നിയന്ത്രണംവിട്ട സ്കൂട്ടർ മരത്തിലിടിച്ച് താഴ്ചയിലേക്ക് വീണ് രണ്ടുപേർ മരിച്ചു
1441827
Sunday, August 4, 2024 4:30 AM IST
കോതമംഗലം: കുട്ടന്‍പുഴയിൽ ഇറക്കത്തിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മരത്തിലിടിച്ച് മറിഞ്ഞ് താഴ്ചയിലേക്ക് വീണ് രണ്ടു പേർ മരിച്ചു. ഒരാൾക്ക് സാരമായ പരിക്കേറ്റു.
കുട്ടന്പുഴ അട്ടിക്കളം പടിഞ്ഞാറെക്കര കുഞ്ഞുമോന്റെ മകൻ ജയൻ കുഞ്ഞുമോൻ (40), മാമലക്കണ്ടം താലിപ്പാറ വലിയപാറയ്ക്കൽ തങ്കപ്പന്റെ മകൻ അനിൽകുമാർ (55) എന്നിവരാണ് മരിച്ചത്. സാരമായ പരിക്കേറ്റ കുട്ടന്പുഴ അരുമാലിൽ ജോയിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയിയുടെ കൈക്കും വാരിയെല്ലിനും ഒടിവുണ്ട്.
മാമലക്കണ്ടം കുട്ടന്പുഴ റോഡിൽ ആഞ്ഞിലിചോട് 11-ാം മൈൽ ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. മാമലക്കണ്ടത്ത് കേബിൾ ടിവി നടത്തിപ്പുകാരനാണ് പരിക്കേറ്റ ജോയി. ജോയിയുടെ ജീവനക്കാരായിരുന്നു അനിലും ജയനും. കേബിൾ പണി കഴിഞ്ഞ് മൂവരും സ്കൂട്ടറിൽ കുട്ടന്പുഴയിലേക്ക് വരുന്പോഴാണ് അപകടത്തിൽപ്പെട്ടത്.
ആഞ്ഞിലിച്ചോടിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്പോൾ ബ്രേക്ക് നഷ്ടപ്പെട്ട സ്കൂട്ടർ മരത്തിൽ ഇടിച്ച് തലകീഴായ് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും താഴ്ചയിലേക്ക് തെറിച്ച് വീണു. കോതമംഗലത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജയന്റെയും അനിൽകുമാറിന്റെയും ജീവൻ രക്ഷിക്കാനായില്ല.
ഗീതയാണ് അനിൽകുമാറിന്റെ ഭാര്യ. മക്കൾ: അരുണ്‍, ആതിര. ജയൻ അവിവാഹിതനാണ്. അമ്മ: സുലേചന. സഹോദരങ്ങൾ: രവി, രജനി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടേയും സംസ്കാരം ഇന്ന് നടക്കും.