കൈവശ ഭൂമി പതിച്ചു നൽകൽ : വാർഷിക വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് ഉയർത്തുമെന്ന് മന്ത്രി കെ. രാജൻ
1461376
Wednesday, October 16, 2024 3:51 AM IST
കോതമംഗലം: കൈവശ ഭൂമി പതിച്ചു നൽകുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽനിന്നും ഉയർത്തുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. 1971 ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള കൈവശ ഭൂമി പതിച്ചുനൽകുന്നതിനു മാത്രമേ നിയമം ബാധകമുള്ളു.
ആന്റണി ജോണ് എംഎൽഎയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ചു നൽകുന്പോൾ 1971 ഓഗസ്റ്റ് ഒന്നിന് ശേഷം ഭൂമി ലഭിച്ചവർക്കും മുൻഗണനാക്രമം അനുസരിച്ച് വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണമെന്ന് വരുമാന പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ പല അപേക്ഷകളിലും പതിവ് നടപടി സ്വീകരിക്കാനായിരുന്നില്ല.
വീട് വച്ചു താമസിച്ചു വരുന്നവരിൽ സ്വകാര്യ ജോലിയുള്ള ഒരാൾ ഉണ്ടെങ്കിൽ ഭൂമി പതിച്ചു നൽകാൻ പറ്റാത്ത സാഹചര്യമുള്ളതും ഈ തരത്തിലുള്ള നിരവധി അപേക്ഷകൾ നിരസിക്കേണ്ട സാഹചര്യവും നിലവിലുള്ളതിനാൽ കാലാനുസൃതമായ വർധനവ് ഉണ്ടാകണമെന്ന് എംഎൽഎ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
1964 ലെ കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങളിൽ 1971 ഓഗസ്റ്റ് ഒന്നിന് മുന്പ് സർക്കാർ ഭൂമിയുടെ കൈവശക്കാരനായ വ്യക്തിക്ക് വരുമാന പരിധി ബാധകമാക്കാതെ ഭൂമി പതിച്ചു നൽകാവുന്നതാണെന്ന് 1964 ലെ ഭൂപതിവ് ചട്ടത്തിൽ 2017ൽ ഭേദഗതി വരുത്തിയിരുന്നു. എന്നാൽ ഭേദഗതി പ്രകാരം 1971 ആഗസ്റ്റ് ഒന്നിന് ശേഷമുള്ള കൈവശമാണെങ്കിൽ ഭൂമി പതിച്ചു കിട്ടുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.
വരുമാന പരിധി നിലവിലെ സാഹചര്യത്തിൽ വളരെ കുറഞ്ഞ തുകയായതിനാൽ നിരവധി അപേക്ഷകൾ നിരസിക്കപ്പെടുന്നുണ്ട്. ഇതുമൂലം ദിവസ വേതനക്കാർക്ക് പോലും പട്ടയം നൽകാനാകാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. 2017ൽ നിശ്ചയിച്ച വരുമാന പരിധി കാലോചിതമായി വർധിപ്പിച്ചില്ലെങ്കിൽ സാധാരണക്കാർക്ക് പോലും പട്ടയം നൽകാനാകില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന റവന്യൂ സെക്രട്ടേറിയേറ്റ് യോഗം ഭൂപതിവിനുള്ള വാർഷിക വരുമാന പരിധി വർധിപ്പിക്കാൻ തീരുമാനിക്കുകയും വരുമാന പരിധി ഉയർത്തുന്നത് സംബന്ധിച്ച ശിപാർശ സമർപ്പിക്കാൻ സർക്കാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇതിൻ പ്രകാരം ലാൻഡ് റവന്യൂ കമ്മീഷണർ ശിപാർശ സർക്കാരിൽ നൽകിയിട്ടുണ്ട്. ലാൻഡ് റവന്യൂ കമ്മീഷണർ നൽകിയ ശിപാർശ സർക്കാർ പരിശോധിക്കുകയാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.