‍, ഫാ.മാത്യു എടാട്ട്, ട്രസ്റ്റിമാരായ ജോയ്സ് മുണ്ടയ്ക്കല്‍, ബെന്നി ചിറ്റൂപ്പറമ്പില്‍, ജോബി പാറങ്കിമാലില്‍, പിതൃവേദി പ്രസിഡന്റ് സോണി പാമ്പയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആലുവ നഗരത്തിൽ മാലിന്യം വാഹനത്തിൽ എത്തിച്ച് തള്ളുന്നതായി പരാതി
ആലുവ: പോലീസിന്റെ കണ്ണ് വെട്ടിച്ച് ആലുവ നഗരത്തിൽ മാലിന്യം വാഹനത്തിൽ എത്തിച്ച് തള്ളുന്നതായി പരാതി. കഴിഞ്ഞ ദിവസം ആലുവ പാലസ് റോഡിൽ അദ്വൈതാശ്രമത്തിനു മുൻപിലെ കാനയിലാണ് ജൈവമാലിന്യം നിക്ഷേപിച്ചത്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് സ്ഥലം സന്ദർശിച്ച ശേഷം ആലുവ എംഎൽഎ ആവശ്യപ്പെട്ടു. സാധാരണയായി പെരിയാർ വാലി ജലസേചന കനാലുകൾ കേന്ദ്രീകരിച്ചും ദേശീയ പാതയിലെ ഒഴിഞ്ഞ മേഖകളിലുമാണ് ശുചിമുറി മാലിന്യം അടക്കം തള്ളുന്നത്. ഇവിടെയെല്ലാം നിരീക്ഷണ കാമറകൾ സ്ഥാപിച്ചതോടെ ആലുവ നഗരത്തിലെ പ്രധാന റോഡുകളിൽ മാലിന്യം ഉപേക്ഷിച്ച് കടന്നു കളയുന്നത് വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാരും പരത്തി പറയുന്നുണ്ട്. ഗവർണർ താമസിച്ച ആലുവ പാലസ് സുരക്ഷാ മേഖലയിൽ ഇത്തരം സംഭവം നടന്നത് ഗുരുതരമായ വീഴ്ചയാണെന്ന് എംഎൽഎ ദീപികയോട് പറഞ്ഞു. പോലീസ് പട്രോളിംഗ് ശക്തമാക്കണമെനും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.
തിരുവാങ്കുളം ബണ്ട് റോഡ് നിർമാണം : പുതുക്കിയ ഭരണാനുമതി ലഭിച്ചെന്ന് എംഎൽഎ
തിരുവാങ്കുളം: ചിത്രപ്പുഴ-മാമല തിരുവാങ്കുളം ബണ്ട് റോഡ് നിർമിക്കുവാൻ വേണ്ടി കിഫ്ബിയിലുൾപ്പെടുത്തി 75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പ്രവർത്തിക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ചെന്ന് അനൂപ് ജേക്കബ് എംഎൽഎ. പദ്ധതി പ്രദേശത്തെ കൊച്ചി -സേലം ഗ്യാസ് പൈപ്പ് ലൈനിനെ ബാധിക്കാതെ അലൈൻമെന്റ് നിർണയിക്കാൻ കളക്ടറുടെ അധ്യക്ഷതയിലെടുത്ത തീരുമാനത്തിന്റെ ഭാഗമായി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. നിലവിൽ ഇട്ടിരിക്കുന്ന അലൈൻമെന്റ് ആവശ്യമുള്ള സ്ഥലങ്ങളിൽ വീണ്ടും പുന:ക്രമീകരിക്കാൻ യോഗത്തിൽ ധാരണയായി. ഇതിനായുള്ള നടപടിക്രമങ്ങൾ ഇന്ന് മുതൽ ആരംഭിക്കാൻ തീരുമാനിച്ചു. നിലവിലുള്ള ഗ്യാസ് പൈപ്പ് ലൈൻ റോഡിന്റെ ഒരു സൈഡിലേക്ക് മാറി വരുന്ന നിലയിലാണ് ഇപ്പോൾ പുതിയ അലൈൻമെന്റ് നിർണയിച്ചിരിക്കുന്നത്. ഇപ്പോഴുള്ള അലൈൻമെന്റിൽ നിന്ന് ചെറിയ മാറ്റങ്ങൾ മാത്രമേ വരാനിടയുള്ളുവെന്ന് കെആർഎഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. അലൈൻമെന്റ് പൂർത്തിയായിക്കഴിഞ്ഞാൽ ഡിസൈനും ഡിപിആറിനും നൽകാനും അതിന് കിഫ്ബിയിൽ നിന്ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിർമാണ പ്രവർത്തികൾക്ക് ടെൻഡർ ചെയ്യാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു. യോഗത്തിൽ തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമ സന്തോഷ്, കെ.വി. സാജു, റോയി തിരുവാങ്കുളം, എൽസി പി.കുര്യൻ, സി.കെ. ഷിബു, സി.എ. ബെന്നി എന്നീ കൗൺസിലർമാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും കെആർഎഫ്ബി എൻജിനിയർമാരും പങ്കെടുത്തു.
രാത്രികാലങ്ങളിൽ ടോറസുകളുടെ മരണപ്പാച്ചിൽ : വൈപ്പിൻ സംസ്ഥാനപാത ദുരന്തഭീതിയിൽ
രജിസ്ട്രേഷനും നമ്പർ പ്ലേറ്റുമില്ല; ടോറസുകൾ പലതും കാലഹരണപ്പെട്ടത്
വൈപ്പിൻ: ദേശീയപാത നിർമാണത്തിന്റെ പേരിൽ രാത്രികാലങ്ങളിൽ പുതുവൈപ്പ് എൽഎൻജി ജെട്ടിയിൽ നിന്നും മണലുമായി വൈപ്പിൻ സംസ്ഥാനപാതയിലൂടെയുള്ള കാലഹരണപ്പെട്ട ടോറസ് ലോറികളുടെ മരണപ്പാച്ചിൽ പൊതുജനത്തിന് ഭീഷണിയാകുന്നു. ഭൂരിഭാഗം ലോറികൾക്കും ഫിറ്റ്നസ്, ഇൻഷ്വറൻസ്, എന്തിന് നമ്പർ പ്ലേറ്റ് പോലും ഇല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കൂട്ടത്തിൽ രജിസ്ട്രേഷൻ പോലുമില്ലാത്ത ലോറികളും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിഥി തൊഴിലാളികളായ ഡ്രൈവർമാർ മുഴുവൻ സമയവും ചെവിയിൽ ഫോണും തിരുകി പാട്ടുകേട്ടുകൊണ്ടാണ് വാഹനം ഓടിക്കുന്നത്. ഈ മരണപ്പാച്ചിലിനിടയിൽ പാലങ്ങളുടെ ഭാഗത്തെത്തുമ്പോൾ വാഹനം ഉലഞ്ഞ് ധാരാളം മണൽ പാലത്തിൽ വീഴുകയും ഗതാഗത തടസം ഉണ്ടാവുകയും ഇവിടെ പതിവായിരിക്കുകയാണ്. പിന്നീട് അഗ്നിരക്ഷാ സേനയെത്തിയാണ് മണൽ നീക്കം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മാനാട്ടുപറമ്പ് പാലത്തിൽ ഇതുപോലെ മണൽ വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ഏതാണ്ട് രാത്രി ഒമ്പതു മുതൽ പുലർച്ചെ അഞ്ചു വരെയും നിരവധി ടോറസുകളാണ് ഇതേപോലെ സംസ്ഥാനപാതയിലൂടെ മണലുമായി പായുന്നത്. എന്നാൽ നിരവധി പരാതികൾ ഉയർന്നിട്ടും പോലീസോ മോട്ടോർ വാഹന വകുപ്പോ യാതൊരു നടപടിയും എടുക്കാതെ കണ്ണടക്കുകയാണെന്നാണ് നാട്ടുകാടെ ആരോപണം.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് : വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമാക്കി: മന്ത്രി രാജീവ്
