വാച്ചറോടൊപ്പം ആനയെ കാണാൻ എത്തിയവരുടെ കാറിനുനേരെ കാട്ടാന ആക്രമണം
1453816
Tuesday, September 17, 2024 1:53 AM IST
കാലടി: കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റിൽ ആനയെ കാണാൻ എത്തിയവരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം. ഞായറാഴ്ച രാത്രി കുളിരാൻതോടിന് സമീപത്താണ് പൂതംകുറ്റി സ്വദേശികളുടെ ഇന്നോവ കാർ കാട്ടാന ആക്രമിച്ചത്.
യാത്രക്കാരായ ജോയി, ബേസിൽ, ജോസ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആനയെ കാണാൻ പ്ലാന്റേഷൻ വാച്ചറോടൊപ്പം രാത്രി 10ഓടെയാണ് ഇവർ തോട്ടത്തിൽ എത്തിയത്.
അയ്യമ്പുഴ ഭാഗത്തു നിന്ന് പ്ലാന്റേഷൻ റോഡിലൂടെ വരുന്ന വഴിയിൽ കുളിരാൻ തോടിന് സമീപം ഇവർ കാട്ടാനയ്ക്ക് മുന്നിൽപ്പെടുകയായിരുന്നു.
വളവിൽ നിൽക്കുകയായിരുന്ന ആനയെ കണ്ടു നിർത്തിയ വാഹനത്തിനു നേരെ ആന പാഞ്ഞടുക്കുകയും കാറിന്റെ ബോണറ്റിൽ ചവിട്ടിനിന്ന് കൊമ്പ് കൊണ്ട് മുൻ ഗ്ലാസിൽ കുത്തുകയുമായിരുന്നു.
ഭയന്നുപോയ യാത്രക്കാർ ഒച്ചവച്ചതിനെ തുടർന്ന് ആന പിൻവാങ്ങുകയും സമീപത്തായി നിലയുറപ്പിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വനപാലകരെ വിവരമറിയിക്കുകയും സ്ഥലത്ത് എത്തിയ ഏഴാറ്റുമുഖം ആർആർടി സംഘം ആനയെ കാട്ടിലേക്ക് തുരത്തി വിടുകയും യാത്രക്കാരെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയുമായിരുന്നു.
യാത്രക്കാരോട് വനപാതയിൽ ഇറങ്ങുകയോ വന്യജീവികളെ ശല്യപ്പെടുത്തുന്ന തരത്തിൽ പെരുമാറുകയോ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശമുണ്ടെങ്കിലും പലരും അത് അവഗണിച്ച് കാടിനകത്തേക്ക് കടന്നും ആനകളെ പ്രകോപിപ്പിച്ചും അപകടത്തിൽപ്പെടുന്നതും പതിവാണ്.