സ്ത്രീകള്‍ക്ക് ആയോധനകലയില്‍ പരിശീലനവുമായി വിപിഎസ് ലേക്ഷോര്
1452939
Friday, September 13, 2024 3:36 AM IST
കൊച്ചി: വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ എല്ലാ വനിതാ ജീവനക്കാരുടെയും ശാരീരികവും മാനസികവുമായ കരുത്തു വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം ആരംഭിച്ചു.
മെഡിക്കല്‍ രംഗത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ആശുപത്രി 'ഷീല്ഡ്സെല്ഫ് ഡിഫന്‍സ് ട്രെയിനിംഗ് പ്രോഗ്രാം' എന്ന സംസ്ഥാനതല പദ്ധതി രൂപകല്‍പ്പന ചെയ്തത്. കാസര്‍ഗോഡ് സ്വദേശിയായ കരാട്ടെ ട്രെയിനര്‍ മുഹമ്മദ് അഷ്റഫിന്റെ നേതൃത്വത്തിലാണ് പരിശീലനം.
ഗൈനക്കോളജി വിഭാഗം കണ്‍സൾട്ടന്റും ലാപ്രോസ്കോപ്പി സര്‍ജനുമായ ഡോ. ജിജി ഷംഷീര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള, ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ജയേഷ് നായര്‍, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ആദ്യത്തെ ബാച്ചില്‍ നൂറോളം പേര് പരിശീലനം നേടും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തുടനീളമുള്ള സ്ത്രീകള്‍ക്ക് ആയോധനകലയിൽ പരിശീലനം നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സര്‍ക്കാര്‍ പിന്തുണയോടെയുമാണ് പദ്ധതി നടപ്പാക്കുക. ആറ് മാസത്തിനുള്ളില്‍ ഏകദേശം 50,000 സ്ത്രീകള്‍ക്ക് സൗജന്യ പരിശീലനം നല്‍കാനാണ് ആശുപത്രിയുടെ ലക്ഷ്യം.