കൊച്ചി: ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് വ്യവസായരംഗത്ത് വന്‍ മുന്നേറ്റം സാധ്യമാക്കിയെന്ന് മന്ത്രി പി. രാജീവ്. അങ്കമാലിയിലെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് ബിസിനസ് പാര്‍ക്കില്‍ ആര്‍സിസി ന്യൂട്രാഫില്‍ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപങ്ങളില്‍ ഒന്നായിരുന്നു ആര്‍സിസി ന്യൂട്രാഫില്‍ യൂണിറ്റ്. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പുവച്ചവയില്‍ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. ആദ്യഘട്ട നിക്ഷേപങ്ങള്‍ വിജയകരമായി നടപ്പിലായാല്‍ കൂടുതല്‍ പദ്ധതികള്‍ക്കും വന്‍തോതില്‍ നിക്ഷേപങ്ങള്‍ക്കും വാതില്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക, ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായി പ്രസാദ് ദേവരാജലുലു, ഇന്നൊവേറ്റീവ് ഇന്‍ഫ്രാ ആന്‍ഡ് മൈനിംഗ് സൊല്യൂഷന്‍സ് ഹ്യൂമന്‍ റിസോഴ്സസ് മേധാവി വിനോദ് കൃഷ്ണ, അങ്കമാലി നഗരസഭാ ചെയര്മാന് ഷിയോ പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ അജിത തുടങ്ങിയവര്‍ പങ്കെടുത്തു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് വയോധികയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ
കൊച്ചി: സൗഹൃദം നടിച്ചെത്തി സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വയോധികയുടെ മൂന്നു പവന്റെ മാല കവർന്ന യുവാവ് അറസ്റ്റിൽ. കൂത്താട്ടുകുളം തിരുമാറാടി കാക്കൂർ മാങ്കൂട്ടത്തിൽ അഖിൽ അഗസ്റ്റി(32)നെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 13ന് ഉച്ചയോടെയായിരുന്നു സംഭവം. ചെന്നിത്തല സ്വദേശിയായ വയോധിക വീട്ടിലേക്ക് പോകുന്നതിനായി സൗത്ത് റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിനടുത്തുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് കയറുന്നതുകണ്ട് പ്രതി സൗഹൃദം നടിച്ച് അടുത്തുകൂടുകയും വയോധികയുടെ ബാഗ് വാങ്ങി പിടിച്ച ശേഷം രണ്ടാംനമ്പർ പ്ലാറ്റ് ഫോമിലേക്ക് നടക്കുന്നതിനിടെ ഇവരുടെ രണ്ടു മാലകൾ പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ എറണാകുളത്തേക്ക് പോന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈറ്റിലയിൽ നിന്ന് പിടികൂടുകയായിരുന്നു. റെയിൽവേ പോലീസ് സ്റ്റേഷനിലെ ഡാൻസാഫ് അംഗങ്ങളായ ദിനിൽ, തോമസ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.
ജില്ലാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലുവ മാവേലി ക്ലബ് ഫൈനലില്‍
കൊച്ചി: ആലുവ ജീവസ് സിഎംഐ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന എറണാകുളം ജില്ലാ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ആലുവ മാവേലി ക്ലബ് ഫൈനലില്‍ പ്രവേശിച്ചു. റീജണല്‍ സ്പോര്‍ട്സ് സെന്ററിനെ 44-29ന് പരാജയപ്പെടുത്തിയാണ് മാവേലി ക്ലബ് ഫൈനലില്‍ പ്രവേശിച്ചത്. കാലടി എന്‍എസ്എസും എറണാകുളം സെന്റ് തെരേസാസും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികളെ നാളെ മാവേലി ക്ലബ് ഫൈനലില്‍ നേരിടും. ഇന്ന് നടക്കുന്ന പുരുഷ സെമി ഫൈനലില്‍ കൊച്ചി ഫ്രാഗോമാന്, സെന്‍ട്രല്‍ ജിഎസ്ടി, കസ്റ്റംസിനെ നേരിടും. രണ്ടാം സെമിയില്‍ കൊച്ചി റേഷന്‍സ്, റീജണല്‍ സ്പോര്‍ട്സ് സെന്ററുമായി മത്സരിക്കും.
കഞ്ചാവുമായി യുവാവ് പിടിയിൽ
ചെറായി: ചെറായി മനത്തുകാട് സ്വദേശി അതുൽ കൃഷ്ണ(21) യെ മൂന്നു ഗ്രാം കഞ്ചാവുമായി മുനമ്പം പോലീസ് പിടികൂടി. ശനിയാഴ്ച വൈകുന്നേരം മനയത്ത് കാട് വച്ചാണ് പിടികൂടിയത്. കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.
എംഎൽഎയുടെ നിർദേശം നടപ്പാക്കിയ ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ
മൂവാറ്റുപുഴ: ആദ്യഘട്ട ടാറിംഗ് നിര്‍മാണം പൂര്‍ത്തീകരിച്ച മൂവാറ്റുപുഴ നഗരത്തിലെ റോഡ് മാത്യു കുഴല്നാടന് എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തുറന്നു നല്കിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെ.പി സിദ്ദിഖിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉന്നത പോലീസ് അധികാരികളെയും മറ്റും അറിയിക്കാതെ നാട മുറിച്ച് റോഡ് തുറന്നു കൊടുത്തതിനാണ് നടപടി. സംഭവത്തില്‍ ഡിവൈഎസ്പി സിദ്ദിഖിനോട് വിശദീകരണം തേടിയിരുന്നു.രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്കി. ഇതിനെല്ലാം പുറമേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കെ.പി സിദ്ദിഖിനെ സസ്പെന്‍ഡ് ചെയ്തത്. കച്ചേരിത്താഴം മുതല്‍ പിഒ ജംഗ്ഷന് വരെയുള്ള എംസി റോഡ് വെള്ളിയാഴ്ചയാണ് തുറന്നു നല്‍കിയത്.
പ്രതിഷേധവുമായി എംഎൽഎ
മൂവാറ്റുപുഴ : ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തി. മുഖ്യമന്ത്രി സസ്പെൻഷന് പിന്നിലെ കാരണം വ്യക്തമാക്കണം. മറുപടി പറയാൻ തയാറാകുന്നില്ലെങ്കിൽ അദ്ദേഹത്തെ കൊണ്ട് മറുപടി പറയിപ്പിക്കും എന്നും എംഎൽഎ പറഞ്ഞു.വിഷയം നിയമസഭയിൽ ഉന്നയിക്കും. ട്രാഫിക് എസ്ഐ റോഡ് തുറന്നപ്പോൾ എംഎൽഎയുടെയും നഗരസഭാ ചെയർമാന്റെയും സാന്നിധ്യം ഉണ്ടായിരുന്നു എന്നതിനപ്പുറത്തേക്ക് ഒരു ഉദ്ഘാടനമോ ഒന്നും ഉണ്ടായിട്ടില്ല. അർപ്പണ മനോഭാവത്തോടെ കുറ്റമറ്റ രീതിയിൽ ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് സിപിഎം നൽകിയ പാരിതോഷികമാണ് ഈ സസ്പെൻഷൻ എന്നും എംഎൽഎ കുറ്റപ്പെടുത്തി. കാക്കി കുപ്പായം ധരിച്ച് അഴിമതിയും അക്രമവും ഗുണ്ടായിസവും നടത്തുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുമ്പോൾ ജനങ്ങൾക്കായി സമർപ്പിതമായി പ്രവർത്തിക്കുന്നവരെ വേട്ടയാടുകയാണ് സർക്കാരെന്നും എംഎൽഎ പറഞ്ഞു.
