തൃക്കാക്കരയിൽ എൽഡിഎഫിലെ റസിയ നിഷാദ് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ
1467357
Friday, November 8, 2024 4:46 AM IST
കാക്കനാട്: തൃക്കാക്കരയിൽ മൂന്നരക്കൊല്ലത്തിലേറെ യുഡിഎഫ് കൈവശം വച്ചിരുന്ന പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം അവർക്ക് നഷ്ടമായി. എൽഡിഎഫിലെ സിപിഎം അംഗം റസിയാ നിഷാദ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
25 അംഗങ്ങളുള്ള യുഡിഎഫിൽ നിന്നും കാതരു കുഞ്ഞും മറ്റൊരു സ്വതന്ത്ര കൗൺസിലർ ഓമന സാബുവും ഇടതുമുന്നണിക്കൊപ്പം ചേർന്നതോടെയാണ് കോൺഗ്രസിൽ ഗ്രൂപ്പു പോര് ശക്തമായത്. പൊതുമരാമത്ത് സ്ഥിരം സമിതി അംഗമായ കാതരു കുഞ്ഞ് കുറുമാറിയതോടെ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി.
ഏഴംഗ കമ്മിറ്റിയിൽ എൽഡിഎഫിന് നാലുപേരുടെ പിന്തുണ ലഭിച്ചതോടെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സോമി റെജിക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകി. ഇന്നു വോട്ടെടുപ്പു നടക്കാനിരിക്കെ സോമി റെജി അധ്യക്ഷ പദവി രാജിവക്കുകയും ചെയ്തു.
ഇന്നലെ വോട്ടു ചെയ്യാനെത്തിയ എം.ഒ. വർഗീസ്, ഷാജി വാഴക്കാല, സോമി റെജി എന്നിവർ മിനിട്സിൽ ഒപ്പുവച്ചില്ല. എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്നുറപ്പുള്ളതിനാൽ യുഡിഎഫിൽ നിന്നും ആരും മൽസരിച്ചില്ല. തുടർന്ന് ഇടതുമുന്നണിയിലെ റസിയ നിഷാദ് തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും ആർആർ വിഭാഗം ഡപ്യൂട്ടി കളക്ടറുമായ വിബിൻ കുമാർ പ്രഖ്യാപിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതിയിലേക്ക് മൽസരിക്കാൻ ആരോഗ്യ സ്ഥിരം സമിതിയിൽ നിന്നുള്ള ലാലി ജോഫിൻ പത്രിക നൽകിയെങ്കിലും നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവരുടെ പത്രിക തള്ളുകയായിരുന്നു.