ഗ്രാമീണ സടക് യോജന: ത്രിതല പ്രതിനിധികളോട് പദ്ധതി നിർദേശിക്കണമെന്ന്
1467623
Saturday, November 9, 2024 5:05 AM IST
മൂവാറ്റുപുഴ: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന (പിഎംജിഎസ്വൈ) പ്രകാരം ഗ്രാമീണ റോഡുകൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും 15ന് മുന്പ് പദ്ധതിയുടെ പേരുകളും വിവരങ്ങളും ത്രിതലപഞ്ചായത്ത് പ്രതിനിധികൾ നിർദേശിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി.
റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ വെട്ടാനും, ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനുമാണ് മുൻഗണന. റോഡുകളുടെ കുറഞ്ഞ നീളം 500 മീറ്ററും, വീതി ആറ് മീറ്ററും ഉണ്ടാവണം. സൗജന്യമായി സ്ഥലം വിട്ടുകൊടുത്താൽ റോഡുകൾ ഇല്ലാത്ത ഏത് ജനവാസ കേന്ദ്രത്തിലേക്കും പുതുതായി റോഡുകൾ നിർമിക്കാം.
റോഡുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പഞ്ചായത്തുകൾ ഏറ്റെടുത്ത് ഫ്രീ സറണ്ടർ ചെയ്ത് ജില്ലാതല കാര്യാലയങ്ങളിലേക്ക് കൈമാറണം. റോഡുകളുടെ പേര്, പഞ്ചായത്ത്, റോഡുകൾ സ്ഥിതിചെയ്യുന്ന വാർഡ് നന്പർ, റോഡുകളുടെ വീതി, നീളം, വീടുകളുടെ എണ്ണം, ബന്ധപ്പെടേണ്ട ജനപ്രതിനിധികളുടെ പേര്, മൊബൈൽ ഫോണ് നന്പർ എന്നിവ സഹിതം എറണാകുളം പിഐയുവിലോ എംപിയുടെ ഇ-മെയിലിലോ ([email protected]) രേഖാമൂലം നൽകണം.
നിർദ്ദിഷ്ട റോഡുകളുടെ അലൈൻമെന്റും മറ്റ് വിവരങ്ങളും കേന്ദ്രസർക്കാർ സാറ്റലൈറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിശോധിച്ച് പ്രോജക്ട് തയാറാക്കുന്നതിന് അന്തിമ അനുമതി നൽകും. ഇനിയും വിവരങ്ങൾ ലഭ്യമാക്കാത്ത ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഉടൻ വിവരങ്ങൾ നൽകണമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.