സസ്പെൻഷനെതിരെ കോൺഗ്രസും ബിജെപിയും
മൂവാറ്റുപുഴ: നഗരത്തിലെ ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കി ഗതാഗതത്തിനായി റോഡ് തുറന്നു നല്കിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും. സസ്പെൻഡ് ചെയ്ത സർക്കാർ നടപടി മനുഷ്യത്വ രഹിതമെന്ന് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സാബുജോൺ പറഞ്ഞു. എംഎൽഎയും നഗരസഭ ചെയർമാനും അടക്കമുള്ള ജനപ്രതിനിധികൾ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോൾ സ്വാഭാവികമായി സംഭവിച്ച കാര്യമായിരുന്നു റോഡ് തുറന്ന ുകൊടുക്കൽ. ഉദ്യോഗസ്ഥരെ ബലിയാടക്കിയുള്ള ഈ നടപടി പിൻവലിച്ചില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ പറഞ്ഞു. ട്രാഫിക് നിയന്ത്രണം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത എസ്ഐ കെ.പി. സിദ്ദിഖിനെ എല്‍ഡിഎഫിന്റെയും, യുഡിഎഫിന്റെയും രാഷ്ട്രീയ ചേരിതിരിവിന്റെ ഭാഗമായി രാഷ്ട്രീയ കരുവാക്കുകയാണെന്ന് ബിജെപി ആരോപിച്ചു. മാസങ്ങളായി തുടരുന്ന മൂവാറ്റുപുഴ നഗര റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ട ടാറിംഗ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായപ്പോള്‍ നാലുവരി പാത യാത്രക്കാര്‍ക്കായി തുറന്നു നല്‍കാനാണ് മൂവാറ്റുപുഴ ട്രാഫിക് തീരുമാനിച്ചത്.
തുരുത്തി കോളനിക്കാരുടെ കാത്തിരിപ്പ് അവസാനിക്കുന്നു : റേ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം 27ന്
ഒരുങ്ങുന്നത് രാജ്യത്ത ഏറ്റവും വലിയ പുനരധിവാസ പദ്ധതികളിലൊന്ന്
കൊച്ചി: കേന്ദ്ര പദ്ധതിയായ രാജീവ് ആവാസ് യോജന(റേയിൽ തുരുത്തി കോളനിക്കാര്‍ക്കായി കൊച്ചി കോര്‍പറേഷനും കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡും(സിഎസ്എംഎല്‍) സംയുക്തമായി നിര്‍മിച്ച രണ്ടു ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 27ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തീയതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും മറ്റ് തടസങ്ങളുണ്ടായില്ലേല് അന്നുതന്നെ ഉദ്ഘാടനം നടക്കുമെന്നാണ് വിവരം. ഫെബ്രുവരിയോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് കണക്കാക്കിയ പദ്ധതിയാണ് ഏഴ് മാസത്തോളം നീണ്ടത്. കെട്ടിടത്തിലേക്കുള്ള വൈദ്യുതീകരണവും ലിഫിറ്റിന്റെ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. സ്വീവേജ്, കുടിവെള്ള സംഭരണ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ പൂര്‍ത്തിയാകാനുണ്ട്. രണ്ടു സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ ഒരെണ്ണം പൂര്‍ത്തിയായിട്ടുണ്ട്. അതിനാല്‍ താമസത്തിന് തടസമുണ്ടാകില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തില്‍ 12 നിലയുള്ള ഭവന സമുച്ചയവും, സിഎസ്എംഎല്ലിന്റെ നേതൃത്വത്തില്‍ 14 നിലകളുള്ള ഭവന സമുച്ചയങ്ങളുമാണ് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. 14 നിലകളിലായി 195 കുടുംബങ്ങളേയും, 12 നിലകളിലുള്ള സമുച്ചയത്തില്‍ 199 കുടുംബങ്ങളേയുമാണ് പുനരധിവസിപ്പിക്കുന്നത്. കോര്പറേഷന് നിര്‍മിക്കുന്ന സമുച്ചയത്തിന് 300 ചതുരശ്ര അടിയും, സിഎസ്എംഎല്ലിന്റെ സമുച്ചയത്തിന് 328 ചതുരശ്ര അടിയുമാണ് വിസ്തീര്‍ണം. 44 കോടിയാണ് 14 നില കെട്ടിടത്തിന്റെ നിര്‍മാണ ചെലവ്. 12 നില കെട്ടിടത്തിന് 39.2 കോടിയും ചെലവായി. കല്‍വത്തി ഡിവിഷനിലെ കോഞ്ചേരി, തുരുത്തി, കല്‍വത്തി കോളനി നിവാസികളായ 398 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞാലും പുനരധിവാസത്തിന് താമസം ഉണ്ടാകും. ഇതു സംബന്ധിച്ചുള്ള നടപടി ക്രമങ്ങളാണ് വൈകുന്നതിനു കാരണം. ഓരോ സമുച്ചയങ്ങളിലും കിടപ്പുമുറി, അടുക്കള, ലിവിംഗ് ഏരിയ, ശുചിമുറി എന്നിവയുണ്ട്. ഇത് കൂടാതെ പൊതുവായി അങ്കണവാടിയും ഗ്രൗണ്ട് ഫ്ളോറില്‍ കടമുറികളും പാര്‍ക്കിംഗിനുള്ള സൗകര്യവുമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി ആകെ 32 കടമുറികളാണ് ഉള്ളത്. ഇത് ഇവിടുത്തെ താമസക്കാർക്കോ, പുറത്തുള്ളവര്‍ക്കോ വാടകയ്ക്ക് നല്കി അതുവഴി ലഭിക്കുന്ന വരുമാനം മെയിന്റനന്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ചെലവഴിക്കാനാണ് ആലോചനയെന്ന് ഡിവിഷന് കൗണ്‍സിലര്‍കൂടിയായ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. അഷറഫ് പറഞ്ഞു. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച പദ്ധതി തീരദേശ പരിപാലന വകുപ്പിന്റെ അനുമതി കിട്ടാതെ വന്നതോടെ വൈകിയാണ് ആരംഭിച്ചത്. പിന്നീട് ഓരോ ഘട്ടത്തിലും നിര്‍മാണം തടസപ്പെട്ടു. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ മാര്‍ച്ച് വരെ സമയം നീട്ടണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശമാണ് കോര്പറേഷന് നല്‍കിയത്. അതും കഴിഞ്ഞ് ഏഴ് മാസത്തിനു ശേഷമാണ് രാജ്യത്ത ഏറ്റവും വലിയ പുനരധിവാസ പദ്ധതികളിലൊന്നായി റേ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്.
വിശ്വാസദീപ്തമായി വല്ലാര്‍പാടം തീര്‍ഥാടനം
കൊച്ചി: ചരിത്ര പ്രസിദ്ധമായ വല്ലാര്‍പാടം തീര്‍ഥാടനത്തില്‍ പങ്കുചേര്‍ന്ന് ആയിരങ്ങൾ. ഇരു ദിക്കുകളില്‍ നിന്നും പ്രാര്‍ഥനാ മന്ത്രങ്ങളുമായി എത്തിയ വിശ്വാസികളെ വല്ലാര്‍പാടം ബസിലിക്ക പ്രവേശന കവാടത്തില്‍ റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി ഉണ്ടായിരുന്നു. കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ വചന സന്ദേശം നല്കി. ഝാന്‍സി രൂപത മുന്‍ ബിഷപ് ഡോ. പീറ്റര്‍ പറപ്പുള്ളി, വത്തിക്കാന്റെ സ്ഥിരം നിരീക്ഷകന് മോണ്‍. ജെയിന് മെന്റസ്, അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍.മാത്യു ഇലഞ്ഞിമറ്റം, ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഉച്ചയ്ക്ക് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്ന് ആരംഭിച്ച കിഴക്കന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥാടനം ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. മഹാജൂബിലിയുടെ സ്മരണയ്ക്കായി ജൂബിലികുരിശും വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാകയും അതിരൂപതയിലെ അല്മായ സംഘടന ഭാരവാഹികള്‍ ആര്ച്ച്ബിഷപ്പില് നിന്നും ഏറ്റുവാങ്ങി. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീര്‍ഥാടനം ബിഷപ് ഡോ. പീറ്റര്‍ പറപ്പുള്ളില്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി ലോഗോയും ദീപശിഖയും യുവജന സംഘടന നേതാക്കള്‍ക്ക് ബിഷപ് കൈമാറി. തീര്‍ഥാടനത്തിന് എത്തിയ വിശ്വാസികളെ ആര്‍ച്ച്ബിഷപ് വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു. അല്മായ നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 16 മുതല്‍ 24 വരെയാണ് വല്ലാര്‍പാടത്തമ്മയുടെ ഈ വര്‍ഷത്തെ തിരുനാള്‍.
