കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാന്പ്
1467345
Friday, November 8, 2024 4:46 AM IST
കോതമംഗലം: ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ബ്ലോക്കുതല സർവീസ് ക്യാന്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജില്ല കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോതമംഗലം ബ്ലോക്ക് പരിധിയിലുള്ള കർഷകർക്ക് അവരുടെ കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗപ്രദമാക്കാൻ സഹായിക്കുന്നതാണ് സർവീസ് ക്യാന്പ്.
1000 രൂപ വരെയുള്ള സ്പെയർ പാർട്സ് ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണി സൗജന്യമായിട്ടാണ് ചെയ്യുന്നത്. 10 പഞ്ചായത്തിലെയും കൃഷിഭവനുകൾ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത കർഷകർക്ക് പ്രയോജനം ലഭിക്കും. കാർഷിക വികസന വകുപ്പ് 50 ശതമാനം സബ്സിഡിയിൽ ആധുനിക കാർഷിക യന്ത്രങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. ഉത്പാദന ചെലവ് കുറച്ച് കാർഷിക വരുമാനം വർധിപ്പിക്കാൻ ആധുനിക കാർഷിക യന്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്ലോക്ക് തലത്തിൽ സർവീസ് ക്യാന്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ല കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറിംഗ് ഡിപ്പാർട്മെന്റിലെ മെക്കാനിക്കൽ ജീവനക്കാരാണ് ക്യാന്പിന് നേതൃത്വം കൊടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. ജില്ല കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അനു മാത്യു പദ്ധതി വിശദീകരണം നടത്തി.
ജില്ല പഞ്ചായത്തംഗം കെ.കെ. ദാനി, പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജെയിംസ് കോറന്പേൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസമോൾ ഇസ്മയിൽ, റ്റി.കെ. കുഞ്ഞുമോൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് വർഗീസ്, ബിഡിഒ ഡോ. എസ്. അനുപം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ്, കൃഷി ഓഫീസർമാരായ ജിജി ജോബ്, കെ.എസ്. സണ്ണി, രഞ്ജിത്ത് തോമസ്, ഒ.കെ. അജി എന്നിവർ പ്രസംഗിച്ചു.