"ഓപ്പറേഷന് പ്രവാഹ്' രണ്ടാംഘട്ടം: ചെങ്ങല്‍ത്തോടില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജും മൂന്നു പാലവും
1459445
Monday, October 7, 2024 4:56 AM IST
നെടുന്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെയും പരിസരപ്രദേശങ്ങളിലയും വെള്ളപ്പൊക്ക നിവാരണത്തിനായി നടപ്പാക്കിയ "ഓപ്പറേഷന് പ്രവാഹ് ' രണ്ടാംഘട്ടത്തിന് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) തുടക്കമിടുന്നു.
പെരിയാറില്‍നിന്ന് ചെങ്ങൽതോട് തുടങ്ങുന്ന ഭാഗത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ്, ചൊവ്വര, പുളിയാമ്പള്ളി, മഠത്തില്‍മൂല എന്നിവിടങ്ങളില്‍ പാലങ്ങള്‍ എന്നിവയാണ് രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുക.
80 കോടി ചെലവഴിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ നടക്കുക. ചെങ്ങൽത്തോടിന്റെ ഉത്ഭവസ്ഥാനത്ത് നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ് ആണ് ഇതില്‍ പ്രധാനം. ഇതിന്റെ ടെൻഡര്‍ നടപടികള്‍ക്ക് സിയാല്‍ ഉടന്‍ തുടക്കമിടും.
വിമാനത്താവളത്തിന്റെ തൊട്ടടുത്ത പ്രദേശങ്ങളല്ലെങ്കിലും നീരൊഴുക്ക് ഉറപ്പാക്കാന്‍ ചൊവ്വര, മഠത്തില്‍മൂല, പുളിയാമ്പള്ളി ഭാഗങ്ങളിലെ കലുങ്കുകള്‍ മാറ്റുകയും പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്യും.
ഒന്നര വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2022ലാണ് സിയാല്‍ ഓപ്പറേഷന് പ്രവാഹ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്.
റണ്‍വെയുടെ തെക്കുഭാഗത്തുള്ള ഡൈവേര്ഷന് കനാല്‍ വീതി കൂട്ടുകയും 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിവിധ തോടുകള്‍ നവീകരിക്കുകയും ചെയ്തതോടെ വിമാനത്താവളത്തിലെയും പരിസരത്തുള്ള പത്തോളം തദ്ദേശ സ്ഥാപനങ്ങളിലെയും വെള്ളപ്പൊക്കം നിയന്ത്രിക്കാനായിരുന്നു.