പീഡനക്കേസിൽ പ്രതിയായ അധ്യാപകനെ പുറത്താക്കണമെന്ന് കെഎസ്യു
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ അധ്യാപകനെ ക്ലാസെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും പുറത്താക്കണമെന്നും മഹാരാജാസ് കോളജ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് രാജീവ് പാട്രിക് ആവശ്യപ്പെട്ടു. വടകരയിലെ മടപ്പിള്ളി ഗവണ്മെന്റ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ് കേസ് ഫയല്‍ ചെയ്തത്. അധ്യാപകൻ നിലവിൽ മഹാരാജാസിലാണ് ജോലി നോക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സസ്പെൻഡ് ചെയ്യാനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അധ്യാപകനെ ഇനിയും മഹാരാജാസിൽ ക്ലാസെടുക്കാൻ അനുവദിച്ചാൽ ഇയാളെ കാന്പസിൽ തടയുമെന്നും രാജീവ് പറഞ്ഞു.
ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടി ശോഭായാത്ര
കൊച്ചി: നഗരവീഥികള്‍ അമ്പാടികളാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടിയ മഹാശോഭായാത്ര. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നഗരത്തില്‍ നടന്ന ശോഭായാത്രയില്‍ നൂറുകണക്കിന് ഗോപിക, കൃഷ്ണവേഷധാരികള്‍ പങ്കെടുത്തു. കൂടാതെ കാളിയമര്‍ദ്ദനം, അനന്തശയനം, കംസന്റെ തടവറ, പുലിപ്പുറത്ത് അയപ്പന്, മഹാവിഷ്ണു തുടങ്ങിയ ടാബ്ളോ, പഞ്ചവാദ്യം, തൊങ്കാശിമേളം, ഇസ്കോണ്‍ ഭജന സംഘം, ഗോപിക നൃത്തം, ഭജന തുടങ്ങിയവയും ശോഭായാത്രയുടെ ഭാഗമായി. എറണാകുളം ടൗണ്‍ഹാളിനു സമീപത്തുനിന്ന് ആരംഭിച്ച ശോഭായാത്ര സംവിധായകന് മേജര്‍ രവി ഉദ്ഘാടനം ചെയ്തു. അയ്യപ്പന് കാവില്‍നിന്നു നടന്ന ശോഭയാത്ര ഡോ. കെ.എന്‍. രാഘവനും. തിരുമല ദേവസ്വം ക്ഷേത്രത്തില്‍ ജസ്റ്റീസ് പി.എസ്. ഗോപിനാഥനും, രവിപുരം ക്ഷേത്രത്തില്‍ സംഗീതജ്ഞന് ടി.എസ്. രാധാകൃഷ്ണനും. കുമാരേശ്വരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ജി.സതീശ് കുമാറും ഉദ്ഘാടനം ചെയ്തു. എല്ലാ ശോഭായാത്രകളും ജോസ് കവലയില്‍ സംഗമിച്ച് രാത്രി ഏഴോടെ എറണാകുളം ശിവക്ഷേത്ര നടയില്‍ സമാപിച്ചു.
ബ്രഹ്മപുരത്തെ സിബിജി പ്ലാന്റിന്റെ കമ്മീഷനിംഗ് ഒക്ടോബറില്‍
കൊച്ചി: ബ്രഹ്മപുരത്ത് ഭാരത് പെട്രോളിയം കോര്പറേഷന് നിര്‍മാണം പൂര്‍ത്തീകരിച്ച കംപ്രസ്ഡ് ബയോ ഗ്യാസ്(സിബിജി) പ്ലാന്റിന്റെ കമ്മീഷനിംഗ് ഒക്ടോബറില്‍. കേന്ദ്ര പെട്രോളിയം മന്ത്രിയുടെ സമയത്തിന് അനുസരിച്ചായിരിക്കും തീയതി നിശ്ചയിക്കുക. മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും. നിര്‍മാണം പൂര്‍ത്തീകരിച്ച പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ട്രയല്‍ റണ്‍ നടക്കുകയാണ്. പഞ്ചാബ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് (സിഇഐഡി) എന്ന സ്ഥാപനത്തിനാണ് നടത്തിപ്പു കരാര്‍. കരാര്‍പ്രകാരം പ്ലാന്റിന്റെ കാലാവധി കണക്കാക്കുന്ന 25വര്‍ഷം പ്ലാന്റിന്റെ നടത്തിപ്പും സംരക്ഷണവും സിഇഐഡി എന്ന സ്ഥാപനം നിര്‍വഹിക്കണം. ഈ കാലയളവില്‍ പ്ലാന്റിന്റെ ഉടമസ്ഥര്‍ ബിപിസിഎൽ ആയിരിക്കും. പിന്നീടിത് കോര്പറേഷന് കൈമാറുകയോ 10വര്‍ഷം കൂടി കരാര്‍ നീട്ടിനല്കുകയോ ചെയ്യും. സിബിജി പ്ലാന്റിന് ആവശ്യമായ രണ്ടു ബയോ ഡൈജസ്റ്ററുകളാണ് നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. 18 മാസമാണ് നിര്‍മാണ കാലാവധി പറഞ്ഞിരുന്നതെങ്കിലും ആറ് മാസം മുന്‍പേ നിര്‍മാണം പൂര്‍ത്തീകരിച്ചു. ആദ്യം 75 ടണ്‍ മാലിന്യം സംസ്കരിക്കും. പിന്നീട് ഘട്ടംഘട്ടമായി 150 ടണ്‍വരെ ഉയര്‍ത്തും. 110 കോടിയാണ് എസ്റ്റിമേറ്റ് തുക. പ്ലാന്റ് നിര്‍മാണം ഉള്‍പ്പെടെ ആദ്യഘട്ടത്തിനായി 81 കോടിയാണ് ചെലവ്. വര്‍ഷംതോറും 10 കോടി വരെ പ്രവര്ത്തനച്ചെലവായും കണക്കാക്കുന്നുണ്ട്. 150 ടണ്‍ ഖരമാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. ഇത്രയും മാലിന്യം സംസ്കരിക്കുന്നതിലൂടെ ആറു ടണ്‍വരെ സിബിജിയും 25 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാനാകും. ഇത് വില്‍ക്കുന്നതിലൂടെ വര്‍ഷം 14 കോടിയാണ് ബിപിസിഎല്‍ ലക്ഷ്യം വയ്ക്കുന്നത്. അവശേഷിക്കുന്ന 100 ടണ്‍ മലിനജലം വളമാക്കി വില്ക്കാനാകുമോയെന്നും ബിപിസിഎല്‍ ആലോചിക്കുന്നുണ്ട്.
കെസിബിസി നാടകമേള 19 മുതൽ
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ 36-ാമത് അഖില കേരള പ്രഫഷണൽ നാടകമേള 19 മുതൽ 28 വരെ പാലാരിവട്ടം പിഒസിയിൽ നടക്കും. പത്തു നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. ദിവസവും വൈകുന്നേരം ആറിനാണ് നാടകം. 19നു വൈകുന്നേരം 5.30ന് ഉദ്ഘാടന സമ്മേളനം. തുടർന്ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത’ നാടകം അരങ്ങേറും. 20ന് തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’, 21ന് കോഴിക്കോട് സങ്കീർത്തനയുടെ ‘കാലം പറക്ക്ണ്’, 22ന് കൊല്ലം അനശ്വരയുടെ ‘ആകാശത്തൊരു കടൽ’, 23ന് തൃശൂർ സദ്ഗമയയുടെ ‘സൈറൺ’, 24ന് തിരുവനന്തപുരം അമ്മ തിയറ്ററിന്റെ ‘ഭഗത് സിംഗ്’, 25ന് തിരുവനന്തപുരം നടനകലയുടെ ‘നിറം’, 26ന് കാഞ്ഞിരപ്പിള്ളി അമലയുടെ ‘ഒറ്റ’, 27ന് വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ എന്നിവ അവതരിപ്പിക്കും. 28ന് വൈകുന്നേരം 5.30ന് സമാപന സമ്മേളനവും സമ്മാനദാനവും. തുടർന്ന് പ്രദർശന നാടകമായി തിരുവനന്തപുരം സംഘകേളിയുടെ ‘ലക്ഷ്മണരേഖ’ അവതരിപ്പിക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ അറിയിച്ചു. പ്രവേശനം പാസ് മൂലം. ഫോൺ: 8281054656, 9633249382.
