‘അങ്കമാലി-എരുമേലി റെയിൽവേ; പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണം’
1442998
Thursday, August 8, 2024 4:05 AM IST
മൂവാറ്റുപുഴ: അങ്കമാലി-എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലിമെന്റ് മണ്ഡലങ്ങളിലെ എംപിമാരായ ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ് എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
സംസ്ഥാന സർക്കാർ അങ്കമാലി - എരുമേലി റെയിൽവേയുടെ പകുതി ചെലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് എംപിമാർ പറഞ്ഞു.
സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതുകൊണ്ടാണ് അങ്കമാലി-ശബരി റെയിൽവേ പദ്ധതിയൂടെ നിർമാണം അനിശ്ചിതത്തിൽ തുടരുന്നതെന്ന് റെയിൽവേ മന്ത്രി മറുപടി പറഞ്ഞു. സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കാത്തതും സംസ്ഥാനത്തിന്റെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു.
എന്തു വിട്ടുവീഴ്ച്ച ചെയ്തും അങ്കമാലി - ശബരി പദ്ധതി നടപ്പാക്കണമെന്നും അതിനായി പരിപൂർണ സഹകരണം ഉണ്ടാകുമെന്നും എംപിമാർ അറിയിച്ചു.