പൂക്കളം കളറാക്കാന്‍ തകൃതിയായി പൂക്കച്ചവടം
1452953
Friday, September 13, 2024 3:49 AM IST
മൂവാറ്റുപുഴ: നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ അത്തപ്പൂക്കളം കളറാക്കാന്‍ മൂവാറ്റുപുഴയില്‍ പൂവിപണി സജീവം. വിവിധ വര്‍ണങ്ങളിലുള്ള പൂവുകളാണ് ഓണത്തെ വരവേല്‍ക്കാന്‍ മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനങ്ങളിലും തെരുവോരങ്ങളിലും തയാറായിരിക്കുന്നത്. അത്തം ഒന്നു മുതല്‍ തിരുവോണ നാള് വരെ നീണ്ടുനില്‍ക്കുന്ന ഓണപ്പൂക്കളം ഒരുക്കലിനെ വര്‍ണാഭമാക്കുന്നതിനായി വിവിധ നിറങ്ങളിലുള്ള പൂവുകളാണ് വ്യാപാരികള്‍ മൂവാറ്റുപുഴയിലെ നഗരത്തില്‍ എത്തിച്ചിരിക്കുന്നത്.
മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള ബന്ദിപ്പൂക്കളും, വാടാമല്ലിയും അരളിപ്പൂവും ചുവപ്പ് നിറത്തിലുള്ള ബട്ടണ്‍ റോസിനുമാണ് ആവശ്യക്കാര്‍ കൂടുതല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച പൂവകള്ക്ക് വലിയ വിലക്കൂടുതലൊന്നും വിപണിയിലില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ തെരുവോരങ്ങളിലും ധാരാളമായി പൂവിപണികള്‍ സജീവമായിരിക്കുകയാണ്. ഇഇസി മാര്‍ക്കറ്റ് റോഡിലുള്ള തമിഴ്നാട് സ്വദേശി ശക്തിയുടെ പൂക്കച്ചവടവും തകൃതിയാണ്.
ഒരു കിലോ മഞ്ഞ ബന്തിക്ക് 180, ഓറഞ്ച് ബന്തിക്ക് 200, വെള്ള ജമന്തിക്ക് 500, വാടാമല്ലി 400, ബട്ടണ്‍ റോസ് 400, അരളി 500 എന്നിങ്ങനെയാണ് മൂവാറ്റുപുഴയിലെ തെരുവോരങ്ങളിലെ പൂക്കളുടെ വില. ബംഗളുരു, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നെത്തിക്കുന്ന പത്തോളം പൂവുകളാണ് വില്പ്പനയ്ക്കെത്തിച്ചിരിക്കുന്നതെന്ന് ശക്തി പറഞ്ഞു.
അത്തപ്പൂക്കളം കളറാക്കുന്നതിന് പുറമേ മങ്കമാര്ക്കണിഞ്ഞൊരുങ്ങുന്നതിനുള്ള മുല്ലപ്പൂവുകളും മൂവാറ്റുപുഴയിലെ വിപണിയില്‍ സുലഭമാണ്. തിരുവോണനാളിന് ദിവസങ്ങള്‍ ശേഷിക്ക് സജീവമായ പൂവിപണിയിലെ കച്ചവടം വരും ദിവസങ്ങളില്‍ കൂടുതല്‍ തകൃതിയാകും എന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.