കഞ്ചാവ് കേസ്: പ്രതിക്ക് രണ്ടു വർഷം തടവും 20,000 രൂപ പിഴയും
കൊച്ചി: 1.120 കിലോ കഞ്ചാവുമായി എറണാകുളം റെയിൽവേ പോലീസിന്റെ പിടിയിലായ എം.എച്ച്. മൊയ്തീന്(മൊയ്തു) വിചാരണ കോടതി രണ്ടു വർഷം തടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് കാരക്കുന്നേൽ ഹാജരായി. റെയിൽവേ പോലീസ് ഇൻസ്പെക്ടർ എം.എ. മുഹമ്മദാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഭീഷണിപ്പെടുത്തി 60,000 രൂപ തട്ടിയ യുവാവ് അറസ്റ്റില്‍
കൊച്ചി: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഫോര്‍ട്ട്കൊച്ചി ബാവാ മന്‍സിലില്‍ വൈ.ബി. നിസാമുദീ(30)നെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24ന് എറണാകുളം പത്മ ജംഗ്ഷന് സമീപമുള്ള മക്ഡൊണാള്‍ഡ് ഷോപ്പില്‍ അതിക്രമിച്ച് കയറി ഇരുമ്പുവടി വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കടയുടെ സേഫ് ലോക്കറിനുള്ളില്‍ ഉണ്ടായിരുന്ന 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തോപ്പുംപടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വയോധികരുടെ വാട്ടർമെട്രോ യാത്ര 27ന്
ചെറായി: കടമക്കുടിയുടെ മനോഹര കാഴ്ചകള്‍ കാണാന്‍ വയോജനങ്ങള്‍ക്കായി വാട്ടര്‍ മെട്രോ യാത്ര. പള്ളിപ്പുറത്തെ വയോജനങ്ങള്‍ക്ക് തണല്‍ എന്ന സംഘടനയാണ് യാത്ര ഒരുക്കുന്നത്. 27നു രാവിലെ മുളവുകാട് ബോള്‍ഗാട്ടി ജെട്ടിയില്‍ നിന്നും ആരംഭിക്കുന്ന യാത്രയില്‍ വയോധികര്‍ക്കൊപ്പം കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ ഉണ്ടാകുമെന്ന് സംഘടനയുടെ ചെയര്മാന് വി.എക്സ്. ബനഡിക്ട് അറിയിച്ചു.
മെട്രോ സ്റ്റേഷനുകളില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഒക്ടോബറിൽ
കുറഞ്ഞ നിരക്ക് അഞ്ചു രൂപ
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളോടു ചേര്‍ന്നുള്ള എല്ലാ പാര്‍ക്കിംഗ് ഇടങ്ങളെയും ഏകീകൃത സംവിധാനത്തില്‍ കൊണ്ടുവന്നു പാര്‍ക്കിംഗ് സംവിധാനം സ്മാര്‍ട്ടാക്കുന്ന പദ്ധതി ഒക്ടോബറില്‍ യാഥാര്‍ഥ്യമാക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). ഡിജിറ്റല്‍ സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി കെഎംആര്‍എല്‍ അറിയിച്ചു. മെട്രോയുടെ ഓരോ പാര്‍ക്കിംഗ് സ്ഥലങ്ങളിലും വ്യത്യസ്ത കരാറുകാരായിരുന്നു പാര്‍ക്കിംഗ് ഫീസ് വാങ്ങിയിരുന്നത്. പുതിയ സംവിധാനത്തിലേക്ക് മാറുന്നതോടെ ഇത് ഒറ്റ കരാറിന്റെ കീഴില്‍ വരും. തോന്നുംപടി ഫീസ് ഇടാക്കിയിരുന്ന രീതിയിലും മാറ്റം വരും. മാത്രമല്ല ഓരോ പാര്‍ക്കിംഗ് സ്ഥലങ്ങളിലും ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഒഴിവുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. കാറുകള്‍ക്കും മുച്ചക്രവാഹനങ്ങള്‍ക്കും ആദ്യ രണ്ടു മണിക്കൂറിന് 15 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുരൂപയുമാണ് പുതിയ സംവിധാനത്തില്‍ ഫീസ്. നാലു ചക്ര വാഹനങ്ങള്‍ക്ക് ഓരോ അധിക മണിക്കൂറിനും അഞ്ചു രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ അധിക രണ്ട് മണിക്കൂറിന് അഞ്ചു രൂപയും അധികമായി നല്‍കേണ്ടിവരും. നിലവില്‍, കാറുകള്‍ക്ക് ആദ്യ രണ്ടു മണിക്കൂറിന് 35 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 20 രൂപയുമാണ് വാങ്ങിയിരുന്നത്. ഓരോ അധിക മണിക്കൂറിനും കാറുകള്‍ക്ക് 20 രൂപയും ബൈക്കുകള്‍ക്ക് 10 രൂപയും അധികമായി ഈടാക്കുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ നിരക്ക് കുറയുകയും പാര്‍ക്കിംഗ് ശാസ്ത്രീയമാകുകയും ചെയ്യും. അതോടൊപ്പം സ്ഥിരം യാത്രക്കാര്‍ക്ക് പ്രതിമാസ പാസ് സൗകര്യവും ഉണ്ടാകും. പുലര്‍ച്ചെ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പും അവസാന ട്രെയിന്‍ യാത്ര അവസാനിപ്പിച്ച് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുന്നതു വരെയുമാണ് പാര്‍ക്കിംഗ് സൗകര്യം. അതുകഴിഞ്ഞ് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ആലുവ, അമ്പാട്ടുകാവ്, കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, കലൂര്‍, ഇളംകുളം, തൈക്കൂടം, പേട്ട, വടക്കേക്കോട്ട, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സൗകര്യം വരുന്നത്. മറ്റ് സ്റ്റേഷനുകളില്‍ ഘട്ടഘട്ടമായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.
വ്യാപാരികളുടെ ഉന്നമനത്തിനായി മര്‍ച്ചന്റ്സ് യൂണിയന്
മൂവാറ്റുപുഴ: നഗരവികസനത്തിന്റെ ഭാഗമായി തകര്‍ച്ചയിലായിരിക്കുന്ന വ്യാപാരികളുടെ ഉന്നമനത്തിനായി മര്‍ച്ചന്റ്സ് യൂണിയന് രംഗത്ത്. മര്‍ച്ചന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി ഒന്നുവരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് ചെയര്മാന് നൗഷാദ് പ്ലാമൂട്ടില്‍, ജനറല്‍ സെക്രട്ടറി പി.എം. ഇബ്രാഹിം, വര്‍ക്കിംഗ് ചെയര്മാന് ജിയോ തോട്ടം, ട്രഷറര്‍ ഷൈന്‍ എം. യോയാക്കി എന്നിവര്‍ പറഞ്ഞു. മൂവാറ്റുപുഴ ടൗണ്‍ ഷോപ്പിംഗ് ഫെസ്റ്റ് 2025 എന്ന പേരിലായിരിക്കും ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മൂവാറ്റുപുഴ നഗരത്തിന്റെ പുരോഗതിക്കായി ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാറ്റുന്നതിനാണ് മര്‍ച്ചന്‍സ് യൂണിയന് ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കച്ചേരിത്താഴത്തെ പുതിയ പാലം : സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് തുടക്കം
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് പുതിയ പാലം നിര്‍മിക്കുന്നതിനു ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ. മാറാടി വില്ലേജിലെ 11.64 ആര്‍സ് സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുപ്പിനായി സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍എ), എന്‍എച്ച് 1 കാക്കനാടിനെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. രണ്ടു വരിയായി ഗതാഗതം സാധ്യമാക്കുന്ന രീതിയിലാണ് പുതിയ പാലം. കാല്‍നട യാത്രികര്‍ക്ക് നടപ്പാതയും ഉണ്ടാകും. നിലവില്‍ നാലുവരിയോടെ ടൗണ്‍ റോഡ് വികസന നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും പുതിയ പാലം കൂടി യാഥാര്‍ഥ്യമാകുമ്പോള്‍ മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസമാണുള്ളതെന്നും എംഎല്‍എ വ്യക്തമാക്കി. മൂവാറ്റുപുഴയുടെ ഭാവി വികസന സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പദ്ധതി തയാറാക്കിയതെന്ന് എംഎല്‍എ പറഞ്ഞു. മൂവാറ്റുപുഴയുടെ മുഖച്ഛായ തന്നെ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും എംഎല്‍എയുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ പൂര്‍ണപിന്തുണ ഉണ്ടെന്നും, മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നതിനു വേണ്ടി എംഎല്‍എ സ്വീകരിക്കുന്ന എല്ലാം നടപടികള്‍ക്കൊപ്പവും നഗരസഭ ഉണ്ടാകുമെന്നും നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസും വ്യക്തമാക്കി.
