പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; അധികൃതർ കണ്ടമട്ടില്ല
1467355
Friday, November 8, 2024 4:46 AM IST
ആലുവ: ആലുവ വനിതാ പോലീസ് സ്റ്റേഷനു മുന്നിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി.
ഇന്നലെ പകൽ മുഴുവൻ ഇവിടെ വെളളം ഒഴുകി പരന്നിട്ടും വാട്ടർ അഥോറിറ്റി അധികൃതർ ആരും സ്ഥലത്തെത്തുകയോ നന്നാക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
ഇന്നലെ രാവിലെ ഏഴോടെയാണ് സ്റ്റേഷന്റെ പ്രവേശന കവാടത്തിന് മുന്നിൽ തന്നെയായി പൈപ്പ് പൊട്ടിയത്.
തൊട്ടു ചേർന്നുള്ള ഇഎസ്ഐ ഡിസ്പെപെൻസറിയിലേക്കും പുറകിലുള്ള പൈപ്പ് ലൈൻ റോഡിലേക്കും രണ്ടായി പിരിഞ്ഞ് വെള്ളം ഒഴുകുകയാണ്.
പകൽ മുഴുവൻ വെളളം ഒഴുകി പോലീസ് സ്റ്റേഷന് ഉള്ളിലും ഇഎസ്ഐ ഡിസ്പെൻസറിയുടെ അകത്തും വെള്ളം കെട്ടിക്കിടക്കുകയാണ്.
വനിതാ പോലീസ് സ്റ്റേഷന് മുകളിൽ ക്രൈം ബ്രാഞ്ച് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
ഈ സ്ഥാപനങ്ങളിലേക്കും ഡിസ്പെൻസറിയിലേക്കും വരുന്ന രോഗികൾക്കും ആവശ്യക്കാർക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടായിട്ടുണ്ട്.