ഓടയിൽ വീണ് വിദേശിയുടെ തുടയെല്ല് പൊട്ടി
1467347
Friday, November 8, 2024 4:46 AM IST
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിലെത്തിയ വിദേശ യുവാവ് ഓടയിൽ വീണ് തുടയെല്ല് പൊട്ടി. ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയുടെ നവീകരണത്തിന്റെ ഭാഗമായി ഓട നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് ഫ്രഞ്ച് സ്വദേശി അലക്സാണ്ടർ ലാൻഡ(39) നാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഫോർട്ട്കൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ ജെട്ടിയിലെത്തിയതാണ് ലാൻഡനും അമ്മ ലറൻസ് യെലിയും. തിരക്കുള്ള സമയമായതിനാൽ ഇടുങ്ങിയ വഴിയിലൂടെ നടന്നപ്പോൾ കാൽതെറ്റി ഓടയിലേക്ക് വീഴുകയായിരുന്നു.
യുവാവിന്റെ കാലാണ് ഓടയിൽ അകപ്പെട്ടത്. ഇടത്തേ തുടയെല്ലിന് ഗുരുതമായി പരിക്കേറ്റ യുവാവിനെ ഓട്ടോ തൊഴിലാളികൾ ചേർന്നാണ് ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം പരിക്ക് ഗുരുതമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയ വേണ്ടതിനാൽ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ ആയൂർവേദ ചികിത്സയുടെ ഭാഗമായാണ് ലാൻഡനും അമ്മയും കൊച്ചിയിലെത്തിയത്.
ഫോർട്ട്കൊച്ചിയിലെ സിത്താര ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്നു. സിഎസ്എംഎല്ലിന്റെ നേതൃത്വത്തിലാണ് ഫോർട്ട്കൊച്ചി ജെട്ടി നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.രണ്ടു മാസം കൊണ്ട് തീർക്കേണ്ട ജോലി ആറുമാസമായിട്ടും ഇഴഞ്ഞ് നീങ്ങുകയാണ്. നേരത്തേയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഓടയിൽ വീണ സംഭവങ്ങളുണ്ടായിട്ടുണ്ട്.