ദുരന്തം വിട്ടൊഴിയാതെ വട്ടപ്പറന്പിൽ കുടുംബം : ഹരിദാസും യാത്രയായി...
വാഴക്കുളം: പിരളിമറ്റം പാണപാറ വട്ടപ്പറമ്പിൽ ഹരിദാസിന്റെ മരണം വീട്ടുകാർക്കും നാട്ടുകാർക്കും നടുക്കുന്ന മറ്റൊരു ദുരന്ത ഓർമ. 16 വർഷം മുന്‍പ് ഇടിമിന്നലിന്റെ രൂപത്തിലെത്തിയ ദുരന്തം ഹരിദാസിന്റെ മക്കളുടെ ജീവനെടുത്തിരുന്നു. ഇപ്പോൾ അപകട രൂപത്തിൽ ഹരിദാസിന്റെ ജീവനും നഷ്ടപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മേസ്തിരി ജോലിക്കാരനായ ഹരിദാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി തട്ടുകയായിരുന്നു. താഴെ വീണ ഹരിദാസ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. 2009 ഓഗസ്റ്റില്‍ നെടുമലയിലെ സ്വന്തം വീടിന് മുമ്പിൽ കട്ടിലിൽ ഹരിദാസും തറയില്‍ കിടന്ന് കുട്ടികളും ടെലിവിഷൻ കണ്ടു കൊണ്ടിരുന്നപ്പോഴാണ് ഇടിമിന്നലിന്റെ രൂപത്തിൽ ദുരന്തമെത്തിയത്. സ്കൂൾ വിദ്യാർഥികളായ അരുണ്‍ദാസും കൃഷ്ണദാസും അന്ന് ഇടിമിന്നലേറ്റ് മരിച്ചു. ഹരിദാസിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. മക്കൾ നഷ്ടപ്പെട്ട വീടുപേക്ഷിച്ച് ഭാര്യ അജിതയ്ക്കും മകൾ അരുണിമയ്ക്കുമൊപ്പം ഹരിദാസ് പിന്നീട് വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ഇപ്പോൾ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ വിധിയുടെ വിളി കേട്ട് ഹരിദാസും യാത്രയായി.
ഇന്റർനെറ്റ് കേബിളുകൾ നശിപ്പിക്കുന്നതായി പരാതി
കോതമംഗലം: വടാട്ടുപാറയിലേക്കുള്ള ഇന്റർനെറ്റ് കേബിളുകൾ രാത്രിയുടെ മറവിൽ മുറിച്ച് നശിപ്പിക്കുന്നത് പതിവായെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയതായി പ്രദേശവാസികൾ പറഞ്ഞു. സാമൂഹ്യവിരുദ്ധർ കേബിളുകൾ നശിപ്പിക്കുന്നതു മൂലം ഗ്രാമവാസികൾക്ക് ഇന്റർനെറ്റ്, കേബിൾ ടിവി സംപ്രക്ഷണങ്ങൾ തടസപ്പെടുന്നുണ്ട്. ഇത് പലപ്പോഴും ബാങ്കുകൾ, പൊതുവിതരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, ഫോറസ്റ്റ് റേഞ്ച് ഓഫീസുകൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട് . കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നൽകണമെന്നും പ്രദേശത്തെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
നിര്‍മല മെഡിക്കല്‍ സെന്ററില്‍ സെമിനാര്‍
മൂവാറ്റുപുഴ: ലോക ആത്മഹത്യ പ്രതിരോധ ദിനത്തോടനുബന്ധിച്ച് നിര്‍മല മെഡിക്കല്‍ സെന്റര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, നിര്‍മല കോളജ് ഓഫ് നഴ്സിംഗ്, വിമല സോഷ്യല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആത്മഹത്യ പ്രവണത എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടെലിഫോണ്‍ ഹെല്‍പ്പ് ലൈന്‍ സേവനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. നിർമല മെഡിക്കൽ സെന്ററിൽ മൂവാറ്റുപുഴ എസ്ഐ സുമിത ഉദ്ഘാടനം ചെയ്തു. എഫ്സിസി അസിസ്റ്റന്റ് പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ റാണി അധ്യക്ഷത വഹിച്ചു. ഐഎംഎ മൂവാറ്റുപുഴ പ്രസിഡന്റ് ഡോ. ഏബ്രഹാം മാത്യു മുഖ്യപ്രഭാഷണം നടത്തി. നിര്‍മല മെഡിക്കല്‍ സെന്ററര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ തെരേസ്, വിമല സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ റാണി ജോസ്, നിര്‍മല മെഡിക്കല്‍ സെന്ററര്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസി ജോസ്, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ്, നിര്‍മല മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ പാട്രിക് എം. കല്ലട, പിആര്‍ഒ രതീഷ് കൃഷ്ണന്, മാനേജര്‍ - ഓപ്പറേഷന്‍സ് എസ്.എസ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍മല മെഡിക്കല്‍ സെന്റര്‍ സൈക്യാട്രി വകുപ്പ് മേധാവി ഡോ. സിസ്റ്റര്‍ ലിന്‍സ് മരിയ, സൈക്യാട്രിസ്റ്റ് ഡോ. അജിനി ഫിലിപ്, സൈക്കോളജിസ്റ്റ് ഗുഡ്വിന് മൈക്കിള്‍, കൗണ്‍സിലര്‍ പി.എം. മേരി എന്നിവര്‍ വിഷയങ്ങൾ അവതരിപ്പിച്ചു. നിര്‍മല കോളജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ മാനസികാരോഗ്യ അവബോധ സ്കിറ്റും അവതരിപ്പിച്ചു.
നീന്തൽ മത്സരം ‘ദി ഷാർക്ക് ചലഞ്ച്’ സംഘടിപ്പിച്ചു
കോതമംഗലം: കുന്നുകര അയൺ ഷാർക്ക് അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീന്തൽ മത്സരം ദി ഷാർക്ക് ചലഞ്ച് 2025 കോത മംഗലം എംഎ കോളജ് സ്വിമ്മിം ഗ് പൂളിൽ സംഘടിപ്പിച്ചു. ആന്റ ണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ എ.ജി. ജോർജ്, എറണാകുളം ജില്ല അക്വാട്ടിക് അസോസിയേ ഷൻ പ്രസിഡന്റ് ജോർജ് ജോസ്, അയൺ ഷാർക്സ് അക്വാട്ടിക് ക്ലബ് ചെയർമാൻ മുഹമ്മദ് ഷാഫി, പ്രസിഡന്റ് അലക്സ് പി. ജോയ്, സെക്രട്ടറി പി.എസ്. സജിത്ത് എന്നിവർ പ്രസംഗിച്ചു.
