മാനാറി - കീഴില്ലം റോഡ് തകർന്ന് തരിപ്പണം
1467359
Friday, November 8, 2024 4:46 AM IST
മൂവാറ്റുപുഴ: മാനാറി - കീഴില്ലം റോഡ് തകർന്ന് തരിപ്പണമായി. മേഖലയിലൂടെയുള്ള കാൽനട യാത്ര വരെ ഏറെ ദുസ്സഹമായി. മാനാറി - കീഴില്ലം റോഡിന്റെ ആകെയുളഅള 4.5 കിലോമീറ്റർ ദൂരപരിധിയിൽ 2.3 കിലോമീറ്റർ രായമംഗലം പഞ്ചായത്തിലും 2.2 കിലോമീറ്റർ പായിപ്ര പഞ്ചായത്തിലുമാണ്. രായമംഗലം പഞ്ചായത്തിലെ 2.3 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായതിനാൽ യഥാസമയം റോഡ് നവീകരണം നടക്കുന്നുണ്ട്. എന്നാൽ പായിപ്ര പഞ്ചായത്തിനു കീഴിലുള്ള 2.2 കിലോമീറ്റർ ദൂരം റോഡാണ് കുണ്ടും കുഴിയുമായി മാറിയിരിക്കുന്നത്. ഏകദേശം 10 സ്ഥലത്ത് റോഡ് പൊളിഞ്ഞ് ആഴത്തിലുള്ള കുഴിയായി രൂപാന്തരപ്പെട്ടു.
ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭിക്കുന്നത്. കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ, ത്രിവേണി പള്ളി, ആറളികാവ് എന്നിവിടങ്ങളിലേക്ക് ദിവസവും കുട്ടികളുൾപ്പടെ നൂറുകണക്കിന് ആളുകൾക്കാണ് വിവിധ ആവശ്യങ്ങൾക്കായി പോയി വരേണ്ടത്. കോതമംഗലത്തു നിന്നും കോലഞ്ചേരിക്കു പോകാവുന്ന ഏറ്റവും ദൂരം കുറഞ്ഞ റോഡാണ് തകർന്നു കിടക്കുന്നത്. ഏതാനും വർഷം മുന്പാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. റോഡിന്റെ ഗ്യാരണ്ടി കാലാവധി കഴിയുന്നതിനുമുന്പ് അമിത ഭാരം കയറ്റിയ ടോറസും മറ്റുലോറികളും റോഡിലൂടെ തലങ്ങും വിലങ്ങും പായുന്നതാണ് റോഡ് തകരാനുള്ള പ്രധാന കാരണം.
ഭാരവാഹനങ്ങൾ പോകുന്നതിന് കൃത്യമായ നിയമ വ്യവസ്ഥയുണ്ട്. നിയമവ്യവസ്ഥ പാലിച്ച് കൊണ്ടുമാത്രമേ പഞ്ചായത്ത് റോഡുകളിൽ ഭാരം കയറ്റിയ വാഹനം പോകാൻ കഴിയൂ എന്നിരിക്കെയാണ് സർവ നിയമവും ലംഘിച്ച് അമിത ഭാരം കയറ്റിയ ലോറികൾ ഇടതടവില്ലാതെ മാനാറി - കീഴില്ലും റോഡിലൂടെ ചീറിപ്പായുന്നത്. ഇരുപതും മുപ്പതും ടണ് ഭാരം കയറ്റിയ വലിയ വാഹനങ്ങളാണ് പ്ലൈവുഡ് കന്പനികളിലേക്ക് നിരന്തരം പോക്കുവരവ് നടത്തുന്നത്. തകർന്ന് കിടക്കുന്ന മാനാറി - കീഴില്ലം റോഡ് നവീകരിക്കുവാൻ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തും സംയുക്തമായി ശ്രമിക്കണമെന്നാണ് ആവശ്യം.