സ്ലാബുകളില്ലാത്ത കാന : ആലുവ-കാലടി റോഡിൽ അപകടങ്ങൾ പതിവാകുന്നു
1460377
Friday, October 11, 2024 3:35 AM IST
ആലുവ: ആലുവ-കാലടി റൂട്ടിൽ ദേശത്ത് ട്രിനിറ്റി ഗാർഡൻ ജംഗ്ഷനിൽ സ്ലാബുകളില്ലാത്ത കാന കാരണം അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ രാത്രി രണ്ടു യുവാക്കൾ അപകടത്തിൽ പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
മുടിക്കൽ സ്വദേശിയായ ബാദുഷയും മൂവാറ്റുപുഴ സ്വദേശിയായ ബിലയുമാണ് രാത്രി 10ന് ഇവിടെ അപകടത്തിൽപ്പെട്ടത്. ആലുവയിൽ നിന്നും കാലടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവർ റോഡിനരികിൽ അശാസ്ത്രീയമായി സ്ലാബ് ഇടാതെ നിർമിച്ച ലിഫ്റ്റ് ഇറിഗേഷൻ കനാലിന്റെ ഭാഗമായ ഒഴുക്കുചാലിലേക്ക്(ഓട) വാഹനത്തോടൊപ്പം വീഴുകയായിരുന്നു.
സമീപവാസിയായ വി. കെ. മധുസുധനന്റെ നേതൃത്വത്തിൽ ദേശം റണ്ണേഴ്സ് ഗ്രൂപ്പ് അംഗങ്ങൾ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കിഴക്കേദേശത്തുള്ള ഫ്ലാറ്റിലേക്കുള്ള വഴിയുടെ പ്രവേശനഭാഗമാണ് ഇത്തരത്തിൽ അപകടമുനമ്പായി മാറിയിരിക്കുന്നത്.
ടാർ റോഡിന് തൊട്ട് ചേർന്നാണ് സ്ലാബ് ഇട്ട് മൂടാത്ത ഈ കാന. റോഡിനും ഒഴുക്കുചാലിനും ഇടയിൽ സ്ഥലമില്ലാത്തതിനാൽ റോഡിൽ നിന്ന് കാലു തെറ്റിയാൽ വഴി യാത്രക്കാരും ഓടയിൽ വീഴാൻ സാധ്യതയുണ്ട്. വാഹനങ്ങൾ ഈ ഓടയിൽപ്പെടുന്നത് ഇപ്പോൾ സ്ഥിര സംഭവമായിരിക്കുകയാണ്.
ഇത്തരത്തിൽ ഉള്ള അപകടങ്ങൾ പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ജനസേവ ചെയർമാൻ കൂടിയായ സാമൂഹ്യ പ്രവർത്തകൻ ജോസ്മാവേലി പരാതിപ്പെട്ടു.