‘തണലോണ’വുമായി ഫ്രീഡം ഓൺ വീൽ പാരാ പ്ലീജിക് അസോസിയേഷൻ
മൂവാറ്റുപുഴ: ചക്ര കസേരയില്‍ ജീവിതം നയിക്കുന്ന സഹോദരങ്ങളുടെ സംഘടനയായ ഫ്രീഡം ഓണ്‍ വീല്‍ പാരാ പ്ലീജിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തണലോണം എന്ന പേരില്‍ മൂവാറ്റുപുഴയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നായി നൂറില്‍പരം പേര് ആഘോഷത്തിന്റെ ഭാഗമായി. ചലച്ചിത്ര അക്കാദമി അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ഡിസെബിലിറ്റി സ്റ്റേറ്റ് അവാര്‍ഡിന് അര്‍ഹനായ സൂരജ് കൊടുങ്ങല്ലൂരിനെ ആദരിച്ചു. എഴുത്തുകാരി ശ്രീപാര്‍വതി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജീവ് ചെങ്ങന്നൂര്‍, ശരത്ത് പടിപ്പുര, ധന്യ മൂവാറ്റുപുഴ, ഉണ്ണി മാക്സ് കൂത്താട്ടുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിമന്റ് മിശ്രിതം കയറ്റിവന്ന ലോറി ചരിഞ്ഞു
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സിമന്റ് മിശ്രിതം കയറ്റിവന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് ചരിഞ്ഞു. നേര്യമംഗലം വില്ലാഞ്ചിറ കയറ്റത്തിന് സമീപമാണു ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ലോറി ചരിഞ്ഞത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായ ലോറി പിറകിലേക്കു തെന്നിമാറുകയും റോഡിന്റെ വശം തകർന്ന് ചരിയുകയുമായിരുന്നു. ദേശീയപാത നിർമാണത്തിനായി കൊണ്ടുപോയ സിമന്റ് മിശ്രിതമായിരുന്നു വാഹനത്തിൽ.
സാംസ്കാരിക കലകളെ പരിചയപ്പെടുത്താൻ ഏകദിന സിന്പോസിയം
കോതമംഗലം : മാർ അത്തനേഷ്യസ് കോളജിലെ സോഷ്യോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മൺമറഞ്ഞു പോകുന്ന സാംസ്കാരിക കലകളെ വീണ്ടെടുക്കുന്നതിനും അവയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സൻസ്കാര എന്ന പേരിൽ ഏകദിന സിന്പോസിയം നടത്തി. ഇന്ത്യൻ നോളഡ്ജ് സിസ്റ്റത്തിന്റെ ഭാഗമായി നടന്ന പ്രോഗ്രാമിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ അജിത് മലേരി, സോപാന സംഗീതജ്ഞനും, എംഎ കോളജ് റിട്ട. അധ്യാപകനുമായ ഡോ. കെ. മോഹനൻ പിള്ള, പുള്ളുവൻ പാട്ട് ഗായികമാരായ ഉഷ രാമചന്ദ്രൻ, പ്രസന്ന എന്നിവർ ക്ലാസ് നയിച്ചു. ഇന്ത്യയുടെ തനതു പാരമ്പര്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി പാരമ്പര്യ വാദ്യോപകരണങ്ങളും,സാങ്കേതികതയും, ആനുകാലിക പ്രശ്നങ്ങളും ചർച്ച ചെയ്തു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഭാരതത്തിന്റെ കലാ, സാംസ്കാരിക, വിജ്ഞാന വൈവിധ്യം വിശ്വമാകെ വ്യാപിപ്പിക്കാനുള്ള ഉത്തരവാദിത്തം പുതുതലമുറയിൽ നിക്ഷിപ്തമാണെന്ന് അഭിപ്രായമുയർന്നു. വകുപ്പ് മേധാവി ഷാരോൺ വി. ബാലകൃഷ്ണൻ, ടി.കെ. ഗ്രീഷ്മ, ജിൽജിത് രാജൻ എന്നിവർ നേതൃത്വം കൊടുത്തു.
മൂവാറ്റുപുഴ മലങ്കര കത്തോലിക്കാ രൂപത പഠനശിബിരം
മൂവാറ്റുപുഴ: സഭയിലെ പ്രഥമ എക്യുമെനിക്കല്‍ സുന്നഹദോസായ നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ മലങ്കര കത്തോലിക്കാ രൂപത പഠനശിബിരം സംഘടിപ്പിച്ചു. മൂവാറ്റുപുഴ സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന പഠനശിബിരം മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട്ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് സന്ദേശം നല്കി. തൃശൂര്‍ മേരിമാതാ സെമിനാരി അധ്യാപകന് റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍, മൂവാറ്റുപുഴ ഭദ്രാസന വൈദിക സമിതി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് മഠത്തിക്കുന്നത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബഥനി സിസ്റ്റേഴ്സ് മൂവാറ്റുപുഴ പ്രോവിന്സിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രൊവിന്‍ഷ്യാള്‍ മദര്‍ ടോമിനയേയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെയും ചടങ്ങില്‍ അനുമോദിച്ചു. ബഥനി ആശ്രമം നവജ്യോതി പ്രോവിന്‍ഷ്യാള്‍ റവ. ഡോ. ജോര്‍ജ് അയ്യനേത്ത്, വികാരി ജനറാള്‍ റവ. തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ചാക്കോ ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വൈദികരും സിസ്റ്റേഴ്സും ഇടവക പ്രതിനിധികളും ഉള്‍പ്പെടെ 200 പേരോളം പഠനശിബിരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന അജപാലന സമിതി യോഗത്തില്‍ കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കണ്ണീറ്റുമല അങ്കണവാടി ഉദ്ഘാടനം ചെയ്തു
പിറവം: നഗരസഭയിലെ പതിനാലാം വാർഡിലെ 50-ാം നമ്പർ അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. ഇടപ്പിള്ളിച്ചിറ കണ്ണീറ്റുമലയ്ക്ക് സമീപമുള്ള അങ്കണവാടി സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ വർഷങ്ങളായി ഒരു ക്ലബ് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഒൻപത് കൊല്ലം മുമ്പ് നാട്ടുകാർ പിരിവെടുത്ത് മൂന്നു സെന്റോളം സ്ഥലം വാങ്ങിയെങ്കിലും കെട്ടിടം നിർമിക്കാനായില്ല. നഗരസഭ 19 ലക്ഷം രൂപ നീക്കിവച്ചാണ് ഇപ്പോൾ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ഡിവിഷൻ കൗൺസിലർ ഡോ. അജേഷ് മനോഹർ, കൗൺസിലർമാരായ മോളി വലിയകട്ടയിൽ, പി.ഗിരീഷ് കുമാർ, ബാബു പാറയിൽ, ജോജിമോൻ ചാരുപ്ലാവിൽ, രമാ വിജയൻ, ഡോ. സഞ്ജിനി പ്രതീഷ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ സി. സുധ, സൂപ്പർവൈസർ റീസ രമ്യാ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
വിദേശിയും സ്വദേശിയുമായ പഴങ്ങളുടെ വൈവിധ്യവുമായി ഡയസ് വർഗീസിന്റെ തോട്ടം
കൂത്താട്ടുകുളം: വിദേശിയും സ്വദേശിയുമായ പഴങ്ങളുടെ വൈവിധ്യം കണ്ടറിയണമെങ്കിൽ കുത്താട്ടുകുളം സ്വദേശി ഡയസിന്റെ വീട്ടിലെത്തിയാൽ മതി. കിഴകൊമ്പ് പാറയിൽ പീടികയിൽ ഡയസ് പി. വർഗീസും കുടുംബവും നൂറുകണക്കിന് ഫലവർഗങ്ങളുടെ നടുവിലാണ് താമസിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വിവിധയിനം പൈനാപ്പിളുകൾ, അറുപതോളം ഇനം ജബോട്ടികാബ, അറുപതോളം ഇനം വാഴപ്പഴങ്ങൾ, അമ്പതോളം ഇനം പേര, മുന്നൂറിൽ പരം വിദേശ ഫല സസ്യങ്ങൾ എന്നിവ ഡയസിന്റെ കൃഷിയിടത്തിലുണ്ട്. ഇന്ത്യയിൽ തന്നെ വിരളമായി കായ്ക്കുന്ന ആഫ്രിക്കൻ ഉദാര വരെയുണ്ട്. ഒന്‍പതു വർഷത്തെ അധ്വാനത്തിന്റെ ഫലമായാണ് തന്റെ 75 സെന്റ് സ്ഥലത്തിൽ വിവിധ പഴവർഗ സസ്യങ്ങൾ നട്ടു വളർത്തിയത്. വിവിധ രാജ്യങ്ങളിലെ വിവിധയിനം പൈനാപ്പിളുകൾ കേരളത്തിൽ ഇവിടെ മാത്രമാണുള്ളതെന്ന് ഡയസ് പറഞ്ഞു. ലോകത്തിലെ നാല് അപൂർവ ഇനം പഴങ്ങളിൽ ഒന്നായ ഇന്തൊനീഷ്യൻ കെസുസുവും ഡയസിന്റെ ജേക്കബ്സ് ഓർച്ചാഡ്സ് ഫാമിലുണ്ട്. ഭാര്യ ഷീബയും മകൻ ജേക്കബും പൂർണപിന്തുണയുമായി ഡയിസിന്റെ ഒപ്പമുണ്ട്.
