കേരള സ്കൂൾ കായികമേള : സ്റ്റാര്‍ട്ടിംഗ് പോയിന്റ് നിയന്ത്രിക്കാന്‍ ഇക്കുറിയും ജോണ്‍ ജെ. ക്രിസ്റ്റി
1467580
Saturday, November 9, 2024 4:22 AM IST
കൊച്ചി: സ്കൂൾ കായിക മേളയില്‍ കഴിഞ്ഞ 46 വര്‍ഷമായി ജോണ്‍ ജെ. ക്രിസ്റ്റി എന്ന ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടറുടെ നിയന്ത്രണത്തിലാണ് ഓട്ടമത്സരങ്ങള്‍ ആരംഭിക്കാറ്. ഇത്തവണയും ആ പതിവിനു വിത്യാസമില്ല. നാല് വര്‍ഷമായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഗണ്ണുമായി പഴയ അത്ലറ്റ് കൂടിയായ ഈ എഴുപത്തേഴുകാരൻ മഹാരാജാസ് ഗ്രൗണ്ടിലുണ്ട്.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 1978 മുതല്‍ ഓട്ടമത്സരങ്ങളിലെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് നിയന്ത്രിക്കുന്നത് ജോണ്‍ ജെ. ക്രിസ്റ്റിയാണ്. മത്സരാര്‍ഥികള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍പോലും ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് 13 അന്താരാഷ്ട്ര മത്സരങ്ങളിൽ സ്റ്റാര്‍ട്ടിംഗ് പോയിന്റ് നിയന്ത്രിച്ചിട്ടുള്ള ഇദ്ദേഹം പറയുന്നു.
അതുപോലെ ഫിനിഷിംഗ് ലൈനില്‍ സെക്കൻഡിന്റെ ആയിരത്തിലൊരംശത്തില്‍ വരുന്ന വിത്യാസം പോലും രേഖപ്പെടുത്താനും സാധിക്കും. എന്നാല്‍ വെടിയൊച്ച കുട്ടികളെ ഭയപ്പെടുത്താറുണ്ടെന്നാണ് ജോണ്‍ ജെ. ക്രിസ്റ്റിയുടെ അനുഭവം. വിസില്‍ ശബ്ദം മതി എന്നാണ് അവര്‍ ആവശ്യപ്പെടാറ്. പക്ഷേ ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ ഇതൊക്കെ പരിചയിച്ചേ മതിയാകൂവെന്ന് ജോണ്‍ ജെ. ക്രിസ്റ്റി പറയുന്നു.