സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഡെയറിയായി തൃപ്പൂണിത്തുറ മിൽമ
1467619
Saturday, November 9, 2024 5:05 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മിൽമ ഡെയറിയിൽ സ്ഥാപിച്ച സോളാർ പവർ പ്ലാന്റ് ഇന്ന് രാവിലെ 10ന് കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഇതോടെ പൂർണമായും ഓൺഗ്രിഡ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡെയറിയായി തൃപ്പൂണിത്തുറയിലെ മിൽമ ഡെയറി മാറും. നാലു കോടി രൂപ മുതൽമുടക്കിൽ നടപ്പാക്കുന്ന പ്രൊഡക്ട്സ് ഡെയറി നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും.
കെ. ബാബു എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേശീയ ക്ഷീരവികസന പദ്ധതിയുടെ എട്ടു കോടി രൂപ ഉപയോഗിച്ച് ഇടപ്പള്ളി ഹെഡ് ഓഫീസ് കാമ്പസിൽ പ്രവർത്തനമാരംഭിച്ച മിൽമ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിന്റെ താക്കോൽ, മിൽമ ചെയർമാൻ കെ.എസ്. മണിയിൽ നിന്ന് ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോ. മീനേഷ് സി. ഷാ ഏറ്റുവാങ്ങും.
എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, നഗരസഭാ അധ്യക്ഷ രമ സന്തോഷ്, ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, എറണാകുളം യൂണിയൻ ചെയർമാൻ എം.ടി. ജയൻ തുടങ്ങിയവർ പങ്കെടുക്കും.
ദേശീയ ക്ഷീരവികസന ബോർഡ് മുഖാന്തിരം ലഭ്യമായ ഒന്പത് കോടി രൂപയുടെ വായ്പയും മേഖലാ യൂണിയന്റെ തനതു ഫണ്ടിൽ നിന്നുള്ള ആറു കോടി രൂപയും ഉപയോഗിച്ച് പൂർത്തീകരിച്ച പദ്ധതിയിലൂടെ ഡെയറിയിലെ വൈദ്യുതി ഉപയോഗം മുഴുവനായി നിറവേറ്റാൻ സാധിക്കുന്ന വിധത്തിലാണ് രണ്ട് മെഗാവാട്ടിന്റെ സൗരോർജ പ്ലാന്റ് പൂർത്തീകരിച്ചത്.