ആലുവയിൽ ജൈവ, ജല മാലിന്യ സംസ്കരണത്തിന് പുതിയ സംവിധാനം
1467627
Saturday, November 9, 2024 5:05 AM IST
ആലുവ: ജൈവ, ജലമാലിന്യ സംസ്കരണത്തിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പുതിയ ബയോവേസ്റ്റ് മാനേജിംഗ് എക്സ്പീരിയൻസ് ബൂത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആലുവയിൽ നടപ്പിലാക്കുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നാളെ വൈകിട്ട് 4.30ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സന്ദർശിക്കും.
ആലുവ നഗരസഭ വളപ്പിൽ മൂന്നര ലക്ഷത്തോളം രൂപ ചെലവിട്ടാണ് ബൂത്ത് സ്ഥാപിച്ചത്. പരീക്ഷണാർത്ഥം സൗജന്യമായാണ് ആലുവയിൽ ബൂത്ത് നടപ്പാക്കുന്നത്.
സംസ്ഥാന സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റോബോബിൻ ഇൻഡോർ ബയോവേസ്റ്റ് മാനേജ്മെന്റ് ഇക്കോ സിസ്റ്റം എന്ന സ്ഥാപനമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
പ്രതിദിനം 50 കിലോഗ്രാം സംസ്കരണ ശേഷിയുള്ള യൂണിറ്റാണിത്. മുനിസിപ്പൽ ഓഫീസിലേയും കാന്റീനിലേയും മാലിന്യ സംസ്കരണം ഉദ്ദേശിച്ചുള്ള യൂണിറ്റിൽ 50 കിലോഗ്രാം ജൈവമാലിന്യത്തിനു പുറമെ 5,000 ലിറ്റർ മലിനജലവും സംസ്കരിക്കാം. മാലിന്യസംസ്കരണത്തിലൂടെ ഉത്പാദിപ്പിക്കുന്ന ജൈവവളം കിലോഗ്രാമിന് നാല് രൂപ നിരക്കിൽ ഇതേ കമ്പനി തിരിച്ചെടുക്കും.