റോഡ് തുറന്നുനല്‍കി : ട്രാഫിക് എസ്ഐക്കെതിരെ അച്ചടക്ക നടപടി
മൂവാറ്റുപുഴ: നഗരത്തിലെ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് തുറന്നു നല്കിയ സംഭവത്തില്‍ ട്രാഫിക് എസ്ഐക്കെതിരെ അച്ചടക്ക നടപടി. ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖ് നാട മുറിച്ച് റോഡ് തുറന്നു കൊടുത്തത് ഉന്നത പോാലീസ് അധികാരികളെയും മറ്റും അറിയിക്കാതെയായിരുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ഡിവൈഎസ്പി സിദ്ദിഖിനോട് വിശദീകരണം തേടി. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്കി. എംഎല്‍എയുടെ രാഷ്ട്രീയ നാടകത്തിനു എസ്ഐ കൂട്ടു നിന്നുവെന്ന് സിപിഎമ്മും ആരോപണം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് റൂറല്‍ ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് ഡിവൈഎസ്പി പി.എം. ബൈജു എസ്ഐയോടു വിശദീകരണം ആവശ്യപ്പെട്ടത്. ടാറിംഗ് പൂര്‍ത്തിയാക്കിയതോടെ കച്ചേരിത്താഴം മുതല്‍ പിഒ ജംഗ്ഷന് വരെയുള്ള എംസി റോഡ് വെള്ളിയാഴ്ച തുറന്നു നല്‍കിയിരുന്നു. മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ പി.പി എല്‍ദോസ് എന്നിവരുടെ സാന്നിധ്യത്തില്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖ് റോഡ് തുറന്നു നല്‍കിയത്. നഗര വികസനം പൂര്‍ത്തിയാകും മുന്‍പ് റോഡ് നാടകീയമായി തുറന്നു നല്‍കിയത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണെന്നു ചൂണ്ടിക്കാട്ടി സിപിഎം രംഗത്തു വന്നിരുന്നു.
‘അരങ്ങ് ' രൂപത കലോത്സവത്തിന് തുടക്കം
മൂവാറ്റുപുഴ : യുവദീപ്തി കെസിവൈഎം കോതമംഗലം രൂപത അണിയിച്ചൊരുക്കുന്ന അരങ്ങ് 2025 രൂപത കലോത്സവത്തിന് മുവാറ്റുപുഴ നിര്‍മല കോളജില്‍ തുടക്കം കുറിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജസ്റ്റിന് കണ്ണാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത പ്രസിഡന്റ് സാവിയോ തോട്ടുപുറം നേതൃത്വം നല്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില് ആമുഖപ്രഭാഷണം നടത്തി. നിര്‍മല കോളജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, കെസിവൈഎം രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്റണി വിളയപ്പിള്ളില്‍, ആനിമേറ്റര്‍ റവ. സിസ്റ്റര്‍ റെറ്റി എഫ്സിസി എന്നിവര്‍ പങ്കെടുത്തു. രൂപത വൈസ് പ്രസിഡന്റ് ആന്മരിയ ജോസ് പതാക ഉയര്‍ത്തി. രണ്ട് ദിനങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 14 വേദികളിലായി 17 മത്സരയിനങ്ങളില്‍ 3000ത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്നു.
ഗാർഹിക വാട്ടർ കണക്ഷന്റെ ദുരുപയോഗം ചോദ്യംചെയ്ത ആളെ മർദിച്ചതായി പരാതി
ഫോർട്ടുകൊച്ചി: ജല അഥോറിറ്റിയുടെ ഗാർഹിക കണക്ഷന് ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദനം. മുണ്ടംവേലി റസിഡന്റ്സ് അസോസിയേഷന് ജോ. സെക്രട്ടറി കെ.എ. ഡിക്സനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ ഡിക്സന് പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുണ്ടംവേലിയിലാണ് വാട്ടർ അഥോറിറ്റിയുടെ ഗാര്‍ഹിക കണക്ഷനില്‍ നിന്ന് ഹോസ് ഉപയോഗിച്ച് പ്ളാസ്റ്റിക്ക് ജാറുകളില്‍ നിറച്ച് വില്പന നടത്താന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്.ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണ് ഇതര സംസ്ഥാനക്കാരനായ വീട്ടുടമയും മക്കളും ചേര്‍ന്ന് ഡിക്സനെ മര്‍ദിച്ചത്.കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന പ്രദേശത്ത് ഇത്തരത്തില്‍ ജലം ദുരുപയോഗം ചെയ്യുന്നതിനെതിരെ പല തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. തെളിവുസഹിതം പരാതി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിക്സന് വീഡിയോ ചിത്രീകരിച്ചത്.പരിസരവാസികള്‍ വിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വെള്ളം നിറച്ച ജാറുകള്‍ അടങ്ങിയ വാന്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും അല്പ സമയത്തിനകം വിട്ടയച്ചത് സംശയത്തിനിടയാക്കി. പിന്നീട് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പ്രതിഷേധിച്ചതോടെ വാന്‍ തിരിച്ച് വിളിച്ചെങ്കിലും ജാറുകള്‍ ഉണ്ടായില്ല. ഇത് സംബന്ധിച്ച് പരാതി ഇല്ലാത്തതിനാലാണ് വാന്‍ വിട്ടയച്ചതെന്ന് പോലീസ് വ്യക്തമാക്കി. വാട്ടർ അഥോറിറ്റിയുടെ വെള്ളം ദുരുപയോഗം ചെയ്തിനെതിരെ നടപടിയുണ്ടാകുമെന്ന് അസി. എന്‍ജിനീയര്‍ പറഞ്ഞു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ലയോള സ്കൂൾ കേരളത്തിലെ ഏറ്റവും മികച്ച ബോയ്സ് സ്കൂൾ
Kerala
2
വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾക്ക് സ്റ്റേ
National
3
ഗാസയിൽ നടക്കുന്നത് വംശഹത്യ ; യുഎൻ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ
International
4
വിപണിയിൽ തിരിച്ചുവരവ്
Business
5
കൈ പുകയുന്നു
Sports
ADVERTISEMENT
LATEST NEWS
ഏഷ്യാ കപ്പ്; അഫ്ഗാനിസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം
കർണാടകയിൽ വൻ ബാങ്ക് കൊള്ള; എട്ടു കോടിയും 50 പവനും കവർന്നു
എടവണ്ണയിൽ വൻ ആയുധവേട്ട; ഗണ്ണുകളും റൈഫിളുകളും കണ്ടെത്തി
ഏഷ്യാ കപ്പ് : ബംഗ്ലാദേശിന് ടോസ്; കടുവകൾക്ക് നിര്‍ണായകം
അമിത ആത്മവിശ്വാസം പാടില്ല; ഓരോ ചുവടും കരുതലോടെ വയ്ക്കണം: എം.എ.ബേബി
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD