ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടംനേടി പറവൂർ സ്വദേശി
1442457
Tuesday, August 6, 2024 7:04 AM IST
പറവൂർ: ഒക്ടോബറിൽ ക്രൊയേഷ്യയിൽ നടക്കുന്ന 23 വയസിൽ താഴെയുള്ളവരുടെ ഫുട്ബോൾ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പറവൂർ സ്വദേശി ഇടംനേടി. കിഴക്കേപ്രം ശിവോഹം പൊന്നേടത്ത് വീട്ടിൽ എസ്. നിരഞ്ജനാണ് ഇന്ത്യൻ ടീമിലിടം നേടിയത്.
വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സുനിൽകുമാറിന്റെയും ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാരിയായ സഹനയുടേയും മൂത്ത മകനാണ്.
ചിന്മയ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫുട്ബോളിനോടുള്ള കമ്പം തുടങ്ങുന്നത്. പിന്നീട് സിബിഎസ്ഇ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലെത്തി.
കോലഞ്ചേരിയിലെ ബൈ ഫാന്റേ എഫ്സിക്കു വേണ്ടി നിരവധി കളിക്കളങ്ങളിൽ ഗോൾകീപ്പറായി നിരഞ്ജൻ വലകാത്തു. ഒരു വർഷം മുമ്പാണ് 23 വയസിൽ താഴെയുള്ളവരുടെ കർണാടക ടീമിലെത്തിയത്. ഇവിടുത്തെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.
ആലുവ യുസി കോളജിലെ ഒന്നാം വർഷ ബിഎസ്എം വിദ്യാർഥിയാണ് നിരഞ്ജൻ. നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി എസ്. നിർമൽ സഹോദരനാണ്.
നഗരസഭ 14-ാം വാർഡിൽ നടന്ന അനുമോദന സമ്മേളനത്തിൽ സജീഷ് കുമാർ അമ്പിലേത്ത് നിരഞ്ജനെ പൊന്നാടയണിയിച്ചു. വാർഡ് കൗൺസിലർ നിമിഷ രാജൻ ഉപഹാരം നൽകി. സി.ജി. ജയൻ അധ്യക്ഷനായി.