ബിവറേജ് പരിസരത്ത് അനധികൃത പാർക്കിംഗ്; വഴിമുട്ടി യാത്രക്കാർ
1454033
Wednesday, September 18, 2024 3:48 AM IST
പോത്താനിക്കാട്: ബിവറേജ് കോർപ്പറേഷന്റെ പോത്താനിക്കാടുള്ള ഔട്ട്ലെറ്റിന്റെ പരിസരത്തുള്ള അനധികൃത വാഹന പാർക്കിംഗ് ഗതാഗത തടസം സൃഷ്ടിക്കുന്നു. തിരക്കേറിയ കക്കടാശേരി - കാളിയാർ റോഡരികിൽ സർക്കാർ ആശുപത്രി കവലയ്ക്കും പന്പ് കവലയ്ക്കും മധ്യേയാണ് വിദേശമദ്യ ചില്ലറ വിൽപ്പനശാല പ്രവർത്തിക്കുന്നത്.
എംവിഐപി വലതുകര കനാൽ ക്രോസ് ചെയ്യുന്ന ഈ കവലയിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വാഹനങ്ങളുടേയും ജനങ്ങളുടെയും തിരക്കുകൂടും. രാത്രി 8.30വരെയുള്ള വാഹനങ്ങളുടെ തിരക്കിനിടയിൽ മദ്യം വാങ്ങുവാൻ വരുന്നവരുടെ നീണ്ടനിരയും പതിവാണ്.
മദ്യവിൽപ്പനശാലയോടനുബന്ധിച്ച് ചെറുകടികളടക്കം മറ്റു പലതരത്തിലുള്ള കച്ചവടങ്ങളും ഇവിടെ പൊടിപൊടിക്കുന്നുണ്ട്. ലോട്ടറികച്ചവടക്കാരും പച്ചമീൻ വിൽപ്പനക്കാരും തുടങ്ങി കൈനോട്ടക്കാർ വരെ വിഹാര കേന്ദ്രമാക്കിമാറ്റിയിരിക്കുകയാണിവിടെ.
റോഡിന്റെ ഇരുവശങ്ങളിലുമായി തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്കു ചെയ്യുന്നതുമൂലം പലപ്പോഴും ദീർഘനേരം ഗതാഗത തടസമുണ്ടാകും. മദ്യശാലയ്ക്ക് അവധിയുള്ളതിന്റെ തലേദിവസമാണ് തിരക്ക് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിൽ പട്രോളിംഗിനു വരുന്ന പോലീസുകാർ മദ്യപരെ ഊതിക്കുകയും ഹെൽമറ്റ്, സീറ്റ് ബൽറ്റ് തുടങ്ങിയ പരിശോധനകൾ നടത്താറുണ്ടെങ്കിലും അശാസ്ത്രീയമായ പാർക്കിംഗ് ഗൗനിക്കാറില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ദിവസേന ശരാശരി 15 ലക്ഷം രൂപയുടെ വിൽപ്പന നടക്കുന്ന ഈ വിദേശ മദ്യശാല ഇവിടെനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഭക്തസംഘടനകളും മദ്യവിരുദ്ധ സമിതികളും നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. അധികൃതർ അനുകൂല സമീപനം സ്വീകരിക്കാത്തതുമൂലം മദ്യശാല ഇപ്പോഴും ഇവിടെത്തന്നെ തുടരുകയാണ്.
വിദേശ മദ്യ വിൽപ്പനശാല തിരക്കു കുറഞ്ഞ മറ്റേതെങ്കിലും ഭാഗത്തേയ്ക്കു മാറ്റുകയോ, അശാസ്ത്രീയമായ വാഹന പാർക്കിംഗ് നിരോധിക്കുകയോ ചെയ്യുന്നതിന് അധികൃതർ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.