അറ്റകുറ്റപ്പണി നടക്കുന്നില്ല; ആലുവയിൽ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന്
1467358
Friday, November 8, 2024 4:46 AM IST
ആലുവ: തെരുവ് വിളക്കുകൾ താനെ പ്രകാശിക്കുകയും കെടുത്തുകയും ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം ആലുവ നഗരത്തിൽ പലയിടത്തും പ്രവർത്തരഹിതമെന്ന് ആക്ഷേപം. കരാർ പുതുക്കാത്തതുമൂലമാണ് അറ്റകുറ്റപ്പണി നടക്കാത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പുതിയ ചട്ടപ്രകാരം കെഎസ്ഇബി സ്ഥാപിക്കുന്ന തെരുവുവിളക്കുകളുടെ പരിപാലന ചുമതല അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. വൈദ്യുത പോസ്റ്റുകളിൽ കേടായ ബൾബുകൾ മാറ്റി ഇടേണ്ടതും താനെ പ്രവർത്തിതക്കുന്ന മേഖല തിരിച്ച് സ്ഥാപിച്ചിരിക്കുന്ന ടൈമറുകൾ സജ്ജമാക്കേണ്ടതും അറ്റകുറ്റപ്പണികൾ നടത്തേണ്ടതും ആലുവ നഗരസഭയാണ്. കേടായ ടൈമറുകൾ മാറ്റി സ്ഥാപിക്കണമെന്നും പ്രതിപക്ഷ കൗൺസിലർ എൻ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിലിൽ ലേലം വിളിച്ച് കൊടുക്കേണ്ട അറ്റകുറ്റപണി കരാർ ആറ് മാസം കഴിഞ്ഞിട്ടുംനൽകിയിട്ടില്ലെന്ന് ബിജെപി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം കരാർ കൊടുത്തയാൾക്ക് തന്നെ ആലുവ നഗരസഭ കരാർ നീട്ടിനൽകിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു ഒരു ലക്ഷം രൂപയോളം കുടിശികയുള്ളതിനാൽ ടൈമറുകൾ പുതിയത് വാങ്ങി വയ്ക്കാൻ കരാറുകാരൻ താത്പര്യം കാണിക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു.