നാട്ടുകാർക്ക് ദുരിതമായി തൃക്കളത്തൂരിൽ പെരിയാർവാലി കനാലിലെ മാലിന്യം
1467360
Friday, November 8, 2024 4:46 AM IST
മൂവാറ്റുപുഴ: തൃക്കളത്തൂരിൽ പെരിയാർവാലി കനാലിവെ മാലിന്യം നാട്ടുകാർക്ക് ദുരിതമായി. കീഴില്ലംവാളകം പെരിയാർവാലി ബ്രാഞ്ച് കനാലിന്റെ തൃക്കളത്തൂർ ഭാഗത്ത് കനാലിൽ നിന്നും നീക്കം ചെയ്ത ചെളിയും മണ്ണും കനാലിന് സമീപം റോഡരികിൽ കോരിയിട്ടതാണ് പ്രദേശവാസികൾക്ക് ദുരിതമായത്. വേനൽ ആരംഭത്തിനു മുന്പ് കനാലുകളിൽ വെള്ളം തുറന്ന് വിടുന്നതിനാണ് പെരിയാർ വാലി അധികൃതർ കനാലിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഹിറ്റാച്ചി ഉപയോഗിച്ച് കനാലിൽ നിന്നും നീക്കം ചെയ്ത ചെളി കനാൽ ബണ്ട് റോഡിലേക്ക് കോരിയിട്ടു.
മഴ പെയ്തതോടെ മണ്ണും ചെളിയും കനാൽ ബണ്ട് റോഡിൽ ഒഴുകി വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയുമായി. നിരവധി വാഹനയാത്രക്കാരാണ് ചെളിയിൽ തെന്നി അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കനാൽ ബണ്ട് റോഡിന് സമീപത്തെ താഴ്ന്ന സ്ഥലങ്ങളിലെ വീടുകളിലേക്കും മാലിന്യം ഒഴുകിയെത്തി. കനാലിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ചെളിയും പുല്ലും കാടും അടങ്ങിയ മാലിന്യങ്ങൾ കോരിയിട്ടിരിക്കുന്നത്. ശക്തമായ മഴ പെയ്താൽ ഇവ റോഡിലേക്കും കനാലിലേക്കും വീണ്ടും പതിക്കുമെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രദേശവാസികൾ പെരിയാർ വാലി അധികൃതരെ വിവരം അറിയിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിക്കുന്നതിനോ പരിഹാരം കാണുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.